ബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്നേഹത്തിന്റെ കടയിലേക്ക്! ഈ കോണ്‍ഗ്രസ് പോസ്റ്റിന് പിന്നാലെ ആ സികെപി പറന്നത് വിയറ്റ്‌നാമിലേക്കോ? തിരിച്ചെത്തിയത് പാലക്കാടന്‍ ഫലം വന്ന ശേഷവും; പറന്നെത്തി ആദ്യ വെടി സുരേന്ദ്രനെതിരെ; വേണ്ടത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമെന്നും ഉപദേശം; സികെപി ബിജെപി വിടില്ലെന്ന് ഉറപ്പാകുമ്പോള്‍

Update: 2024-11-24 06:55 GMT

കണ്ണൂര്‍: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുന്‍ പ്രസിഡന്റ് സികെ പത്മനാഭന്‍. സ്വയം വിമര്‍ശന പരമാണ് വാക്കുകള്‍. കേരളത്തില്‍ ബിജെപി ഒരിടത്തും എത്തിയിട്ടില്ലെന്നും നേതാക്കള്‍ ഈഗോ അവസാനിപ്പിക്കണമെന്നും സി.കെ. പത്മനാഭന്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ബിജെപി ഒറ്റക്കെട്ടല്ലെന്ന കുറ്റപ്പെടുത്തലും സികെപി നടത്തുന്നു. പാലക്കാട്ടെ തിരഞ്ഞെടുപ്പ് കാലത്ത് സികെപി എന്ന പേരും കോണ്‍ഗ്രസിന്റെ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചിരുന്നു. സികെപി കോണ്‍ഗ്രസിലെത്തുമെന്നായിരുന്നു ഒരു പോസ്റ്റ്. ആ കോണ്‍ഗ്രസ് നീക്കം പാളിയത് വിശദീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പോസ്റ്റിട്ടിരുന്നു. അന്നൊന്നും പരസ്യ പ്രതികരണം സികെപി നടത്തിയില്ല. എന്നാല്‍ ഫല പ്രഖ്യാപനത്തിന് ശേഷം ചിലത് പറയുകാണ് സികെപി. ബിജെപിക്കൊപ്പം ഉറച്ചു വില്‍ക്കുമെന്ന സൂചനയാണ് അതിലുള്ളത്.

നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ പാര്‍ട്ടി വളരുകയുള്ളൂ. പാര്‍ട്ടിയെ ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടെന്ന് നേതാക്കള്‍ക്ക് ഓര്‍മ വേണം. ഒത്തൊരുമയോടെ നിന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ബിജെപിക്ക് വളര്‍ച്ചയുണ്ടാകുമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു. ബിജെപി ജയിച്ചിട്ടുള്ള മണ്ഡലമല്ല പാലക്കാട്. അതിനാല്‍ തന്നെ തോല്‍വി അപ്രതീക്ഷിതമല്ല. എന്നാല്‍ ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. തോറ്റുവെന്നുള്ളത് സത്യമാണ്. അത് പാര്‍ട്ടി പരിശോധിക്കണം. 5 ദിവസത്തെ വിയറ്റ്‌നാം സന്ദര്‍ശനം കഴിഞ്ഞ് പുലര്‍ച്ചെയാണ് ഞാന്‍ മടങ്ങിയെത്തിയത്. തോല്‍വിയെപ്പറ്റി കൂടുതല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല-സികെപി മനോരമയോട് പറഞ്ഞു. കൃത്യം ആറുദിവസം മുമ്പായിരുന്നു സികെപി കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രവചനവുമായി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളെത്തിയത്. അന്ന് തന്നെ സികെപി വിയറ്റ്‌നാമിലേക്ക് പറന്നുവെന്ന് വേണം ഈ അഭിമുഖത്തില്‍ നിന്നും വിലയിരുത്താന്‍. ആ ദിവസങ്ങളില്‍ സികെപിയെ ആര്‍ക്കും ഫോണില്‍ കിട്ടിയിരുന്നില്ല.

പാലക്കാട്ടെ ഫലം വന്ന ശേഷം വിയറ്റ്‌നാമില്‍ നിന്നും സികെപി മടങ്ങിയെത്തുകയും ചെയ്തു. ''പാര്‍ട്ടിയില്‍ മെബര്‍ഷിപ്പ് ചേര്‍ക്കുന്നത് ഊര്‍ജിതമായി നടക്കുകയാണ്. സംഘടനാ തലത്തില്‍ പുനഃസംഘടന വൈകാതെയുണ്ടാകും. അപ്പോള്‍ സ്വാഭാവികമായും നേതൃമാറ്റം ഉണ്ടാകും. അതൊരു സ്വാഭാവിക പ്രക്രിയയാണ്'' നേതൃമാറ്റം പാര്‍ട്ടിയില്‍ ആവശ്യമാണോ എന്ന ചോദ്യത്തിനു പത്മനാഭന്റെ മറുപടി ഇതായിരുന്നു. സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണോ എന്ന ചോദ്യത്തിനു ഓരോരുത്തരും ശരിയാണെന്നാണ് അവരവരുടെ വിചാരമെന്നായിരുന്നു പത്മനാഭന്റെ മറുപടി. ഓരോ അധ്യക്ഷര്‍ക്കും ഓരോ ശൈലി ആയിരിക്കും. അതനുസരിച്ചാകും അവര്‍ പ്രവര്‍ത്തിക്കുക. ഞങ്ങളുടെ കാലത്ത് പ്രവര്‍ത്തിച്ചവരെ പോലെയല്ല ഇപ്പോഴുള്ളവരുടെ പ്രവര്‍ത്തനം. നേതാക്കള്‍ ആത്മപരിശോധന നടത്തണം. തങ്ങള്‍ തിരുത്തണോയെന്ന് നേതാക്കള്‍ സ്വയം ചോദിക്കണമെന്നും പത്മനാഭന്‍ വിശദീകരിക്കുന്നു.

ബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്നേഹത്തിന്റെ കടയിലേക്ക്-ഇതായിരുന്നു കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ ഗ്രൂപ്പില്‍ 17ന് ഉച്ചയ്ക്ക് ശേഷം എത്തിയ പോസ്റ്റ്. വൈകിട്ട് കെസി വേണുഗോപാല്‍ പത്ര സമ്മേളനം വിളിക്കുക കൂടി ചെയ്തു. ഇതോടെ ഈ പോസ്റ്റില്‍ ചര്‍ച്ച സജീവമായി. സികെപി എന്ന പേരിലേക്ക് ഏവരും ആകാംഷയോടെ നോക്കി. എന്നാല്‍ മലയാളിയ്ക്ക് അറിയാവുന്ന സികെപി ഒന്നും പറഞ്ഞില്ല. മാധ്യമങ്ങള്‍ വിളിച്ചിട്ട് ഫോണില്‍ പോലും വന്നില്ല. ഏതായാലും കോണ്‍ഗ്രസ് സസ്പെന്‍സ് ഒന്നും പൊട്ടിച്ചതുമില്ല. അതിനിടെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഈ പോസ്റ്റില്‍ പ്രതിഷേധത്തിലായി. രഹസ്യം ചോര്‍ന്നാല്‍ ഓപ്പറേഷന്‍ നടക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം അറിയാം. എന്നിട്ടും ഇത്തരമൊരു പോസ്റ്റ് കോണ്‍ഗ്രസിന്റെ സൈബര്‍ ഗ്രൂപ്പിലെത്തിയത് നേതൃത്വത്തേയും ഞെട്ടിച്ചു. ഇത്തരമൊരു ചര്‍ച്ച വന്ന ശേഷം അതിനെ പൊളിക്കാന്‍ മറുവിഭാഗം കരുതലോടെ നീങ്ങി. അങ്ങനെയാണ് ആ സസ്പെന്‍സ് പൊളിഞ്ഞതെന്ന് വിലയിരുത്തലെത്തി. അന്ന് എല്ലാ സംശയങ്ങളും നീണ്ടത് ബിജെപിക്കാരനായ സികെപിയിലേക്കായിരുന്നു. എന്നാല്‍ ഈ ചര്‍ച്ച നടന്ന 17ന് താന്‍ വിയറ്റ്‌നാമിലേക്ക് പോയി എന്ന് വേണം ഇന്നുള്ള സികെപിയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാന്‍. എന്തിനാണ് വിയറ്റ്‌നാമില്‍ പോയതെന്ന് അദ്ദേഹം പറയുന്നുമില്ല.

കോണ്‍ഗ്രസ് സൈബര്‍ ഇടത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമെത്തിയിരുന്നു. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന്റെ ഭീകരമായ തിരക്കിനിടയിലും സ്വന്തം കേരളത്തിലെ അതിസാഹസികമായ ഒരു ദൗത്യത്തിന് സമയം കണ്ടെത്താന്‍ തയ്യാറായി എന്നത് ചില്ലറക്കാര്യമല്ല. നാഗപ്പൂരിലെ പരിപാടികളെല്ലാം ക്യാന്‍സല്‍ ചെയ്ത് നേരെ കോയമ്പത്തൂരിലേക്ക്. ഉടന്‍ പാലക്കാട്ടേക്ക്. തിരിച്ച് മുംബെയിലേക്ക്. കന്നഡസിങ്കം ഒരുക്കിയ ചായസല്‍ക്കാരത്തില്‍ തീരുമാനിക്കപ്പെട്ടത്. എക്കാലത്തേയും ഉന്നതനേതാവും ഒമ്പതു കൗണ്‍സിലര്‍മാരും. നഗരസഭാ ഭരണമാറ്റം. പിന്നെ പതിനായിരം വോട്ടുകളും. രണ്ടരക്കോടി ആദ്യഘട്ടം. ശേഷം 23 കഴിഞ്ഞ്. കാശും പോയി മാനവും പോയി. ഓപ്പറേഷന്‍ കൈപ്പത്തി. ഉറപ്പുകൊടുത്തത് മാധ്യമശിങ്കം. ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോണ്‍ ഇന്ത ഉലകത്തിലേ ഇല്ല. നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്തി പ്രദേശദ ഹൊറഗിദ്ദാരെ??-ഇതായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. അതായത് സികെപിയെന്ന് ഉദ്ദേശിച്ചത് ആരെയെന്ന് ബിജെപിക്ക് മനസ്സിലായി. ആ ഓപ്പറേഷന്‍ പൊളിച്ചുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ പരിഹാസ പോസ്റ്റില്‍. ആ നേതാവിനെ നിങ്ങള്‍ക്ക വിളിച്ചാല്‍ കിട്ടില്ലെന്ന പരിഹാസവും അതിലുണ്ടായിരുന്നു. പക്ഷേ വിയറ്റ്‌നാമില്‍ നിന്നും തിരിച്ചെത്തിയ സികെപി ആദ്യ പരോക്ഷ വെടി പൊട്ടിക്കുന്നത് സുരേന്ദ്രനെതിരെയാണെന്നതാണ് മറ്റൊരു രസകരമായ കാര്യം.


 



സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതോടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാക്കളെ എല്ലാം നേതൃത്വം നിരീക്ഷണത്തിലാക്കിയിരുന്നു. എല്ലാവരുമായും ആര്‍ എസ് എസ് നേതൃത്വം തന്നെ ആശയ വിനിമയവും നടത്തി.. ഇതിനിടെയാണ് സികെപിയില്‍ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ചര്‍ച്ച തുടങ്ങി വച്ചത്.

Tags:    

Similar News