പാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?

നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?

Update: 2024-11-22 09:10 GMT

തിരുവനന്തപുരം: നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ നാളെ വരാനിരിക്കയാണ്. എല്ലാ സ്ഥാനാര്‍ഥികളും നെഞ്ചിടിപ്പോടെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ്. അതേസമയം സ്ഥാനാര്‍ഥികളേക്കാള്‍ നെഞ്ചിടിപ്പിലാണ് സംസ്ഥാനത്തെ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍. കാരണം നാളത്തെ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ അത് അവരുടെ രാഷ്ട്രീയ ഭാവിയെ കൂടി ബാധിക്കുന്ന വിധത്തിലാകും കാര്യങ്ങള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടിയിലും വ്യത്യതസ്തമാണ് കാര്യങ്ങള്‍.

നിലവില്‍ മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും ഒരിടത്ത് സിപിഎമ്മിന്റെയും സീറ്റുകളാണ്. ഇതില്‍ കോണ്‍ഗ്രസും സിപിഎമ്മും അവരവരുടെ സീറ്റുകളില്‍ വിജയിച്ചു കയറിയാല്‍ അത് നിലവിലെ ശാക്തിക രാഷ്ട്രീയ ചേരിയെ അതേവിധത്തില്‍ മുന്നോട്ടു പോകുന്നു എന്ന പ്രതീതിക്ക് ഇടയാക്കും. മറിച്ച് ബിജെപി അക്കൗണ്ട് തുറക്കുന്ന അവസ്ഥ ഉണ്ടായാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തെ തന്ന മാറ്റിമറിക്കുന്ന വിധത്തിലുള്‌ല കാര്യങ്ങള്‍ക്കാകും വഴിവെക്കുക. അതുകണ്ട് തന്നെ ബിജെപിയിലെയും കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും നേതാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ മുന്‍തൂക്കം നല്‍കുന്ന മണ്ഡലങ്ങളില്‍ വിജയം അനിവാര്യമായ അവസ്ഥയിലാണ്.

വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സര്‍ക്കാരിനും എല്‍ഡിഎഫിന് മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് എല്‍ഡിഎഫ് നേടിയത്. ഭരണവിരുദ്ധ വികാരം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നതാണ് അവിടെ കണ്ടത്. ന്യൂനപക്ഷ വോട്ടുകളെല്ലാം കൂട്ടത്തോടെ ഇടതു മുന്നണിയെ കൈവിട്ടു. ഇതോടെ രാഷ്ട്രീയ നയം തന്നെ മാറ്റേണ്ടി അവസ്ഥയിലേക്കാണ് സിപിഎം എത്തിച്ചേര്‍ന്നത്.

ഇതൊകൊണ്ടു തന്നെ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും പ്രതിച്ഛായ ഏറ്റവും മോശമായ നില്‍ക്കുന്ന വേളയില്‍ ചേലക്കരയില്‍ ഉജ്ജ്വല വിജയം സിപിഎമ്മിന് അനാവാര്യമായി മാറുകയാണ്. ചേലക്കര വിജയം നേടുകയും പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് പാര്‍ട്ടി എത്തുകയും ചെയ്താല്‍ അത് പിണറായി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിക്കാ തന്ത്രങ്ങളുമായി മുന്നോട്ടു പോകാന്‍ സിപിഎമ്മിന് സാധിക്കും. ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാന്‍ ഇതിലൂടെ സര്‍ക്കാറിന് സാധിക്കും.

അതേസമയം ഫലം മറിച്ചാണെങ്കില്‍, ചേലക്കരയില്‍ തോല്‍വി നേരിടേണ്ടി വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. നേതൃമാറ്റ ആവശ്യം പോലും ഉയര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പിണറായി വിചാരണ ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായേക്കും. ഇടക്കാലത്ത് പാര്‍ട്ടിയില്‍ തലപൊക്കിയ നേതൃത്വത്തിനെതിരായ നീക്കങ്ങള്‍ക്ക് സജീവമാകാനം സാധ്യതയുണ്ട്. മറുകണ്ടം ചാടിയെത്തിയ സരിനെ സ്ഥാനാര്‍ഥിയാക്കിയതും പ്രചരണ തന്ത്രങ്ങളുമെല്ലാം വിമര്‍ശിക്കപ്പെട്ടേക്കും. രാധാകൃഷ്ണനെ എംപിയാക്കി ഒതുക്കിയെന്ന വികാരം കൂടുതല്‍ ശക്തിപ്പെടുമെന്നും ഉറപ്പാണ്.

മറുവശത്ത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. നിലവില്‍ പാര്‍ട്ടിയെയും പ്രതിപക്ഷത്തെയും ഒരുമിച്ചു നയിക്കുന്നത് വി ഡി സതീശനാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണെങ്കിലും സതീശനാണ് പാര്‍ട്ടിയില്‍ ഇടപെട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ സതീശനെതിരെ പാര്‍ട്ടിക്കുള്ളിലും ശത്രുക്കളുണ്ട്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളുടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനാകണമെങ്കില്‍ പാലക്കാട് മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കേണ്ടതുണ്ട്. ചേലക്കരയില്‍ നേരിയ മാര്‍ജ്ജിനില്‍ യുഡിഎഫ് വിജയിച്ചാല്‍ പോലും അതും സതീശന് നേട്ടമായി മാറും. വന്‍ തോല്‍വി ആകരുത് എന്നതു മാത്രമാണ് അദ്ദേഹത്തിവന്റെ ആവശ്യം.

ചേലക്കരയില്‍ അട്ടിമറി ജയവും പാലക്കാട് നല്ല ഭൂരിപക്ഷത്തിലുള്ള വിജയം ഉണ്ടായാല്‍ പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കി കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ശക്തമായി മുന്നോട്ട് പോകാം. എന്നാല്‍ ചേലക്കരയില്‍ തോല്‍ക്കുകയും പാലക്കാട് നല്ല വിജയം നേടാനാകാതെ പോകുകയും ചെയ്താല്‍ വിഡി സതീശന്റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ അതിശക്തമായ പടയൊരുക്കം സതീശനെതിരെയുണ്ട്. തോല്‍വിയുണ്ടായാല്‍ മുന്നണിയിലും സതീശനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.

പാലക്കാട് ഭൂരിപക്ഷം കുറഞ്ഞാല്‍ സന്ദീപ് വാര്യരെ കൊണ്ടുവരാനുള്ള തീരുമാനം തിരിച്ചടിച്ചെന്ന പഴിയും കേള്‍ക്കേണ്ടിവന്നേക്കാം. ഇതിന് മുന്‍കൈയെടുത്തത് സതീശനായിരുന്നു. ഉപതിരഞ്ഞെടുപ്പിനുശേഷം കെപിസിസി അധ്യക്ഷനെ മാറ്റാന്‍ ശ്രമിക്കുന്ന വിഭാഗത്തിന് ഇത് ആയുധമാകും പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം. കെ സുധാകരന്റെ നാവുപിഴകള്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്നു എന്ന പൊതുവികാരം ശക്താണ്. മറിച്ച് ഉജ്ജ്വല വിജയമാണെങ്കില്‍ സുധാകരന്‍ തുടരും.

പാലക്കാട് ബിജെപി അട്ടിമറി നടത്തിയാല്‍ യുഡിഎഫിനകത്ത് വലിയാ പൊട്ടിത്തെറിക്കും സാധ്യതയുണ്ട്. പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട് പോളിംഗ് കുറഞ്ഞത് ഭൂരിപക്ഷത്തിലും ഇടിവ് ഉണ്ടാക്കിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷീണമാകും. ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ വേണ്ടത്ര പ്രവര്‍ത്തനം ഉണ്ടായില്ലെന്ന് വികാരം ശക്തമാണ്. ബിജെപി മുന്നേറുമോ എന്നതും മണ്ഡലത്തില്‍ പ്രശ്‌നമായി നില്‍ക്കും. േ

അതസമയം ബിജെപി നേതൃത്വത്തിനും തെരഞ്ഞെടുപ്പു നിര്‍ണായകമാണ്. പാര്‍ട്ടി രണ്ടാം സ്ഥാനത്തുള്ള എ ക്ലാസ് മണ്ഡലത്തില്‍ വിജയം നേടാനായാല്‍ അത് വമ്പന്‍ നേട്ടമാകും. തൃശ്ശൂര്‍ ലോക്‌സഭാ സീറ്റിലെ വിജയത്തിന് പിന്നാലെ നിയമസഭയിലും അക്കൗണ്ട് തുറക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തിപരമായും ഗുണകരമാകും. മറിച്ച് തോല്‍വി ഉണ്ടായാല്‍ പുതിയ അധ്യക്ഷന് വേണ്ടിയുള്ള മുറവിളികള്‍ കൂടുതല്‍ ശക്തമായി മാറാനാണ് സാധ്യത. സന്ദീപ് വാര്യര്‍ വിഷയം പരിഹരിക്കാത്തതില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം.

അതേസമയം നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. പോളിങ് കുറഞ്ഞ വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.

ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി.കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.

Tags:    

Similar News