ബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്‌നേഹത്തിന്റെ കടയിലേക്ക്! കോണ്‍ഗ്രസ് 'സൈബര്‍ ആര്‍മി' ആ രഹസ്യം മണിക്കൂറുകള്‍ക്ക് മുമ്പേ പുറത്തു വിട്ടു; ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോണ്‍ ഇന്ത ഉലകത്തിലേ ഇല്ല... നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്തി പ്രദേശദ ഹൊറഗിദ്ദാരെ??; ആ പ്രമുഖനെ വിട്ടുകൊടുക്കാതെ ബിജെപി! സന്ദീപ് ഇഫക്ടിലെ കരുതല്‍ വിജയിച്ചോ?

Update: 2024-11-17 14:17 GMT

തിരുവനന്തപുരം: ബ്രേകിംഗ്! വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സി കെ പി സ്‌നേഹത്തിന്റെ കടയിലേക്ക്-ഇതായിരുന്നു കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ ഗ്രൂപ്പില്‍ ഉച്ചയ്ക്ക് ശേഷം എത്തിയ പോസ്റ്റ്. വൈകിട്ട് കെസി വേണുഗോപാല്‍ പത്ര സമ്മേളനം വിളിക്കുക കൂടി ചെയ്തു. ഇതോടെ ഈ പോസ്റ്റില്‍ ചര്‍ച്ച സജീവമായി. സികെപി എന്ന പേരിലേക്ക് ഏവരും ആകാംഷയോടെ നോക്കി. എന്നാല്‍ മലയാളിയ്ക്ക് അറിയാവുന്ന സികെപി ഒന്നും പറഞ്ഞില്ല. മാധ്യമങ്ങള്‍ വിളിച്ചിട്ട് ഫോണില്‍ പോലും വന്നില്ല. ഏതായാലും കോണ്‍ഗ്രസ് സസ്‌പെന്‍സ് ഒന്നും പൊട്ടിച്ചതുമില്ല. അതിനിടെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഈ പോസ്റ്റില്‍ പ്രതിഷേധത്തിലാണ്. രഹസ്യം ചോര്‍ന്നാല്‍ ഓപ്പറേഷന്‍ നടക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം അറിയാം. എന്നിട്ടും ഇത്തരമൊരു പോസ്റ്റ് കോണ്‍ഗ്രസിന്റെ സൈബര്‍ ഗ്രൂപ്പിലെത്തിയത് നേതൃത്വത്തേയും ഞെട്ടിച്ചു. ഇത്തരമൊരു ചര്‍ച്ച വന്ന ശേഷം അതിനെ പൊളിക്കാന്‍ മറുവിഭാഗം കരുതലോടെ നീങ്ങി. അങ്ങനെയാണ് ആ സസ്‌പെന്‍സ് പൊളിഞ്ഞതെന്നും സൂചനകളുണ്ട്. സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിച്ച രഹസ്യാത്മകത പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ നടത്താന്‍ ആഗ്രഹിച്ച നീക്കത്തിന് ഉണ്ടാകാതെ പോയി.

ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുമെത്തി. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിന്റെ ഭീകരമായ തിരക്കിനിടയിലും സ്വന്തം കേരളത്തിലെ അതിസാഹസികമായ ഒരു ദൗത്യത്തിന് സമയം കണ്ടെത്താന്‍ തയ്യാറായി എന്നത് ചില്ലറക്കാര്യമല്ല. നാഗപ്പൂരിലെ പരിപാടികളെല്ലാം ക്യാന്‍സല്‍ ചെയ്ത് നേരെ കോയമ്പത്തൂരിലേക്ക്. ഉടന്‍ പാലക്കാട്ടേക്ക്. തിരിച്ച് മുംബെയിലേക്ക്. കന്നഡസിങ്കം ഒരുക്കിയ ചായസല്‍ക്കാരത്തില്‍ തീരുമാനിക്കപ്പെട്ടത്. എക്കാലത്തേയും ഉന്നതനേതാവും ഒമ്പതു കൗണ്‍സിലര്‍മാരും. നഗരസഭാ ഭരണമാറ്റം. പിന്നെ പതിനായിരം വോട്ടുകളും. രണ്ടരക്കോടി ആദ്യഘട്ടം. ശേഷം 23 കഴിഞ്ഞ്. കാശും പോയി മാനവും പോയി. ഓപ്പറേഷന്‍ കൈപ്പത്തി. ഉറപ്പുകൊടുത്തത് മാധ്യമശിങ്കം. ഇപ്പം വിളിച്ചുനോക്കിയപ്പോ അന്ത ഫോണ്‍ ഇന്ത ഉലകത്തിലേ ഇല്ല. നീവു കരീ മാഡുതിര ചന്ദാദാര വ്യാപ്തി പ്രദേശദ ഹൊറഗിദ്ദാരെ??-ഇതാണ് സുരേന്ദ്രന്റെ പോസ്റ്റ്. അതായത് സികെപിയെന്ന് ഉദ്ദേശിച്ചത് ആരെയെന്ന് ബിജെപിക്ക് മനസ്സിലായി. ആ ഓപ്പറേഷന്‍ പൊളിച്ചുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ പരിഹാസ പോസ്റ്റില്‍. ഈ പോസ്റ്റില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പിജെ സുരേഷ് കുമാറിനേയും സുരേന്ദ്രന്‍ ട്രോളുന്നുണ്ട്. ഏതായാലും കോണ്‍ഗ്രസ് ഓപ്പറേഷന്‍ പൊളിഞ്ഞു. രഹസ്യം ചോര്‍ന്നാല്‍ എല്ലാം പൊളിയുമെന്ന് കോണ്‍ഗ്രസിന് തിരിച്ചറിവ് കൂടിയാകും ഈ ചര്‍ച്ചകള്‍.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതോടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി നേതാക്കളെ എല്ലാം നേതൃത്വം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എല്ലാവരുമായും ആര്‍ എസ് എസ് നേതൃത്വം തന്നെ ആശയ വിനിമയവും നടത്തുന്നുണ്ട്. ഇതിനിടെയാണ് സികെപിയില്‍ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ചര്‍ച്ച തുടങ്ങി വച്ചത്. ഇതില്‍ കെസി വേണുഗോപാല്‍ തീര്‍ത്തും അതൃപ്തനാണ്. സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് ഇതിന് പങ്കുണ്ടോ എന്നും അന്വേഷിക്കും. കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍ സന്ദീപ് വാര്യര്‍ നീണ്ടു നിന്നത് എട്ട് ദിവസമാണ്ം. സംസ്ഥാന നേതൃത്വത്തിന്റെ ചടുലമായ നീക്കത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ബെന്നി ബഹനാനാണ്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ഉറപ്പിക്കുന്ന നിര്‍ണായ കൂടിക്കാഴ്ച നടന്നത് വ്യാഴാഴ്ച കോയമ്പത്തൂരിലായിരുന്നു. ബിജെപിയെ ഞെട്ടിച്ച സിപിഎമ്മിനെ കുരുക്കിയ സന്ദീപ് ഓപ്പറേഷന്‍ കോണ്‍ഗ്രസിന്റെ പതിവ് ശൈലികള്‍ എല്ലാം തിരുത്തി കൊണ്ടുള്ളതായിരുന്നു. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷന്‍ തുടങ്ങിയത് 8 ദിവസം മുമ്പാണെന്ന് മനോരമയടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം സന്ദീപ് പാര്‍ട്ടി മാറിയപ്പോള്‍ തന്നെ മറുനാടനും വിശദീകരിച്ചിരുന്നു.

സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബെന്നി ബഹനാന്‍ എംപിയാണ്. സിപിഎം നേതാക്കള്‍ ഒന്നിന് പിറകെ ഒന്നായി സന്ദീപിനെ പുകഴ്ത്തിയതോടെ അനുകൂല സാഹചര്യമാണെന്ന് ഉറപ്പിച്ച് സംസ്ഥാന നേതൃത്വത്തിന് വേണ്ടി വി ഡി സതീശന്‍ കരുക്കള്‍ വേഗത്തില്‍ നീക്കി. പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹന്‍ സന്ദീപുമായി കോയമ്പത്തൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തി. നിര്‍ണായ കൂടിക്കാഴ്ച നടന്നത് വ്യാഴാഴ്ച രാത്രി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാലില്‍ നിന്ന് കോണ്‍ഗ്രസിലെ ഭാവി സംബന്ധിച്ച് ഉറപ്പുവാങ്ങി. പിന്നെ ഒട്ടുംവൈകിയില്ല, മുഖ്യമന്ത്രി താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലില്‍ തന്നെ വിഡി സതീശനും ബെന്നി ബഹനാനും ദീപ ദാസ് മുന്‍ഷിയും പി വി മോഹനും യോഗം ചേര്‍ന്നു, കെ സുധാകരനെ വിവരം ധരിപ്പിച്ചുവെന്ന് മനോരമ പറയുന്നു. എല്ലാം മുസ്ലീം ലീഗും അറിഞ്ഞു. പക്ഷേ കോണ്‍ഗ്രസിലെ രണ്ടാം നിരയില്‍ ആരും ഒന്നും അറിഞ്ഞില്ല. പക്ഷേ രണ്ടാമത്തെ ഓപ്പറേഷന്‍ എങ്ങനേയോ പുറത്തായി. ഇതോടെ അത് പൊളിയുകയായിരുന്നുവെന്നാണ് സൂചന.

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നാടകീയമായിട്ടായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സന്ദീപ് വാര്യര്‍. രാവിലെ എണീറ്റുകഴിഞ്ഞാല്‍ വൈകുന്നേരം വരെ വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപി എന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. പ്രതീക്ഷിച്ച പിന്തുണയും കരുതലും ആ സംവിധാനത്തില്‍ ഉണ്ടായിരുന്നില്ല. ബിജെപി ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തു. ശ്രീനിവാസന്‍ കൊലപാതകം നടന്ന സമയത്ത് ഏറ്റവും കൂടുതല്‍ സുരക്ഷാഭീഷണി ഉണ്ടായിരുന്ന ആളായിരുന്നു താന്‍. എന്നാല്‍ ആ കൊലപാതകം നടന്ന ഉടന്‍ ബിജെപി നേതാക്കള്‍ക്കെല്ലാം മാറിനില്‍ക്കാന്‍ സന്ദേശം വന്നപ്പോള്‍ പാര്‍ടി തനിക്ക് സന്ദേശമയച്ചില്ല. കൊല്ലപ്പെടുകയാണെങ്കില്‍ താന്‍ കൊല്ലപ്പെടട്ടെ എന്ന് പാര്‍ടി കരുതി. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടര്‍ച്ചയായി അപമാനിക്കപ്പെടുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോകാനില്ലയെന്ന് സന്ദീപ് വാര്യര്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സന്ദീപ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. 'അമ്മ മരിച്ചപ്പോള്‍ കാണാന്‍പോലും വരാത്തയാളാണ് കൃഷ്ണകുമാര്‍. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍ ഉള്‍പ്പെടെ ആശ്വസിപ്പിക്കാനെത്തി. യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ സത്യമല്ല. അദ്ദേഹം ഒരിക്കലെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ. കണ്‍വന്‍ഷനില്‍ സീറ്റ് കിട്ടാത്തതില്‍ പിണങ്ങിപ്പോകുന്നവനല്ല ഞാന്‍. എനിക്ക് മാനസിക പ്രശ്നങ്ങള്‍ നേരിട്ടു. അത് ഒരു പരിപാടിയില്‍ സംഭവിച്ചതല്ല, നിരന്തരം തുടരുന്നതാണ്. അത് പറയാന്‍ ഉദ്ദേശിക്കുന്നില്ല.' എന്നും അദ്ദേഹം പറഞ്ഞിരുന്നു.


 



എന്നാല്‍ സന്ദീപ് വാര്യരുടെ ഇറങ്ങിപ്പോക്ക് ബിജെപിയില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സുധാകരനും സതീശനും എല്ലാ ആശംസകളെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഇതിന് പിന്നാലെയായിരുന്നു മറ്റൊരാളെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത്. അത് പൊളിഞ്ഞുവെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നും വരുന്ന സൂചന.




 


Tags:    

Similar News