മൂന്നാം പിണറായി സര്‍ക്കാരിന് വിലങ്ങുതടിയായി 'മക്കള്‍' വിവാദങ്ങള്‍; ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെയുള്ള മക്കള്‍ വൃന്ദം പതിവു തെറ്റിച്ചില്ല; മുഹമ്മദ് ഷെര്‍ഷാദ് ഉയര്‍ത്തിവിട്ട കത്തുവിവാദം എം വി ഗോവിന്ദന്റെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി; മാസപ്പടി ക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്‍ക്കില്ല

മൂന്നാം പിണറായി സര്‍ക്കാരിന് വിലങ്ങുതടിയായി 'മക്കള്‍' വിവാദങ്ങള്‍

Update: 2025-08-20 03:34 GMT

തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ സ്വപ്നം കാണുന്ന സി.പി.എമ്മിന് തലവേദനയായി മക്കള്‍ വിവാദങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വരെയുള്ള ഉന്നത നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സി.പി.എമ്മിന് വെല്ലുവിളിയാകുന്നു. വിവാദങ്ങളില്‍ നിന്നും കരകയറാനും പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെയുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ് സി.പി.എം നേതൃത്വം.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ചെങ്കിലും മറ്റുള്ള നേതാക്കളുടെ മക്കള്‍ക്കെതിരെ പരാതികള്‍ വരുമ്പോള്‍ അത്തരമൊരു പ്രതിരോധം ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ യുടെ മകള്‍ വീണ വിജയനും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റ്ഡുമാണ് (സി.എം.ആര്‍.എല്‍) ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കു കാരണമായത്. വീണ വിജയന്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്.

ഈ കേസില്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൂടി സമര്‍പ്പിച്ചതോടെ വിഷയം കൂടുതല്‍ ഗൗരവമായി. അന്വേഷണവും ചര്‍ച്ചകളും ഇപ്പോഴും നടക്കുന്നത് പാര്‍ട്ടിയെ സാരമായി ബാധിക്കുന്നുണ്ട്്. മുന്‍മന്ത്രിയും ഇടതു മുന്നണി കണ്‍വീനറുമായിരുന്ന ഇ.പി ജയരാജന്റെ മക്കളായ ജയ്‌സണ്‍ രാജിനും ജിജിത്ത് രാജിനുമെതിരെ ഒന്നിലധികം ആരോപണങ്ങളാണ് ഉയര്‍ന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് വിവാദം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം, ലൈഫ് മിഷന്‍ അഴിമതിയിലെ പങ്ക് എന്നിവ ജയ്‌സണുമായി കൂട്ടിച്ചേര്‍ത്ത് ആരോപണങ്ങളായപ്പോള്‍ ഇ.പി. ജയരാജന്‍- ബി.ജെ.പി ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായത് മകന്‍ ജിജിത്താണെന്നായിരുന്നു പ്രതിപക്ഷ പ്രചരണം. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും ഇതേ ആരോപണമുയര്‍ത്തിയിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായതും ഒരു ബന്ധുനിയമന വിവാദത്തിലായിരുന്നു. പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിച്ചതായിരുന്നു വിവാദമായത്. ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇ.പി ജയരാജന്‍ രാജി വച്ചത്. സംസ്ഥാന കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിന് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു പാര്‍ട്ടിക്കകത്തു നിന്നുതന്നെ ആരോപണമുയര്‍ന്നത്. കള്ളക്കടത്ത് പണം ഉപയോഗിച്ച് കൂറ്റന്‍ വീട് നിര്‍മ്മിച്ചെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

നിര്യാതനായ കോടിയേരി ബാലകൃഷ്ണന്റെ മക്കളും സി.പി.എമ്മിന് സൃഷ്ടിച്ച തലവേദന ചെറുതല്ല. മികച്ച നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയെത്തന്നെ പ്രതികൂലമായി ബാധിച്ചതായിരുന്നു മക്കളായ ബിനോയിക്കും ബിനീഷിനുമെതിരെ ഉയര്‍ന്ന കേസുകള്‍. ബിനോയിക്കെതിരെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസും പീഡന പരാതിയും ഉയര്‍ന്നപ്പോള്‍ ബിനീഷ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പ്രതിയായത്. ഇപ്പോള്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിന് 'അവതാരങ്ങളുമായി' ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി സ്വദേശി ഷെര്‍ഷാദ് പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതിയാണ് വീണ്ടും പാര്‍ട്ടിയെ മക്കള്‍ വിവാദങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്.

Tags:    

Similar News