തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ; ബിജെപി മിന്നും പോരാട്ടത്തില്‍ ജയിച്ചത് 50 സീറ്റില്‍; താമര വിരിയുമെന്ന് ഉറപ്പിക്കുമ്പോഴും കോട്ടയില്‍ വീണു താമര; തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹ്യ വിനയായി; തൃക്കണ്ണാപുരം ബിജെപിയെ കൈവിട്ടു; ആ സീറ്റ് കൂടി ജയിച്ചിരുന്നുവെങ്കില്‍ എന്നോര്‍ത്ത് പരിവാറുകാര്‍; എംഎസ് കുമാര്‍ ഫാക്ടര്‍ ദോഷമായില്ല; അനന്തപുരിയില്‍ കാവി ഭരണം
തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജയിക്കുമ്പോഴും ശക്തികേന്ദ്രത്തില്‍ ബിജെപി തോറ്റു. തൃ്കണ്ണാപുരം വാര്‍ഡിലെ തോല്‍വിയാണ് ബിജെപിക്ക് 51 സീറ്റെന്ന കേവല ഭൂരിപക്ഷം നിഷേധിക്കുന്നത്. തിരുവനന്തപുരത്തെ ഒരു വാര്‍ഡില്‍ വോട്ടെടുപ്പ് നടന്നിട്ടില്ല. 100 വാര്‍ഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 50ല്‍ ബിജെപി ജയിച്ചു. അപ്പോഴും തദ്ദേശതെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിന്‍ ആണ് വിജയിച്ചത്. പുന്നക്കാമുകള്‍ വാര്‍ഡിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ജീവനൊടുക്കുന്നത്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിമത സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരത്ത് നിന്നിരുന്നു. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെന്നുള്ള ആത്മഹത്യ കുറിപ്പ് അന്ന് പുറത്തുവന്നിരുന്നു. സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പരിഗണിച്ചില്ലെന്ന് അനന്ദ് പറഞ്ഞിരുന്നു. തന്നെ അവഗണിച്ച് മണ്ണ് മാഫിയക്കാരനായ ആളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയെന്നും അന്ന് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതില്‍ മനനൊന്താണ് ആത്മഹത്യയെന്ന് ആനന്ദിന്റെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. തന്റെ ഭൗതികശരീരം കാണാന്‍ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും അനുവദിക്കരുതെന്നും ആനന്ദ് പറഞ്ഞിരുന്നു. ഈ വാര്‍ഡിലാണ് ബിജെപി തോല്‍ക്കുന്നത്. തിരുമല അനില്‍ എന്ന ബിജെപി നേതാവിന്റെ ആത്മഹത്യയും ഏറെ ചര്‍ച്ചയായിരുന്നു. തിരുമല വാര്‍്ഡ് വനിതാ സംവരണമായി. ഇതോടെ തിരുമല അനിലും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നത് തൃക്കണ്ണാപുരത്തായിരുന്നു. ഇതിനിടെയാണ് അനില്‍ ആത്മഹത്യ ചെയ്തത്. ഇതോടെ ആ വാര്‍ഡില്‍ ആനന്ദ് മത്സരിക്കാന്‍ ആഗ്രഹിച്ചു. അതും നടന്നില്ല. രണ്ട് ആത്മഹത്യകളും ഉരുക്കു കോട്ടയെന്ന് ബിജെപി കരുതിയ തൃക്കണ്ണാപുരത്ത് തോല്‍വിയായി മാറി.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കയ്യിലുണ്ടായിരുന്നത് വെറും ഏഴ് സീറ്റുകള്‍ മാത്രം. 2020 ല്‍ കിട്ടിയത് 35 സീറ്റുകള്‍ . അവിടെ നിന്നും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം . ഇന്ന് അത് എത്തിനില്‍ക്കുന്നത് തലസ്ഥാനനഗരിയുടെ അമരത്തേയ്ക്ക് . പറഞ്ഞ് പഴകിയ വികസനവാക്കുകളല്ല , മറിച്ച് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വച്ചത് . കൃത്യമായ സ്ഥാനാര്‍ത്ഥികളും, പ്രചാരണവും, ഒരിടത്തും പിഴവുണ്ടായില്ല. ഭരണ വിരുദ്ധതരംഗവും ചേര്‍ന്നപ്പോള്‍ അനന്തപുരിയില്‍ താമര വിരിഞ്ഞു. തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കാന്‍ ഒരു ബിജെപി മേയര്‍ എത്തുന്നത് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ സ്വപ്നമാണ്. 7 സീറ്റില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് ഒറ്റയ്ക്ക് കേരളത്തിന്റെ തലസ്ഥാന നഗരം ഭരിക്കാനുള്ള ശക്തിയായി മാറിയതിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയുണ്ട്.
വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ പള്‍സ് മനസ്സിലാക്കിയുള്ള പ്രചാരണമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി നടത്തിയത്. പ്രവര്‍ത്തന മികവും, ജനപരിചയവും ഒത്തുചേര്‍ന്നവരെയാണ് ബിജെപി അങ്കത്തിനിറക്കിയത് . ശ്രീലേഖയും, വിവി രാജേഷും അടക്കമുള്ളവരെ ജനം നെഞ്ചേറ്റിയതോടെ 50 സീറ്റുകള്‍ എന്‍ ഡിഎ കൈപ്പിടിയില്‍ ഒതുക്കി. അപ്പോഴും ശക്തിദുര്‍ഗ്ഗമായ തൃക്കണ്ണാപുരത്ത് അടിതെറ്റി. ഇതിന് കാരണം രണ്ട് ആത്മഹത്യകളാണ്. ഇതിനിടെ സഹകരണ ചതിയില്‍ എംഎസ് കുമാര്‍ ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതൊന്നും ബിജെപി മുന്നേറ്റത്തെ തടഞ്ഞില്ല. ബിജെപി ജയിക്കുമ്പോഴും പേട്ടയില്‍ പി അശോക് കുമാര്‍ തോറ്റു. സിപിഎമ്മിന്റെ ഉരുക്കു കോട്ട പിടിക്കാനായിരുന്നു പേട്ടയില്‍ അശോക് കുമാറിന്റെ ദൗത്യം. തിരുവനന്തപുരത്തെ ബിജെപിയുടെ ആദ്യ കൗണ്‍സിലറാണ് അശോക് കുമാര്‍.
തിരുവനന്തപുരത്തിനൊപ്പം ചരിത്രത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തു. പാലക്കാട് നഗരസഭയ്ക്ക് പിന്നാലെയാണ് തൃപ്പൂണിത്തുറ നഗരസഭയിലും എന്‍ഡിഎ ഭരണം കയ്യടക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎയുടെ വിജയം. 21 സീറ്റുകള്‍ എന്‍ഡിഎ നേടിയപ്പോള്‍ 20 സീറ്റുകളാണ് എല്‍ഡിഎഫ് ഇത്തവണ നേടിയത്. യു.ഡി.എഫ് 16 സീറ്റുകളിലൊതുങ്ങി. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എല്‍ഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയില്‍ നടത്തിയത്.
പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിര്‍ത്തിയിരുന്നു. എന്‍ഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എല്‍ഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയില്‍ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.
