തുടര്‍ച്ചയായ ഏഴാം ഏഴാം വിജയവുമായി ചേലക്കരയെ ചുവപ്പിച്ച് സിപിഎം; കെ രാധാകൃഷ്ണന്‍ ഇഫക്ടില്‍ തുടങ്ങി ജയത്തുടര്‍ച്ച പ്രദീപിനും ആവര്‍ത്തിക്കാനായി; 2019ലെ അത്ഭുത വോട്ടുയര്‍ച്ച 2024ല്‍ ആവര്‍ത്തിക്കാന്‍ രമ്യാ ഹരിദാസിന് കഴിഞ്ഞില്ല; പാട്ടു പാടി ജയിച്ച് പ്രദീപ്; ചേലക്കരയില്‍ ചിരിക്കുന്നത് രാധാകൃഷ്ണന്‍

Update: 2024-11-23 05:37 GMT

പാലക്കാട്: അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ ചേലക്കരയിലെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലം. മുമ്പ് ഇടത്തോട്ടും വലത്തോട്ടും ചായാന്‍ മടികാണിക്കാത്ത ചേലക്കര കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ട് ഇടതുകോട്ടയാണ്. കെ രാധാകൃഷ്ണന്‍ ഇഫക്ടായിരുന്നു ഇതിന് കാരണം. മണ്ണിന്റെ മകന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംശുദ്ധികൊണ്ടു വന്നപ്പോള്‍ ചേലക്കര സിപിഎമ്മിനൊപ്പം നിന്നു. ഇതിനിടെയില്‍ ഒരിക്കല്‍ മണ്ണിന്റെ മണമുള്ള യുആര്‍ പ്രദീപിനേയും വിജയിപ്പിച്ചു. കഴിഞ്ഞ തവണ വീണ്ടും കെ രാധാകൃഷ്ണന്‍ ജയിച്ചു. മന്ത്രിയായി. രാധാകൃഷ്ണന്‍ ആലത്തുരീല്‍ നിന്നും എംപിയായി. ഇതോടെ ഉപതിരഞ്ഞെടുപ്പ്. വീണ്ടും പ്രദീപ്. എന്തുവിലകൊടുത്തും ആ കോട്ട പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു കോണ്‍ഗ്രസ്. പക്ഷേ ചേലക്കരയില്‍ ജയം സിപിഎമ്മിനായി മാറി.

ഉപതെരഞ്ഞെടുപ്പിലും ഇളകാത്ത ഇടതുകോട്ടയായി ചേലക്കര നില്‍ക്കുകയാണ്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേര്‍ വോട്ട് ചെയ്തപ്പോള്‍ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകളായിരുന്നു. വോട്ട് ചെയ്തവരില്‍ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും. 2021ല്‍ 77.40 ശതമാനമായിരുന്നു പോളിങ്. തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. പട്ടികജാതി സംവരണ മണ്ഡലമാണ്.

തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടുന്ന മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എം.എല്‍.എ യു.ആര്‍ പ്രദീപിനെയാണ് സി.പി.എം കളത്തിലിറക്കിയത്. മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ആലത്തൂരില്‍ രാധകൃഷ്ണനോട് പരാജയപ്പെട്ട മുന്‍ എം.പി രമ്യ ഹരിദാസിനെ തന്നെയാണ് കോണ്‍ഗ്രസ് ചേലക്കര പിടിക്കാന്‍ ഗോദയിലിറക്കി. 2019-ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ഇത്തവണ ആവര്‍ത്തിക്കാനായില്ല. തുടര്‍ച്ചയായ ഏഴാം വിജയമാണ് ചേലക്കരയില്‍ സിപിഎം നേടുന്നത്. കെ രാധാകൃഷ്ണനും നിര്‍ണ്ണായകമായിരുന്നു പ്രദീപിന്റെ വിജയം. മണ്ഡലത്തിലെ പ്രചരണത്തില്‍ രാധാകൃഷ്ണന്‍ സജീവമായിരുന്നില്ലെന്ന് പോലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. ഇത് പക്ഷേ ഉണ്ടായില്ലെന്ന് തെളിയിക്കുകയാണ് ഫലം.

മണ്ഡലരൂപീകരണത്തിന് ശേഷം ചേലക്കരയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. കന്നിയങ്കത്തില്‍ സി.പി.എമ്മിലെ സി.കെ ചക്രപാണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തിലെ ആദ്യ എം.എല്‍.എയായി. വെറും 106 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ചേലക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമാണത്. 1967 ല്‍ നടന്ന രണ്ടാമങ്കത്തില്‍ ബാലകൃഷ്ണന് അടിതെറ്റി.സി.പി.എമ്മിലെ പി കുഞ്ഞന്‍ 2052 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. എന്നാല്‍ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1970, 1977,1980 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ കെ.എസ് ശങ്കരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

രണ്ട് പതിറ്റാണ്ടിനിപ്പുറം 1982-ലാണ് സി.പി.എം മണ്ഡലത്തില്‍ വീണ്ടും ജയിക്കുന്നത്. കോണ്‍ഗ്രസിലെ ടി.കെ.സി വടുതലയെ 2123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി.കെ ചക്രപാണി ചേലക്കര ചുവപ്പിച്ചു. 1987 ല്‍ ഡോ.എം.എ കുട്ടപ്പനും 1991 ല്‍ എം.പി താമിയും കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു. എം.എ കുട്ടപ്പന്‍ സി.പി.എമ്മിലെ കെ.വി പുഷ്പയെ 7751 വോട്ടുകള്‍ക്കും എം.പി താമി 4361 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനേയും തോല്‍പ്പിച്ചു. 1996-ല്‍ കെ.രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ ടി.എ രാധാകൃഷ്ണനെ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്‍ മറികടന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. 1996-ലെതുള്‍പ്പെടെ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ രാധാകൃഷ്ണന്‍ ജയിച്ചു. ഒരു കോണ്‍ഗ്രസ് മണ്ഡലമെന്ന നിലയില്‍ നിന്ന് ചുവപ്പുകോട്ടയായി ചേലക്കരയുടെ ചരിത്രം വഴി മാറി. 2016-ല്‍ രാധാകൃഷ്ണന് പകരം യു.ആര്‍ പ്രദീപാണ് ജയിച്ചത്.

2024-ല്‍ ചേലക്കരയില്‍ നിന്ന് 5000-ലധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. 2019-ല്‍ 23,000 വോട്ടുകളുടെ വന്‍ ലീഡ് അന്ന് കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ രമ്യ ഹരിദാസിന് ലഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കാനാകുമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇത്തവണ കോണ്‍ഗ്രസ്. പക്ഷേ പ്രദീപിന്റെ ജനകീയ മുഖം രമ്യാ ഹരിദാസിന് തിരിച്ചടിയായി.

Tags:    

Similar News