കായംകുളത്ത് 2019ല്‍ സിപിഎമ്മിന്റെ എ എം ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി; ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി; ബിപിന്‍ സി ബാബുവിന്റെ ലക്ഷ്യം കായംകുളത്തെ മത്സരം; ആലപ്പുഴ വിടുമോ ശോഭ?

Update: 2024-12-01 08:08 GMT

ആലപ്പുഴ: കായംകുളത്ത് നിയമസഭയില്‍ മത്സരിക്കാനുള്ള ശോഭാ സുരേന്ദ്രന്‍ മോഹം നടക്കുമോ? ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കായംകുളം നിയമസഭാപരിധിയില്‍ സി.പി.എം. മൂന്നാമതായിരുന്നു. ബി.ജെ.പി.യാണ് രണ്ടാമതെത്തിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടു ചോര്‍ച്ചയുണ്ടായി. വോട്ടുകളുടെ സാമുദായികധ്രുവീകരണവും ഇതിനു കാരണമായി. ശോഭയും കായംകുളത്തെ പ്രതീക്ഷയോടെ കണ്ടു. ഇതിനിടെയാണ് സിപിഎമ്മില്‍ നിന്നും ബിപിന്‍ സി ബാബു ബിജെപിയില്‍ എത്തുന്നത്. അടുത്തതവണ കായംകുളത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ ബിപിന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണു സൂചന. അങ്ങനെ എങ്കില്‍ ശോഭയുടെ കായംകുളം മോഹത്തിന് കടുത്ത വെല്ലുവിളിയാകും. ആലപ്പുഴയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഹരിപ്പാട്ട് മത്സരിക്കേണ്ടി വരും. ഇത് രമേശ് ചെന്നിത്തലയുടെ സിറ്റിംഗ് സീറ്റാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ അമ്പരപ്പ് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ധ്രുവീകരണത്തില്‍ ബിജെപി വോട്ടുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന് കാരണം ശോഭാ സുരേന്ദ്രന്‍ ഇഫക്ടായിരുന്നു. ശോഭയുടെ പ്രചാരണം കൂടുതല്‍ കേന്ദ്രീകരിച്ചതു ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, അമ്പലപ്പുഴ മേഖലകളിലാണ്. അതു വോട്ടിലും പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടരുമെന്നും ശോഭ പറഞ്ഞിരുന്നു. എന്നാല്‍ ബിപിന്‍ സി ബാബു ബിജെപിയിലേക്ക് വരുമ്പോള്‍ ശോഭയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാകും.

സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിന്റെ അമ്മ. ഇവര്‍ നേരത്തെ ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതു സിപിഎമ്മില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ബിപിന്‍ അപ്രതീക്ഷിതമായി ബിജെപി പാളയത്തിലെത്തുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക വാങ്ങിയും ബിപിന്‍ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. പാര്‍ട്ടി വിടുന്നെന്നു പറഞ്ഞു ബിപിനും മാതാവ് കെ.എല്‍.പ്രസന്നകുമാരിയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തു നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. പിന്നീടു മന്ത്രി സജി ചെറിയാന്‍ ഇടപെട്ടു പരിഹാരശ്രമം നടത്തി. തുടര്‍ന്നു പ്രസന്നകുമാരി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തു. ബിപിനും തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങി. ബിപിന്റെ നാടായ പത്തിയൂരില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു. പത്തിയൂരിലെ ഒരു വാര്‍ഡില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ ഫലം ഇനിയുള്ള ബിജെപി രാഷ്ട്രീയത്തേയും സ്വാധീനിക്കും.

2019ലെ തിരഞ്ഞെടുപ്പില്‍ 17.22% ആയിരുന്ന എന്‍ഡിഎയുടെ വോട്ടുവിഹിതം ശോഭ 28.3% ആക്കി. അതോടെ, സംസ്ഥാനത്ത് എന്‍ഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായി ആലപ്പുഴ. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ ഏറ്റവും ആഘാതമേറ്റത് എല്‍ഡിഎഫിനാണ് കുറഞ്ഞത് 8.7% വോട്ടുകള്‍. വിജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലും 1.74 ശതമാനത്തിന്റെ കുറവുണ്ടായി. 2014 ലെ തിരഞ്ഞെടുപ്പില്‍ 4.31% ആയിരുന്ന വോട്ടു വിഹിതം 2019ല്‍ 17.22% ആയി 12.91% വര്‍ധന. എന്നാല്‍ ഇത്തവണ ശോഭ സുരേന്ദ്രന്‍ മൂന്നു ലക്ഷത്തിനടുത്ത് വോട്ടു നേടി. 2 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തളളി രണ്ടാമതുമെത്തി. ഹരിപ്പാടും കായകുളത്തുമാണ് രണ്ടാമത് എത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശോഭ സുരേന്ദ്രന്റെ വരവും തീരദേശം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സാഹചര്യം കൂടുതല്‍ അനുകൂലമാക്കി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടും '19 ല്‍ ആറ്റിങ്ങലിലും സമാനമായ പ്രകടനം നടത്തി മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട് ശോഭ. 2009 ല്‍ ബിജെപി 68,804 വോട്ട് നേടിയ പാലക്കാട് മണ്ഡലത്തില്‍ 2014ല്‍ ശോഭ നേടിയത് 1,57,553 വോട്ട്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 90,528 വോട്ട് മാത്രം നേടിയ ആറ്റിങ്ങലില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ നേടിയത് 2,48,081 വോട്ട്. ആലപ്പുഴയിലെ വോട്ട് വിഹിതം പത്തു വര്‍ഷത്തിനിടെ 28.3% ആയി ഉയര്‍ന്നത് എന്‍ഡിഎ നേതൃത്വം പ്രതീക്ഷയോടെയാണു കാണുന്നത്.

കായംകുളത്ത് 2019ല്‍ സിപിഎമ്മിന്റെ എ എം ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി. വേണുഗോപാല്‍-50216, എ എം ആരിഫ്-48020, ശോഭാ സുരേന്ദ്രന്‍-48775 എന്നിങ്ങനെയാണ് വോട്ടുകിട്ടിയത്. അതായത് ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി. കഴിഞ്ഞപ്രാവശ്യം ആരിഫിന് 62,370 വോട്ട് ലഭിച്ചിരുന്നതാണ്. കെസിയുമായുള്ളത് വെറും 1400ഓളം വോട്ടിന്റെ വ്യത്യാസം. ഹരിപ്പാട് മണ്ഡലത്തില്‍ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കില്‍ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാല്‍, എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാള്‍ കൂടുതല്‍ ശോഭാ സുരേന്ദ്രന്‍ പിടിച്ചു.

ചേര്‍ത്തലയില്‍ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിന് ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി. കരുനാഗപ്പള്ളിയില്‍ വെറും 191 വോട്ടിന്റെ വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്. അമ്പലപ്പുഴയിലാകട്ടെ ഇത് 110 ഉം. ഇതു കൊണ്ടാണ് കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ശോഭ തീരുമാനിച്ചതിന് പിന്നിലെ കാരണം. ഹരിപ്പാടും പ്രതീക്ഷ വച്ചു. ഇതിനിടെയാണ് ബിപിന്‍ ബിജെപിയില്‍ എത്തുന്നത്.

Tags:    

Similar News