അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ 'തമാര'യില്‍ ഞെട്ടി ഇടതുപക്ഷം
തിരുവനന്തപുരം: ജില്ലാ സെക്രട്ടറിയുടെ കഥകള്‍ സംസ്ഥാന സെക്രട്ടറിയ്ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞ കരമന ഹരി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവലോക യോഗം അലങ്കോലപ്പെട്ടിട്ടും എംവി ഗോവിന്ദനും പുത്തലത്ത് ദിനേശനും കാഴ്ചക്കാരായിരിക്കാനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫലം എന്തുവെന്നത് അന്നേ മനസ്സിലായിരുന്നു. പക്ഷേ അതിന് അപ്പുറത്തേക്ക് പോയി സിപിഎം പരാജയം. 29 സീറ്റില്‍ ഒതുങ്ങി ഇടതു നീക്കം. ഈ തോല്‍വി തിരുവനന്തപുരത്ത് വലിയ ചലനമുണ്ടാക്കും. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും നേമത്തും ബിജെപി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ബിജെപി ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച കരിക്കകവും തൃക്കണ്ണാപുരവും സിപിഎം നേടി. എന്നിട്ടും സിപിഎം തോറ്റു. ബിജെപിക്ക് 50 സീറ്റും കിട്ടി. ഈ സാഹചര്യത്തില്‍ കരമന ഹരിയെന്ന ജില്ലാ കമ്മറ്റി അംഗത്തിനെതിരെ സിപിഎം നടപടി എടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തീപാറും പോരാട്ടത്തിനിടെ തലസ്ഥാന സിപിഎമ്മില്‍ പൊട്ടിത്തറി ഉണ്ടായത് സംസ്ഥാന നേതൃത്വം ഇനി ഗൗരവത്തില്‍ എടുക്കും. വോട്ടെടുപ്പിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കങ്ങളത്രയും നഗരപരിധിയിലെ നെടുങ്കാട് അടക്കം വാര്‍ഡുകളില്‍ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവര്‍ത്തനം പോരെന്ന അടക്കം പറച്ചില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി. അത് ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്ത സെക്രട്ടറി വി ജോയി ഒരുകട്ടക്ക് കയറ്റി പിടിച്ചു. ചുമതല ഏല്‍പ്പിച്ചവര്‍ അത് നിര്‍വ്വഹിക്കാത്തത് കഷ്ടമാണെന്ന് ജോയ് പറഞ്ഞ് നിര്‍ത്തിയ ഉടനെ കമ്മിറ്റിയില്‍ കരമന ഹരി എഴുന്നേറ്റു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പാര്‍ട്ടി ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്റെ കണക്കെണ്ണിപ്പറഞ്ഞ് ക്ഷോഭിച്ചു. ഈ സാഹചര്യത്തില്‍ കരമന ഹരിക്കെതിരെ നടപടി എടുക്കാനാണ് ജോയിയുടെ നീക്കം. ജോയിയുടെ ചില ഇടപാടുകള്‍ എണ്ണയെണ്ണി കരമന ഹരി പറഞ്ഞുവെന്നാണ് സൂചന.
പലപ്പോഴും അത് വി ജോയിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കൂടിയായി. എല്ലാം കേട്ട എംവി ഗോവിന്ദന്‍ മിണ്ടാതിരുന്നു. പുത്തലേത്ത് ദിനേശനും ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണനെ പോലൊരു സംസ്ഥാന സെക്രട്ടറിയായിരുന്നുവെങ്കില്‍ ഇത്തരമൊരു അടി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് സഖാക്കള്‍. നേതൃത്വത്തിന് അണികളിലുള്ള സ്വാധീനം പോയി. വാഴോട്ടുകോണത്തെ തോല്‍വി ചോദിച്ചു വാങ്ങിയതാണ്. ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം പോരായ്മയുണ്ടായി. ഇതെല്ലാം അവലോകന യോഗത്തില്‍ ചര്‍ച്ചയായി. വിമര്‍ശനം ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടില്‍ വി ജോയി ലഘൂകരിച്ചെങ്കിലും പാര്‍ട്ടിക്കകത്ത് പ്രശ്‌നം നീറുന്നുണ്ട്. തൊട്ടുമുന്‍പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനങ്ങളോട് കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷ ഭാഷയില്‍ പ്രതികരിച്ചെന്നാണ് വിവരം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഇടപെടലും വിമത സാന്നിധ്യവുമൊക്കെയായിരുന്നു കടകംപള്ളിക്കെതിരായ കുറ്റപത്രം. ജില്ലാ സെക്രട്ടറിയായ നാളുമുതല്‍ രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന കടകംപള്ളിയുടെ മറുവാദം ജില്ലാ സെക്രട്ടറിയോ സെക്രട്ടേറിയറ്റ് യോഗത്തിലിരുന്ന എംവി ഗോവിന്ദനോ ഏറ്റുപിടിക്കാന്‍ പോയതുമില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ 45 സീറ്റ് ഉറപ്പെന്നും പത്ത് സീറ്റില്‍ കനത്ത പോരാട്ടമെന്നുമായിരുന്നു പാര്‍ട്ടി കണക്ക്. പക്ഷേ അതെല്ലാം വെറും വ്യോമഹമായി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ കരമന ഹരി. അന്ന് കരമന ഹരിയോട് സിപിഎം വിശദീകരണം തേടിയിരുന്നു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്. നഗരസഭ മുന്‍ കൗണ്‍സിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഈ നേതാവാണ് ഇപ്പോള്‍ വീണ്ടും വിവാദത്തില്‍ പെടുന്നത്.
മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ 2024ലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കിയിരുന്നു.
