ആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്‍മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്‍മോഹന്‍ വിപ്ലവകാരിയായി?

Update: 2024-12-27 02:06 GMT

ന്യൂഡല്‍ഹി: അമേരിക്കയുമായി സിവില്‍ ആണവ കരാര്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് മന്‍മോഹന്‍ സിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. അന്ന് സിപിഎം പിന്തുണയിലായിരുന്നു മന്‍മോഹന്റെ ഭരണം. ആരു പിന്തുണ പിന്‍വലിച്ചാലും താന്‍ കരാറുമായി മുമ്പോട്ട് പോകുമെന്ന് മന്‍മോഹന്‍ സിംഗ് അന്ന് പറഞ്ഞു. പിന്നീട് ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതില്‍ ഈ കരാര്‍ വലിയ പങ്കു വഹിച്ചു. കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍ ഇളവ് ലഭിച്ചു. സിവിലിയന്‍, മിലിട്ടറി ആണവ പദ്ധതികള്‍ വേര്‍തിരിക്കാനും ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനും ഇന്ത്യക്ക് അനുമതി ലഭിച്ചു. ഇന്ന് കേരളത്തില്‍ മാത്രമാണ് സിപിഎം ഭരണം രാജ്യത്തുള്ളത്. ആണവ വൈദ്യുതിയ്ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു. ഇതിന് രാജ്യത്തെ സജ്ജമാക്കിയത് ഡോ മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ അന്ന് സിപിഎം പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ശക്തമായ ഇടതുപക്ഷം രാജ്യത്തുണ്ടാകുമായിരുന്നുവെന്നതാണ് വസ്തുത. ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെ എല്ലാം കൈയ്യടിച്ച് പിന്തുണച്ച സിപിഎം ആണവത്തില്‍ കൈവിടുകയായിരുന്നു. ഇതോടെ ബിജെപി വിരുദ്ധ വോട്ട് ബാങ്ക് ഭിന്നിക്കപ്പെട്ടു. അതിന്റെ ഗുണം മോദി തരംഗത്തില്‍ ബിജെപിയുണ്ടാക്കിയെടുത്തുവെന്നതാണ് വസ്തുത. 2008 ജുലായിയില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന വിവരം രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ അറിയിച്ച ശേഷം രാഷ്ട്രപതിഭവനില്‍ നിന്ന് പുറത്തേക്ക് വരുന്ന പ്രകാശ് കാരാട്ടും ചന്ദ്രചൂഡനും എ.ബി.ബര്‍ദനും ദേബബ്രത ബിശ്വാസും അടങ്ങുന്ന ചിത്രം രാജ്യത്തെ ഇടതുപക്ഷ തകര്‍ച്ചയുടെ തുടക്കമായി വിലയിരുത്തുന്നുവെന്നതാണ് വസ്തുത.

ആണവക്കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജൂലായ് എട്ടിന് എ.കെ.ജി ഭവനില്‍ ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. 62 എം.പിമാരുള്ള ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ പ്രതിസന്ധിയിലായി. പിന്നീട് നടന്ന കരുനീക്കങ്ങള്‍ക്കും സംഭവബഹുലതകള്‍ക്കുമൊടുവില്‍ ജൂലായ് 22-ന് പാര്‍ലമെന്റില്‍ യു.പി.എ. സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ബി.ജെ.പി. അംഗങ്ങള്‍ ഉള്‍പ്പടെ ഒമ്പത് പ്രതിപക്ഷ എം.പിമാര്‍ സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യുകയുണ്ടായി. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ക്ക് കോഴ ലഭിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി. എം.പിമാര്‍ ലക്ഷങ്ങള്‍ വരുന്ന നോട്ടുകെട്ടുകള്‍ ലോക്‌സഭയിലെത്തി ഉയര്‍ത്തിക്കാട്ടുന്ന കാഴ്ച രാജ്യം ഞെട്ടിത്തരിച്ചു കണ്ടുനിന്നു. അന്ന് രാജ്യത്തിന്റെ അധികാരം നിര്‍ണയിച്ചിരുന്ന സി.പി.എമ്മും ഇടതുപാര്‍ട്ടികളും ഇന്ന് രാജ്യത്ത് എത്തിനില്‍ക്കുന്നത് അതിജീവന പാതയിലാണ്. സിപിഎമ്മിന് കേരളത്തില്‍ മാത്രമായി ഭരണം ഒതുങ്ങി. ഇതിന് കാരണം മന്‍മോഹന്‍ സിംഗിനുള്ള പിന്തുണ പിന്‍വലിച്ച 2008ലെ ചരിത്ര മണ്ടത്തരമാണെന്ന് കരുതുന്ന സിപിഎമ്മുകാരും ഉണ്ട്. സാമ്പത്തികപരിഷ്‌കരണത്തിനൊപ്പം തൊഴിലുറപ്പ് പദ്ധതിയിലൂടേയും മറ്റും പാവങ്ങളുടെ കണ്ണീരൊപ്പിയ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍. രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ കുതിച്ചുയരുമെന്നും ആണവോര്‍ജ്ജം അനിവാര്യതയാണെന്നും മന്‍മോഹന്‍ അന്നേ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിലേക്ക് സിപിഎം എത്തിയത് 2024ലാണ്. അതുകൊണ്ടാണ് കേരളത്തിലെ പിണറായി സര്‍ക്കാരും ആണവ വൈദ്യുതിയ്ക്കായി കരുക്കള്‍ നീക്കുന്നത്.

43 സീറ്റുകളുമായി 2004-ല്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന സി.പി.എമ്മിന് ഇന്ന് നാല് ലോക്‌സഭാ അംഗങ്ങള്‍ മാത്രമാണുള്ളത്. മറ്റു ഇടതുപാര്‍ട്ടികള്‍ അതിനേക്കാള്‍ ക്ഷയിച്ചിരിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന സി.പി.എം. ഇന്ന് കേരളത്തില്‍ മാത്രമാണ് ഭരണത്തിലുള്ളത്. ബംഗാളിലും ത്രിപുരയിലും രണ്ടാംസ്ഥാനത്ത് പോലുമില്ല. അധികാരമുള്ള കേരളത്തില്‍ അവസാനമായി ഒറ്റ സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ. മുന്നണിയില്‍ മത്സരിച്ചാണ് രണ്ട് സീറ്റുകള്‍ നേടിയെടുത്തത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിന്തുണയിലും. തമിഴ്‌നാട്ടിലും ഡിഎംകെ പിന്തുണയ്ക്കുന്ന മുന്നണിയില്‍ കോണ്‍ഗ്രസുമുണ്ടായിരുന്നു. ഇടുതുപാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും സുവര്‍ണ കാലഘട്ടമായിരുന്നു 2004. ഇടതുപാര്‍ട്ടികള്‍ക്കാകെ 62 എം.പിമാര്‍. സി.പി.എമ്മിന് മാത്രം 43 ലോക്‌സഭാ അംഗങ്ങള്‍. സി.പി.എം. ലോക്‌സഭാ ചരിത്രത്തില്‍ നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ സിപിഎമ്മിനും സിപിഐയ്ക്കും മുന്തിയ പരിഗണന അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ നല്‍കി. എന്നിട്ടും ആണവ കരാറില്‍ സമ്മര്‍ദ്ദം ചെലുത്തി. പക്ഷേ മന്‍മോഹന്‍ വഴങ്ങിയില്ല. തുടര്‍ന്ന് സിപിഎമ്മും സിപിഐയും പിന്തുണ പിന്‍വലിച്ചു. അതും ഇടതുപക്ഷത്തിന്റെ ചരിത്ര മണ്ടത്തരമായി മാറിയെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.

ഒന്നാം യുപിഎ സര്‍ക്കാരിന് പിന്നില്‍ സിപിഎമ്മിന്റെ റോള്‍ വലുതയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവലഭൂരിപക്ഷംനേടാനായിരുന്നില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സഖ്യരൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ നടന്നു. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജീതിനെ ആശ്രയിച്ചു. സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ചേര്‍ന്ന് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയാണ് ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ച സി.പി.എം. പുറത്ത് നിന്ന് പിന്തുണ നല്‍കുകയാണ് ചെയ്തത്. എന്നാല്‍ മുതിര്‍ന്ന നേതാവ് സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കറാക്കുന്നതിന് പാര്‍ട്ടി അനുമതി നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധം വഴിപിരിഞ്ഞപ്പോള്‍ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ പദവി രാജിവെക്കാന്‍ തയ്യാറാകാതിരുന്നതും തുടര്‍ന്ന് അദ്ദേഹത്തെ സി.പി.എം. പുറത്താക്കിയതും ചരിത്രം. പക്ഷേ ഇതെല്ലാം ബംഗാളില്‍ സിപിഎമ്മിനെ തകര്‍ത്തുവെന്നതാണ് വസ്തുത.

അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച 123 ഉടമ്പടി യു എസ്-ഇന്ത്യ സിവില്‍ ആണവ കരാര്‍ എന്നാണ് അറിയപ്പെടുന്നത്. 2005 ജൂലൈ 18 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയായിരുന്നു കരാറിന്റെ ചട്ടക്കൂട്. അതിനു കീഴില്‍ സിവില്‍, മിലിട്ടറി ആണവ കേന്ദ്രങ്ങള്‍ വേര്‍തിരിക്കാനും അതിന്റെ എല്ലാ സ്ഥാപനങ്ങളും സ്ഥാപിക്കാനും ഇന്ത്യ സമ്മതിച്ചു. അന്താരാഷ്ട്ര് ആണവോര്‍ജ് ഏജന്‍സി സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള സിവില്‍ ആണവ സൗകര്യങ്ങള്‍ കൂടാതെ, ഇന്ത്യയുമായി സമ്പൂര്‍ണ സിവില്‍ ആണവ സഹകരണത്തിനായി പ്രവര്‍ത്തിക്കാന്‍ യു എസും സമ്മതിച്ചു. മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്താണ് കരാര്‍ യാഥാര്‍ഥ്യമായത്. 2008 ആഗസ്റ്റ് ഒന്നിന്, ഇന്ത്യയുമായുള്ള സുരക്ഷാ കരാറിന് അംഗീകാരം നല്‍കി. അതിനുശേഷം സിവിലിയന്‍ ആണവ വ്യാപാരം ആരംഭിക്കുന്നതിന് ഇന്ത്യയ്ക്ക് ഇളവ് നല്‍കുന്നതിന് അമേരിക്ക ആണവ വിതരണ ഗ്രൂപ്പിനെ (സമീപിച്ചു. 2008 സെപ്തംബര്‍ ആറിന് 48 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ള എന്‍എസ്ജി ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് സിവിലിയന്‍ ആണവ സാങ്കേതികവിദ്യയും ഇന്ധനവും കൊണ്ടുവരാനുള്ള അനുമതിയും നല്‍കി. ഇതിലൂടെ, ആണവായുധങ്ങളുള്ള അറിയപ്പെടുന്ന ഏക രാജ്യമായി ഇന്ത്യ മാറി.

2008 സെപ്തംബര്‍ 28-ന് യു എസ് ജനപ്രതിനിധി സഭ കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ പാസാക്കി. രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യയും ഫ്രാന്‍സും സമാനമായ ഒരു ആണവ കരാറില്‍ ഒപ്പുവച്ചു, ഇന്ത്യയുമായി അത്തരമൊരു കരാര്‍ ഉണ്ടാക്കുന്ന ആദ്യത്തെ രാജ്യമായി ഫ്രാന്‍സ് മാറി. 2008 ഒക്ടോബര്‍ ഒന്നിന് യു എസ് സെനറ്റും ഇന്ത്യക്ക് ആണവ ഇന്ധനവും സാങ്കേതിക വിദ്യയും വാങ്ങാനും അമേരിക്കയില്‍ നിന്ന് വില്‍ക്കാനും അനുവദിക്കുന്ന സിവിലിയന്‍ ആണവ കരാറിന് അംഗീകാരം നല്‍കി. പ്രധാന മന്ത്രി പദത്തില്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ അതുല്യ നേട്ടങ്ങളിലൊന്നായിരുന്നു ഇത്.

Tags:    

Similar News