സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവ്; കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാന് എന്‍എസ്എസും എസ്എന്‍ഡിപിയുമായി അടുത്ത ബന്ധം; ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരന്‍; ഗ്രൂപ്പു പോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയെ ശുദ്ധിയാക്കാന്‍ ചരിത്ര നിയോഗം; രാജീവ് ചന്ദ്രശേഖര്‍ക്ക് മാറ്റമുണ്ടാക്കാനാകുമോ?
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭയില്‍ ശശി തരൂരിനെതിരെ വീറോടെയാണ് രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചത്. എന്‍ എസ് എസ് വോട്ടു ബാങ്കില്‍ വലിയ നുഴഞ്ഞു കയറ്റമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. എന്‍ എസ് എസ് നേതൃത്വത്തെ കൂടെ നിര്‍ത്തിയ രാജീവ് തന്ത്രം കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരുന്നു. എന്‍ എസ് എസിന് തിരുവനന്തപുരത്ത് സ്വന്തമായി സൈനിക സ്‌കൂള്‍ അനുവദിച്ച കേന്ദ്ര നീക്കം അടക്കം അതീവ രഹസ്യമായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ച രാജീവിന് എസ് എന്‍ ഡി പി വോട്ടുകളേയും ചേര്‍ത്ത് നിര്‍ത്താനായി. ക്രൈസ്തവ സഭകള്‍ക്കും രാജീവിനോട് നല്ല മതിപ്പ്. ബിജെപിയുടെ കേരളാ മോഹങ്ങളില്‍ അതിനിര്‍ണ്ണായകമാണ് ഈ മൂന്ന് വോട്ട് ബാങ്കുകളും. ഇവയില്‍ സ്വാധീനം ചെലുത്താനാകുമെന്നതാണ് രാജീവിന് നിര്‍ണ്ണായകമായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസമാണ് മുമ്പോട്ട് പോകലിന് തടസ്സമെന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞു. ഇതാണ് രാജീവിന് തുണയായി മാറിയതും.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചു. ഇതു കേട്ട് കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ പോലും അമ്പരന്നു. ആര്‍ എസ് എസ് നേതൃത്വത്തോടും രാജീവാകും നേതാവെന്ന സൂചന നല്‍കിയിരുന്നു. അവരും പച്ചക്കൊടി നല്‍കി. ബിജെപിയ്ക്ക് പുതിയ സംഘടനാ ജനറല്‍ സെക്രട്ടറിയേയും നല്‍കിയേക്കും. എ ജയകുമാര്‍ അടക്കമുളളവരെ ഇതിനായി പരിഗണിക്കുന്നുണ്ട്. പ്രകാശ് ജാവേക്കറാണ് രാജീവിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. തിങ്കളാഴ്ച 11-ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തില്‍നിന്നുള്ള ദേശീയകൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ് ചന്ദ്രശേഖര്‍. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാന് എന്‍എസ്എസും എസ്എന്‍ഡിപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍യ ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരനായ നേതാവെന്നതും ദേശീയ നേതൃത്വം പ്രധാന്യത്തോടെ എടുത്തു.
മൂന്നുതവണ കര്‍ണ്ണാടകയില്‍ നിന്ന് രാജ്യസഭാംഗമായിട്ടുള്ള രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഐടി, സ്‌കില്‍, ഇലക്ട്രോണിക്സ് മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു. രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയുമായി. നിസാര വോട്ടുകള്‍ക്ക് അദ്ദേഹം ശശി തരൂരിനോട് പരാജയപ്പെട്ടതെങ്കിലും കേരളാ രാഷ്ട്രീയത്തിലേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രവേശനമായി തെരഞ്ഞെടുപ്പ് പോരാട്ടം മാറി. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന അധ്യക്ഷ പദവി ലബ്ദിയും. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ പുതിയൊരു മുഖം അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരോട് എതിര്‍പ്പുള്ള ഒരുവിഭാഗം നേതാക്കള്‍ രാജീവ് ചന്ദ്രശേഖര്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് വരുന്ന 5 വര്‍ഷവും കാണുമെന്നു പറഞ്ഞ രാജീവ്, മത്സരഫലം പുറത്തുവന്നതോടെ പാര്‍ട്ടിയുമായി അകന്നിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുന്‍പ്, 'പൊതു പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു' എന്ന രാജീവിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് പിന്നീട് സജീവമായത്. തിരുവനന്തപുരം നഗരത്തില്‍ സ്വന്തം വസതി വാങ്ങിയ രാജീവ്, മാസത്തില്‍ ഏഴ് ദിവസമെങ്കിലും തിരുവനന്തപുരത്ത് ചെലവിടുന്നുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാര്‍ലമെന്റ് മണ്ഡലം 2029ല്‍ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടല്‍. തരൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് രാജീവ് കളം നിറയുന്നതെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. 2026ല്‍ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് തരൂരിനെക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകള്‍ രാജീവ് നേടിയിരുന്നു. ശശി തരൂര്‍ 39,101 നേടിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ 61,227 വോട്ടുകളാണ് നേമത്ത് നേടിയത്.
കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും സംസ്ഥാനത്ത് സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കളെ അറിയിച്ചിരുന്നു. എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന നിലപാടിലാണ് ബിജെപി ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവന്‍ പേരെയും നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കാനാണ് പദ്ധതി. ഇതിനു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിനു കഴിയുമെന്നാണ് കണക്കുക്കൂട്ടല്‍.