കര്‍ഷക സമരവും ഗുസ്തിക്കാരുടെ പ്രക്ഷോഭവും ഹരിയാനയെ സ്വാധീനിച്ചില്ല; ഡല്‍ഹിയിലേയും പഞ്ചാബിലേയും കെജ്രിവാള്‍ ഇഫക്ടിനും ഫലമില്ല; എക്‌സിറ്റ്‌പോളുകള്‍ വീണ്ടും തെറ്റി; ഹരിയാനയില്‍ 'താമര' വാടിയില്ല; രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച് ബിജെപിക്ക് ഹാട്രിക്കോ?

ഹരിയാനയില്‍ തെറ്റുന്നത് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

Update: 2024-10-08 06:06 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ തെറ്റുന്നത് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എക്‌സിറ്റ് പോളിനെ വിശ്വസിച്ച് രാവിലെ മുതല്‍ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസിന് ഹരിയാന നല്‍കിയത് വമ്പന്‍ ഷോക്ക്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലെ എല്ലാ ദേശീയ മാധ്യമങ്ങളും തുടക്കത്തില്‍ കോണ്‍ഗ്രസിന് വമ്പന്‍ ലീഡ് നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ കോണ്‍ഗ്രസിനെ വിഷമത്തിലാക്കി. അങ്ങനെ മൂന്നാം തവണയും ഹരിയാനയില്‍ ബിജെപി നേട്ടമുണ്ടാക്കി. ഭരണം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കവും വെറുതെയായി. മോദി തരംഗം ആഞ്ഞെടിച്ചുവെന്ന തരത്തില്‍ ഇനി ബിജെപി പ്രചരണവും നടത്തും. അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

എന്‍ഡിഎ, ഇന്ത്യാസഖ്യം എന്നീ മുന്നണികളുടെ ഭാഗമായാണ് ബിജെപിയും കോണ്‍ഗ്രസും മത്സരിച്ചതെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ 89 സീറ്റുകളിലും ബിജെപിയാണ് മത്സരിച്ചത്, ഒരു സീറ്റില്‍ മാത്രമാണ് ലോക്ഹിത് പാര്‍ട്ടി മത്സരിച്ചത്. ഇന്ത്യാസഖ്യത്തില്‍ കോണ്‍ഗ്രസ് 89 സീറ്റുകളിലും ജനവിധി തേടിയപ്പോള്‍ ഒരു സീറ്റിലാണ് സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ചത്. ഇതിനു പുറമേ ജെജെപി (ജനനായക് ജനതാ പാര്‍ട്ടി) എഎസ്പി (ആസാദ് സമാജ് പാര്‍ട്ടി) സഖ്യവും ഐഎന്‍എല്‍ഡി ബിഎസ്പി സഖ്യവുമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400ല്‍ അധികം സീറ്റുകളാണ് എക്‌സിറ്റ്‌പോള്‍ നല്‍കിയത്. എന്നാല്‍ വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപിക്ക് 48 സീറ്റ് മുന്‍തൂക്കമുണ്ട്. ഏതായാലും നാല്‍പതിന് മുകളില്‍ സീറ്റ് ബിജെപിക്ക് ഈ ഘട്ടത്തില്‍ ഉറപ്പാണ്. 45 എന്ന കേവല ഭൂരിപക്ഷം ഒറ്റയ്ക്ക കിട്ടിയില്ലെങ്കില്‍ പോലും സ്വതന്ത്രരേയും മറ്റും കൂട്ടുപിടിച്ച് ഭരണത്തിലെത്താന്‍ ബിജെപിക്ക് കഴിയും.

ജെജെപി, ആസാദ് സമാജ് പാര്‍ടി സഖ്യം 78 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ ജെജെപി 66 സീറ്റുകളിലും എഎസ്പി 12 സീറ്റുകളിലുമാണ് മത്സരിച്ചത്്. ഐഎല്‍എന്‍ഡി 51 സീറ്റുകളിലും ബിഎസ്പി 35 സീറ്റുകളിലും ആം ആദ്മി പാര്‍ടി 88 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഡല്‍ഹി-പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഹരിയാന. ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി ഭരണമാണ്. അതുകൊണ്ട് തന്നെ അവിടെ ആംആദ്മി ചലനം പ്രതീക്ഷിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ വാസത്തിലെ രാഷ്ട്രീയ പ്രതികാരവും മുഖ്യമന്ത്രി പദത്തില്‍ നിന്നുള്ള കെജ്രിവാളിന്റെ രാജിയുമൊന്നും ഹരിയാനയില്‍ പ്രതിഫലിച്ചില്ല. ബിജെപിയുടെ വോട്ട് വിഹിതത്തിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2019നെ അപേക്ഷിച്ച് ഉയര്‍ച്ചയുണ്ടായി.

കര്‍ഷക സമരം, ഗുസ്തി താരങ്ങളുടെ സമരം, സീറ്റ് നിഷേധിച്ചതിനു പിന്നാലെ സ്വതന്ത്രരായി മത്സരത്തിനിറങ്ങിയ വിമത സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജെജെപി സഖ്യം വിട്ടത്, ജാട്ട് സമുദായത്തിന് ഏറെ പ്രാതിനിധ്യമുള്ള ഹരിയാനയില്‍ ജാട്ടു കക്ഷികളില്‍ ഒന്നിന്റെയും പിന്തുണയില്ലാതെ മത്സരത്തിന് ഇറങ്ങിയത് എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍. പരമ്പരാഗത ജാട്ട് പാര്‍ട്ടികളായ ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജെജെപിയും ഐഎന്‍എല്‍ഡിയും പ്രധാന മുന്നണികളുമായി സഖ്യത്തിലുമായിരുന്നില്ല. ആത്മവിശ്വാസക്കൂടുതല്‍ ഈ രണ്ട് പാര്‍ട്ടികളേയും തകര്‍ത്തു.

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി 40 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ വോട്ട് വിഹിതം 36.49% ആയിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 28.08% , ജെജെപിയുടേത് 14.80%, ഐഎന്‍എല്‍ഡിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് 2024ല്‍ കോണ്‍ഗ്രസ് മത്രത്തിന് എത്തിയത്. ബിജെപിയിലും കോണ്‍ഗ്രസിലും സീറ്റ് ലഭിക്കാത്തവര്‍ വിമതരായി മത്സരിച്ചു. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാര്‍ടിയില്‍ നിന്ന് ബിജെപി പുറത്താക്കിയിരുന്നു. ഏതായാലും വിമതര്‍ ബിജെപിക്ക് വെല്ലുവിളിയായില്ല.

കോണ്‍ഗ്രസിലും വിമതര്‍ മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ തീരുമാനിച്ച 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഈ വിമതരുടെ വോട്ട് കോണ്‍ഗ്രസിന തിരിച്ചടിയായി. തെരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പിന്നോക്കം പോക്കും ഹരിയാനയിലെ ബിജെപി തരംഗത്തിന്റെ തെളിവായി മാറി.

ഹരിയാനയില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപ, 300 യൂണീറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉള്‍പ്പെടെ കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പട്ടിക. എന്നാല്‍ ഈ പ്രഖ്യാപനമൊന്നും വോട്ടിംഗില്‍ കോണ്‍ഗ്രസിന് തുണയായില്ല,

Tags:    

Similar News