സുഭാഷിനെ പിന്‍വലിച്ച് ബിജെപിക്കൊപ്പം ഇല്ലെന്ന സന്ദേശം ആര്‍ എസ് എസ് നല്‍കിയത് ആരും മുഖവിലയ്ക്ക് എടുത്തില്ല; ആര്‍ എസ് എസിനെ രണ്ടു പ്രാന്തമാക്കിയതോടെ പരിവാറിന് മുകളില്‍ 'ഞങ്ങള്‍ വളര്‍ന്നു' എന്ന് കുരുതിയ നേതാക്കള്‍ക്കുള്ള തിരിച്ചടി; ചേലക്കരയില്‍ വോട്ടുയര്‍ന്നപ്പോള്‍ 'എ ക്ലാസില്‍' വോട്ടു ഇടിഞ്ഞു; പാലക്കാടന്‍ മിന്നലില്‍ കെ സുരേന്ദ്രന്‍ ഞെട്ടുമ്പോള്‍
പാലക്കാട്: ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് പാലക്കാട് വോട്ടു കുറഞ്ഞു. ഇതോടെ ആര്‍ എസ് എസ് നിസ്സഹകരണമാണ് പരിവാര്‍ കേന്ദ്രങ്ങളില്‍ ചര്‍ച്ച. ആര്‍ എസ് എസ് വികാരം പരമാവധി ഉയര്‍ത്താന്‍ ബലി ദാനികളെ പോലും സി കൃഷ്ണകുമാര്‍ ചര്‍ച്ചയാക്കി. പക്ഷേ അന്തിമ വിശകലനത്തില്‍ ഇതൊന്നും വോട്ടായി മാറിയില്ല. ബിജെപിയുടെ മുന്‍ സെക്രട്ടറിയായ എന്‍ ശിവരാജന്റെ മേഖലയില്‍ മാത്രമാണ് കൃഷ്ണകുമാര്‍ വോട്ടു പിടിച്ചത്. ബാക്കി മേഖലയില്‍ എല്ലാം പിന്നോക്കം പോയി. അതായത് ശോഭാ സുരേന്ദ്രന് പരസ്യമായി പിന്തു പ്രഖ്യാപിച്ച ശിവരാജന്‍ പഴി കേള്‍ക്കാതിരിക്കാന്‍ തന്റെ മേഖലയില്‍ പരമാവധി വോട്ടുറപ്പാക്കി. പക്ഷേ ബാക്കി ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു. ബിജെപിയും ആര്‍ എസ് എസും തമ്മില്‍ കുറച്ചു കാലമായി അകല്‍ച്ചയിലാണ്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ സുഭാഷിനെ പിന്‍വലിച്ചപ്പോള്‍ തുടങ്ങിയ പ്രതിസന്ധി ഇപ്പോഴും തുടരുന്നു. ഇതാണ് കൃഷ്ണകുമാറിന്റെ വോട്ടു കുറവില്‍ നിര്‍ണ്ണായകമായതെന്ന വിലയിരുത്തല്‍ സജീവമാണ്.
ആര്‍ എസ് എസ് രണ്ടു പ്രാന്തകളാണ് കേരളത്തില്‍ ഇപ്പോള്‍. ബിജെപിയ്ക്ക് ഒറ്റ സംഘടനാ സംവിധാനവും. അതുകൊണ്ട് തന്നെ ആര്‍ എസ് എസ് നേതൃത്വത്തെ പഴയതു പോലെ അനുസരിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ച കേരളത്തില്‍ ഒരു വിഭാഗം ബിജെപിക്കാരില്‍ സജീവമായിരുന്നു. ഇതിനുള്ള വിലയാണ് പാലക്കാട്ടെ വലിയ തോല്‍വിയെന്നതാണ് വസ്തുത. തിരുവില്വാമലയിലെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്ന ബാലകൃഷ്ണന് വേണ്ടി ആര്‍ എസ് എസ് ചേലക്കരയില്‍ അഹോരാത്രം പണിയെടുത്തു. അതിന്റെ വോട്ടുയര്‍ച്ച ചേലക്കരയില്‍ പ്രതിഫലിച്ചു. എന്നാല്‍ പാലക്കാട് വോട്ടു കുറഞ്ഞു. ഇതും ആര്‍ എസ് എസ് പ്രതികാരമെന്ന് ബിജെപിയിലെ ഔദ്യോഗികക്കാര്‍ തിരിച്ചറിയുന്നുണ്ട്. ആര്‍ എസ് എസ് പ്രചരണത്തിന് ഇറങ്ങിയാല്‍ വോട്ടു കൂടുമെന്ന സന്ദേശമാണ് ചേലക്കരയിലെ വോട്ടുയര്‍ച്ചയിലൂടെ ആര്‍ എസ് എസ് സുരേന്ദ്രനും കൂട്ടര്‍ക്കും നല്‍കിയത്. ആര്‍ എസ് എസിന് മുകളില്‍ 'ഞങ്ങള്‍ വളര്‍ന്നു' എന്ന് കരുതിയവര്‍ക്കുള്ള തിരിച്ചടിയായി കൃഷ്ണകുമാറിന്റെ തോല്‍വിയെ പരിവാറുകാര്‍ തന്നെ കാണുന്നുണ്ട്. ബിജെപിയില്‍ ആര്‍ എസ് എസ് ഇനി കൂടുതല്‍ പിടിമുറുക്കാനും ശ്രമിക്കും. ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയ ശേഷം പ്രവര്‍ത്തനത്തിന് ഞങ്ങളെ കിട്ടില്ലെന്ന സന്ദേശം കൂടിയാണ് ബിജെപിക്ക് ഇതിലൂടെ ആര്‍ എസ് എസ് നല്‍കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം സംഘടനാ ജനറല്‍ സെക്രട്ടറി പദത്തില്‍ ആര്‍ എസ് എസുകാരനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. പിപി മുകുന്ദനും ഉമാകാന്തനും സുഭാഷിനും ശേഷം ആ പദവിയിലെത്തിയത് സുഭാഷായിരുന്നു. ബിജെപിയെ ഒരുമിച്ചു കൊണ്ടു പോകാന്‍ സുഭാഷ് ശ്രമിച്ചു. സന്ദീപ് വാര്യരടക്കം ഇടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ സജീവമായത് സുഭാഷിന്റെ ഇടപെടലിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സുഭാഷ് ആര്‍ എസ് എസിലേക്ക് മടങ്ങി. ഇതോടെ ആര്‍ എസ് എസ്-ബിജെപി ഏകോപനം ഇല്ലാതെയായി. ഇതും പാലക്കാട്ടെ തോല്‍വിയില്‍ നിര്‍ണ്ണായകമായി. ഒരു പ്രത്യേക ഗ്രൂപ്പ് മാത്രമായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദേശീയ നേതൃത്വത്തിന്റെ അതൃപ്തി ഭയന്ന് മറ്റു നേതാക്കളെല്ലാം വല്ലപ്പോഴും വന്നു പോയി. അതിന് അപ്പുറം അവരാരും കാര്യമായ ഇടപെടല്‍ നടത്തിയതുമില്ല. കഷ്ടിച്ചാണ് ബിജെപി മൂന്നാം സ്ഥാനം ഒഴിവാക്കിയത്. എന്നാല്‍ തൊട്ടടുത്തുളള ചേലക്കരയില്‍ വോട്ടുയര്‍ത്തുകയും ചെയ്തു. അതിന് കാരണവും ആര്‍ എസ് എസ് വോട്ടു പിടിത്തമാണെന്ന് പകല്‍ പോലെ വ്യക്തം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് ജയിച്ച് എംഎല്‍എ ആയ ഷാഫി പറമ്പില്‍ വടകര ജയിച്ച് എംപിയായതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. ഇതോടെ എ ക്ലാസ് മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ വീണുകിട്ടിയ സുവര്‍ണാവസരം മുതലെടുക്കാന്‍ ബിജെപി കരുക്കള്‍ നീക്കി. കൃഷ്ണകുമാറിനെ തന്നെ അവര്‍ സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ 2021-ല്‍ വ്യക്തിപ്രഭാവത്തില്‍ ശ്രീധരനുണ്ടാക്കിയ നേട്ടം കൊയ്യാന്‍ കൃഷ്ണകുമാറിനായില്ല. കഴിഞ്ഞ തവണ ഇ ശ്രീധരന്‍ 50220 വോട്ടുകള്‍ പിടിച്ച സ്ഥാനത്ത് സി കൃഷ്ണകുമാറിന് കിട്ടിയതാകട്ടെ 40000ത്തോളം വോട്ടുകള്‍ മാത്രം. ബിജെപി സംസ്ഥാന സമിതി അംഗവും പാലക്കാട് ജില്ലക്കാരന്‍ കൂടിയായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയായി. മണ്ഡലത്തില്‍ ബിജെപിയില്‍ തലയെടുപ്പുള്ളവര്‍ സ്ഥാനാര്‍ഥികളായി വരുമ്പോഴൊക്കെ വോട്ട് വിഹിതം വലിയ തോതില്‍ കൂടാറുണ്ട്. ആ തലയെടുപ്പ് ഇത്തവണ ബിജെപി കൈവിട്ടു. അങ്ങനെ തോല്‍വിയും ചോദിച്ചു വാങ്ങി.
1970 ല്‍, അന്നത്തെ ജനസംഘം സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിന് 27.42 ശതമാനം വോട്ട് ഷെയറുണ്ടായിരുന്നു പാലക്കാട്ട്. സിപിഎം സ്ഥാനാര്‍ഥി ആര്‍ കൃഷ്ണനാണ് അന്ന് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയതില്‍ കൂടുതല്‍ വോട്ടു വിഹിതം പിന്നെ ബിജെപി മുന്നണി നേടുന്നത് 2016 ല്‍ ശോഭാ സുരേന്ദ്രനിലൂടെയാണ്. ഇടയ്ക്ക് 2006 ല്‍ രാജഗോപാല്‍ പാലക്കാട്ട് നേടിയത് 24.84 ശതമാനം വോട്ടാണ്. 2021 ല്‍ മെട്രോമാന്‍ മത്സരിച്ചപ്പോള്‍ വോട്ടുയര്‍ച്ച ക്രമാതീതമായി. അതാണ് കൃഷ്ണകുമാര്‍ തുലയ്ക്കുന്നത്. തനിക്ക് വേണ്ടി ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സന്ദേശം നല്‍കാന്‍ സൈബര്‍ പോരാളികളിലൂടെ കൃഷ്ണകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. മെട്രോ മാനിന് വേണ്ടി കാട്ടിയ കരുതലൊന്നും പാലക്കാട് ആര്‍ എസ് എസ് കൃഷ്ണകുമാറിന് വേണ്ടി നടത്തിയില്ല. ഇതിന് തെളിവാണ് പരിവാര്‍ മേഖലയിലെ വോട്ടു ചോര്‍ച്ച.
ആദ്യം എണ്ണിത്തുടങ്ങിയത് പാലക്കാട് നഗരസഭയിലെ വോട്ടുകളായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രം. അവിടെ ലീഡ് പിടിക്കാന്‍ സാധിച്ചെങ്കിലും കഴിഞ്ഞ തവണ നേടിയ അത്രത്തോളം വോട്ടുകള്‍ നഗരസഭാ പരിധിയില്‍ ബിജെപി അക്കൗണ്ടില്‍ വീണില്ല. തുടര്‍ന്നിങ്ങോട്ട് തങ്ങളുടെ ശക്തികേന്ദ്രമായ പിരായിരിയില്‍ ശക്തമായ മുന്നേറ്റം നടത്തിയതോടെ കാര്യങ്ങള്‍ രാഹുലിന് അനുകൂലമായി. ഇടതിന് ആധിപത്യമുള്ള കണ്ണാടിയിലും മാത്തൂരും വലതിനൊപ്പം നിന്നതോടെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും രാഹുല്‍ പോക്കറ്റിലാക്കി. അങ്ങനെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടി.