വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്‍
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വി.കെ. മിനിമോളിനെതിരെ വിജിലന്‍സ് കോടതിയിലുള്ള അഴിമതിക്കേസ് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലാരിവട്ടം പെരിങ്ങാട്ട് റെസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണമാണ് രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാകുന്നത്. ഈ അഴിമതി ആരോപണം കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കെസി വേണുഗോപാലിനോട് ആലോചിക്കാതെയാണ് പ്രഖ്യാപനം നടത്തിയതെന്നും സൂചനകളുണ്ട്. ദീപ്തി മേരി വര്‍ഗ്ഗീസിന്റെ സാധ്യതകളെ തള്ളാന്‍ വേണ്ടിയായിരുന്നു കെപിസിസിയെ പോലും അറിയിക്കാതെ പ്രഖ്യാപനം.
സാധാരണ മേയര്‍ പ്രഖ്യാപനത്തിന് മുന്‍കൂട്ടി വാര്‍ത്താ സമ്മേളനം വിളിക്കും. എന്നാല്‍ ഇവിടെ പത്രക്കാരെ വിളിച്ച് ബൈറ്റ് നല്‍കുകയായിരുന്നു ഡിസിസി അധ്യക്ഷന്‍. ഇത്തരത്തില്‍ ഔദ്യോഗിക സ്വഭാവത്തോടെ പത്ര സമ്മേളനം വിളിക്കാതെ അതിവേഗം മാധ്യമങ്ങളെ മേയര്‍ ആരെന്ന് അറിയിച്ചു. ഇതിന് പിന്നിലും ഗൂഡാലോചനയുണ്ടായിരുന്നു. മേയര്‍ പ്രഖ്യാപനത്തിന് എന്നു പറഞ്ഞ് വാര്‍ത്താ സമ്മേളനം മുന്‍കൂട്ടി വിളിച്ചാല്‍ ദീപ്തിയും കൂട്ടരും കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാണ്ട് പോലും ഇടപെടുകയും ചെയ്യുമായിരുന്നു. ഇതുണ്ടാകാതിരിക്കാനുള്ള 'ക്രിമിനല്‍ ബുദ്ധി'യായിരുന്നു അപ്രതീക്ഷിത ബൈറ്റ് നല്‍കല്‍.
റോഡ് നിര്‍മ്മാണത്തിനായി കോര്‍പ്പറേഷനില്‍ കെട്ടിവയ്ക്കണമെന്ന് വിശ്വസിപ്പിച്ച് അസോസിയേഷനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മിനിമോള്‍ കൈപ്പറ്റിയെന്നും എന്നാല്‍ ഈ തുക കോര്‍പ്പറേഷനില്‍ അടയ്ക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്നുമാണ് പരാതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാളെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് യുഡിഎഫിലെ ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ വിചാരണ ഘട്ടത്തിലേക്ക് കടക്കുകയോ ചെയ്താല്‍ അത് മുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ കേസ് നടപടികള്‍ക്ക് വേഗത കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമാകുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്. വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തില്‍ മിനിമോളിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ഡിസിസി പരിഗണിക്കില്ല.
മിനിമോളിനെതിരെയുള്ള വിജിലന്‍സ് കേസും പ്രഖ്യാപനത്തിലെ അസ്വാഭാവികതയുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. കെപിസിസിയെയോ ഹൈക്കമാണ്ടിനെയോ മുന്‍കൂട്ടി അറിയിക്കാതെ ഡിസിസി അധ്യക്ഷന്‍ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ദീപ്തി മേരി വര്‍ഗ്ഗീസിനെ വെട്ടിനിരത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം ഹൈക്കമാണ്ടിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് കൊച്ചിയില്‍ നീക്കങ്ങള്‍ നടന്നതെന്നാണ് സൂചന.
വി.കെ. മിനിമോളിനെതിരെയുള്ള അഴിമതിക്കേസും പ്രഖ്യാപനത്തിലെ സുതാര്യതക്കുറവും ചൂണ്ടിക്കാട്ടി ദീപ്തി മേരി വര്‍ഗ്ഗീസ് പക്ഷം ഹൈക്കമാണ്ടിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ കെ.സി. വേണുഗോപാലിന്റെയും എഐസിസി നേതൃത്വത്തിന്റെയും അടിയന്തര ഇടപെടല്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തല്‍കാലം വിഷയം വഷളാക്കില്ല. വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച്, കെപിസിസി നേതൃത്വത്തെയോ ഹൈക്കമാണ്ടിനെയോ കൃത്യമായി ധരിപ്പിക്കാതെ കൊച്ചിയില്‍ നടന്ന 'മിന്നല്‍ പ്രഖ്യാപനത്തില്‍' ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തുന്നു.
പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങള്‍ സംരക്ഷിക്കാന്‍ അഴിമതി ആരോപണം നേരിടുന്നവരെ ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിയുടെ 'ക്ലീന്‍ ഇമേജ്' നശിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഡല്‍ഹിയില്‍ നിന്ന് നല്‍കുന്നത്. പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. #JusticeForDeepti, #SaveKochiCongress തുടങ്ങിയ ഹാഷ്ടാഗുകള്‍ ദീപ്തി അനുകൂലികള്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 'എസ്എഫ്‌ഐയുടെ തല്ലുകൊണ്ട് വളര്‍ന്ന നേതാവിനെക്കാള്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് വലുത് അഴിമതിക്കേസ് നേരിടുന്നവരാണോ?' എന്നാണ് അണികളുടെ പ്രധാന ചോദ്യം. ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് നിറയുന്നത്. സാധാരണ പ്രവര്‍ത്തകരെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പും സജീവമാണ്.
