എരുവയില്‍ നാലു കൊല്ലം മുമ്പ് ബിജെപിക്ക് കിട്ടിയത് 406 വോട്ട്; കാടിളക്കി എത്തിയ ബിബിന്‍ സി ബാബു വോട്ടു പിടിച്ചപ്പോള്‍ കിട്ടിയത് 391വോട്ടും; പഴയ സഖാവിനെ എത്തിച്ചിട്ടും നേട്ടമില്ല; കായംകുളത്ത് നിന്നും ശോഭയെ പുകയ്ക്കാന്‍ ശ്രമിച്ചവര്‍ നിരാശര്‍; സ്വന്തം വാര്‍ഡില്‍ പോലും ബിജെപി വോട്ട് കൂട്ടാനാകാത്ത ബിപിന്‍; ആലപ്പഴയില്‍ 'ശോഭ' തുടരുമോ?
ആലപ്പുഴ: കായംകുളം പത്തിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ എരുവ പിടിച്ചെടുത്ത് കോണ്‍ഗ്രസ് കരുത്ത് കാട്ടുമ്പോള്‍ പൊളിയുന്നത് ബിജെപിയുടെ ബിപിന്‍ സി ബാബു ഓപ്പറേഷന്‍. കായംകുളം കേന്ദ്രീകരിച്ച് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തനത്തിലാണ്. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ എത്തിയത്. കായംകുളം നിയമസഭാ സീറ്റ് പ്രതീക്ഷിച്ചാണ് വരവെന്നായിരുന്നു വിലയിരുത്തല്‍. ഇതിന് പിന്നില്‍ ചില വ്യക്തികളുടെ കൈയ്യുമുണ്ടായിരുന്നു. പത്തിയൂരില്‍ ബിജെപി ജയിക്കുമെന്നും അതോടെ ബിപിന്‍ സി ബാബുവിന് നല്ലകാലം വരുമെന്നുമായിരുന്നു ഈ വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടായി. പക്ഷേ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും. അതായത് സിപിഎമ്മിനോടുള്ള അതൃപ്തി ബിജെപിക്ക് വോട്ടായില്ല. ബിപിന്‍ സി ബാബുവിനോട് എതിര്‍പ്പുള്ള ബിജെപിക്കാരും മാറ്റിക്കുത്തി. അതായത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജയം പ്രതീക്ഷിച്ച് നിരാശരായ ബിജെപി നേതൃത്വം കായംകുളത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ട സ്വപ്‌നം പൊലിഞ്ഞു.
പത്തിയൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപക് എരുവ 575 വോട്ട് നേടിയാണ് വിജയിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി സിഎസ് ശിവശങ്കരപ്പിള്ള 476 വോട്ടോടെ രണ്ടാമതെത്തി. കഴിഞ്ഞ തവണ സിപിഐഎമ്മിന്റെ ജയകുമാരി വിജയിച്ച വാര്‍ഡാണിത്. ജയകുമാരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിന്‍ സി ബാബുവിന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡാണ് പത്തിയൂര്‍. പക്ഷേ ബിജെപിക്ക് ഇവിടെ നേട്ടമുണ്ടാക്കാനായില്ല. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പക്ഷേ അതിന്റെ ആവര്‍ത്തനം ബിപിന്‍ സി ബാബു വന്ന ശേഷമുണ്ടായില്ല. കായംകുളത്ത് സിപിഎം വിട്ട് ബിപിന്‍ സി. ബാബു ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ബലാബലത്തിനുള്ള ഗോദയായി മാറുമെന്നായിരുന്നു വിലയിരുത്തല്‍.
കഴിഞ്ഞതവണ സി.പി.എം. 54 വോട്ടിനാണ് വിജയിച്ചത്. 531 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന് 477 വോട്ടും ബി.ജെ.പി.ക്ക് 406 വോട്ടും ലഭിച്ചിരുന്നു. എരുവ എന്നാണ് വാര്‍ഡിന്റെ പേര്. ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ ദീപക് എരുവ 575 വോട്ട് നേടി. സി എസ് ശിവശങ്കര പിള്ളയ്ക്ക് 476 വോട്ട്. ബിജെപിയുടെ ബിജു ആമ്പക്കാട്ടിന് 391ഉം. അതായത് ബിജെപിക്ക് വോട്ടു കറുഞ്ഞു. ബിപിന്‍ സി ബാബു ഇഫക്ട് ബിജെപിയെ തുണച്ചില്ലെന്ന് സാരം. 19 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് 14, എന്‍ഡിഎ നാല്, യുഡിഎഫ് ഒന്ന് എന്നിങ്ങനെയായിരുന്നു നേരത്തെയുള്ള കക്ഷിനില. ഇനി ഇടതിന് ഒന്നു കുറയും. കോണ്‍ഗ്രസിന് ഒന്നു കൂടും. നാല് ബിജെപി അംഗങ്ങള്‍ ഇവിടെയുണ്ട്. അതായത് അടിസ്ഥാന വോട്ടുകള്‍ ബിജെപിക്കുള്ള സ്ഥലം തന്നെയാണ് പത്തിയൂര്‍. എരുവയില്‍ അതുകൊണ്ട് തന്നെ വോട്ടു കൂടുമെന്നും ബിജെപി പ്രതീക്ഷിച്ചിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ച്. ഇതോടെ ബിപിന്‍ സി ബാബു എത്തിയത് ഗുണം ചെയ്തില്ലെന്ന വിലയിരുത്തല്‍ സജീവമാകുകയാണ്.
കഴിഞ്ഞ തവണയും ദീപക് എരുവ മത്സരരംഗത്തുണ്ടായിരുന്നു. ഇത്തവണ വാര്‍ഡ് പിടിച്ചെടുത്തതിന്റെ ആഹ്‌ളാദത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ മുന്നണികള്‍ വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്തായിരുന്നു ബിപിന്റെ കൂടുമാറ്റം. പഞ്ചായത്തംഗമായിരുന്ന ജയകുമാരി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയകുമാരിയുടെ ഭര്‍ത്താവാണ് ഇത്തവണത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എസ്.ശിവശങ്കരപിള്ള. സഹതാപ തരംഗത്തില്‍ ജയിക്കാമെന്നായിരുന്നു് സിപിഎം പ്രതീക്ഷ. ബിപിന്‍ കൂടുമാറുമ്പോള്‍ എന്തും സംഭവിക്കാമെന്ന വിലയിരുത്തലെത്തി. അങ്ങനെ സിപിഎം തോറ്റു. പക്ഷേ ബിജെപി സന്തോഷിക്കുന്നുമില്ല. ഇതിനൊപ്പം ശോഭയുടെ ലോക്‌സഭാ ഇഫക്ടും ചര്‍ച്ചകളിലുണ്ട്. ബിപിന്‍ സി ബാബുവിന് ബിജെപിക്ക് വോട്ടെത്തിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ശോഭയുടെ കാര്യം അങ്ങനെ അല്ല. അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തിരിഞ്ഞെടുപ്പില്‍ കായംകുളത്തെ മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി ശോഭയുടെ പേര് ഒന്നാമതായി മാറുകയാണ്.
ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കായംകുളം നിയമസഭാപരിധിയില്‍ സി.പി.എം. മൂന്നാമതായിരുന്നു. ബി.ജെ.പി.യാണ് രണ്ടാമതെത്തിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടു ചോര്‍ച്ചയുണ്ടായി. വോട്ടുകളുടെ സാമുദായികധ്രുവീകരണവും ഇതിനു കാരണമായി. ശോഭയും കായംകുളത്തെ പ്രതീക്ഷയോടെ കണ്ടു. ഇതിനിടെയാണ് സിപിഎമ്മില്‍ നിന്നും ബിപിന്‍ സി ബാബു ബിജെപിയില്‍ എത്തുന്നത്. അടുത്തതവണ കായംകുളത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ ബിപിന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണു സൂചന. അങ്ങനെ എങ്കില്‍ ശോഭയുടെ കായംകുളം മോഹത്തിന് കടുത്ത വെല്ലുവിളിയാകുമെന്നും വിലയിരുത്തല്‍ എത്തി. ആലപ്പുഴയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഹരിപ്പാട്ട് മത്സരിക്കേണ്ടി വരും. ഇത് രമേശ് ചെന്നിത്തലയുടെ സിറ്റിംഗ് സീറ്റാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ അമ്പരപ്പ് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ധ്രുവീകരണത്തില്‍ ബിജെപി വോട്ടുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന് കാരണം ശോഭാ സുരേന്ദ്രന്‍ ഇഫക്ടായിരുന്നു. ശോഭയുടെ പ്രചാരണം കൂടുതല്‍ കേന്ദ്രീകരിച്ചതു ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, അമ്പലപ്പുഴ മേഖലകളിലാണ്. അതു വോട്ടിലും പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടരുമെന്നും ശോഭ പറഞ്ഞിരുന്നു. എന്നാല്‍ ബിപിന്‍ സി ബാബു ബിജെപിയിലേക്ക് വരുമ്പോള്‍ ശോഭയ്ക്ക് കായംകുളത്ത് സാധ്യത കുറയുമോ എന്ന ചര്‍ച്ചയും ഉയര്‍ന്നു. പക്ഷേ എരുവയിലെ ബിജെപി തോല്‍വി ശോഭയുടെ സാധ്യത കൂടുതല്‍ സജീവമാക്കും.
2019ലെ തിരഞ്ഞെടുപ്പില്‍ 17.22% ആയിരുന്ന എന്‍ഡിഎയുടെ വോട്ടുവിഹിതം ശോഭ 28.3% ആക്കി. അതോടെ, സംസ്ഥാനത്ത് എന്‍ഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായി ആലപ്പുഴ. എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ ഏറ്റവും ആഘാതമേറ്റത് എല്‍ഡിഎഫിനാണ് കുറഞ്ഞത് 8.7% വോട്ടുകള്‍. വിജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലും 1.74 ശതമാനത്തിന്റെ കുറവുണ്ടായി. 2014 ലെ തിരഞ്ഞെടുപ്പില്‍ 4.31% ആയിരുന്ന വോട്ടു വിഹിതം 2019ല്‍ 17.22% ആയി 12.91% വര്‍ധന. എന്നാല്‍ ഇത്തവണ ശോഭ സുരേന്ദ്രന്‍ മൂന്നു ലക്ഷത്തിനടുത്ത് വോട്ടു നേടി. 2 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തളളി രണ്ടാമതുമെത്തി. ഹരിപ്പാടും കായകുളത്തുമാണ് രണ്ടാമത് എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശോഭ സുരേന്ദ്രന്റെ വരവും തീരദേശം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സാഹചര്യം കൂടുതല്‍ അനുകൂലമാക്കി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടും '19 ല്‍ ആറ്റിങ്ങലിലും സമാനമായ പ്രകടനം നടത്തി മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട് ശോഭ. 2009 ല്‍ ബിജെപി 68,804 വോട്ട് നേടിയ പാലക്കാട് മണ്ഡലത്തില്‍ 2014ല്‍ ശോഭ നേടിയത് 1,57,553 വോട്ട്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 90,528 വോട്ട് മാത്രം നേടിയ ആറ്റിങ്ങലില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ നേടിയത് 2,48,081 വോട്ട്. ആലപ്പുഴയിലെ വോട്ട് വിഹിതം പത്തു വര്‍ഷത്തിനിടെ 28.3% ആയി ഉയര്‍ന്നത് എന്‍ഡിഎ നേതൃത്വം പ്രതീക്ഷയോടെയാണു കാണുന്നത്.
കായംകുളത്ത് 2019ല്‍ സിപിഎമ്മിന്റെ എ എം ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇക്കുറി കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി. വേണുഗോപാല്‍-50216, എ എം ആരിഫ്-48020, ശോഭാ സുരേന്ദ്രന്‍-48775 എന്നിങ്ങനെയാണ് വോട്ടുകിട്ടിയത്. അതായത് ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി. കഴിഞ്ഞപ്രാവശ്യം ആരിഫിന് 62,370 വോട്ട് ലഭിച്ചിരുന്നതാണ്. കെസിയുമായുള്ളത് വെറും 1400ഓളം വോട്ടിന്റെ വ്യത്യാസം. ഹരിപ്പാട് മണ്ഡലത്തില്‍ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കില്‍ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാല്‍, എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാള്‍ കൂടുതല്‍ ശോഭാ സുരേന്ദ്രന്‍ പിടിച്ചു. ചേര്‍ത്തലയില്‍ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിന് ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി. കരുനാഗപ്പള്ളിയില്‍ വെറും 191 വോട്ടിന്റെ വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്. അമ്പലപ്പുഴയിലാകട്ടെ ഇത് 110 ഉം. ഇതു കൊണ്ടാണ് കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ശോഭ തീരുമാനിച്ചതിന് പിന്നിലെ കാരണം. ഹരിപ്പാടും പ്രതീക്ഷ വച്ചു. ഇതിനിടെയാണ് ബിപിന്‍ ബിജെപിയില്‍ എത്തിയത്.
കായംകുളത്തെ സിപിഎമ്മില്‍ വിഭാഗീയത ശക്തമാണ്. ജി സുധാകരന്‍ ഇഫക്ട് പോലും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പംകൂട്ടി ബിജെപി ശക്തി തെളിയിക്കാനായിരുന്നു ബിപിന്റെ ശ്രമം. ഇതിനു തടയിടാന്‍ പാര്‍ട്ടിയും മുന്നിട്ടിറങ്ങി. ഇവിടെ സിപിഎമ്മും ബിപിനും തോറ്റു. കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തു. ബിപിന്ഡ നിലവില്‍ കൃഷ്ണപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. ഇതു രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇല്ലാത്ത പക്ഷം ആയോഗ്യനാക്കാനുള്ള നീക്കം സിപിഎം നടത്തും. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കും വിധം രാജിവയ്ക്കുകയാണ് ബിപിന്റെ ലക്ഷ്യം. അതുകൊണ്ട് കുറച്ചു ദിവസം കൂടി കാത്തിരിക്കും. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് തന്നെ ചെറിയ കാലയളവിലേക്ക് വോട്ടെടുപ്പ് നടക്കില്ല. ഇനി തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരാന്‍ ഒരു വര്‍ഷമില്ലാത്തതിനാല്‍ ബിപിന്‍ രാജിവെച്ചാലും ഉപതിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത കുറവാണ്
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സി.പി.എം. കായംകുളം ഏരിയ സെന്റര്‍ അംഗം, 2015-2018 വര്‍ഷത്തില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ബിപിന്‍. അമ്മ കെ.എല്‍. പ്രസന്നകുമാരി സി.പി.എം. ഏരിയ കമ്മിറ്റി അംഗവും 20 വര്‍ഷത്തോളം ജനപ്രതിനിധിയുമായിരുന്നു. മുന്‍ ഭാര്യയും ഡിവൈഎഫ്ഐയിലെ സജീവ സാന്നിധ്യമാണ്. ഇവരെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നമാണ് ബിപിനെ സിിപിഎമ്മില്‍ നിന്നും അകറ്റിയത്. പാര്‍ട്ടിയംഗം കൂടിയായ ഭാര്യ ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കിയതോടെയാണു വിവാദങ്ങളില്‍പ്പെട്ടത്. പാര്‍ട്ടി ഇടപെട്ടായിരുന്നു ഇവരുടെ വിവാഹം. രണ്ടുവര്‍ഷം മുന്‍പ് വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തി. ഗാര്‍ഹികപീഡന പരാതി പാര്‍ട്ടിക്കു നല്‍കുകയും ചെയ്തു. ഇതോടെ കുടുംബപ്രശ്‌നം പാര്‍ട്ടിവിഷയമായി. ആരോപണം അന്വേഷിച്ച പാര്‍ട്ടി ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. കായംകുളം ഏരിയ കമ്മിറ്റിയംഗമായിരുന്നു അപ്പോള്‍.
ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിയും വന്നു. നടപടിയുടെ കാലാവധി കഴിഞ്ഞിട്ടും ബിപിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് എടുത്തതില്‍ ബിപിന്‍ അസ്വസ്ഥനായിരുന്നു. വിഭാഗീയതമൂലം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ബിജെപിയിലേക്കുള്ള പോക്ക്. ബിപിന്റെ അമ്മ കെ.എല്‍. പ്രസന്നകുമാരി ഏരിയ കമ്മിറ്റിയംഗമാണ്. ഏരിയ കമ്മിറ്റിയില്‍നിന്നു രാജിവെക്കുകയാണെന്നുകാണിച്ച് പ്രസന്നകുമാരിയും നേരത്തേ പാര്‍ട്ടിക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെ രണ്ടുപേരും പാര്‍ട്ടി പരിപാടികളില്‍ സജീവമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിപിന്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ബിപിന്‍ പാര്‍ട്ടിവിടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. 2001-ലെ നിയമസഭാതിരഞ്ഞെടുപ്പു കാലത്ത് കരീലക്കുളങ്ങരയില്‍ സത്യന്‍ എന്ന ഓട്ടോറിക്ഷാത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത് പാര്‍ട്ടി ആലോചിച്ചാണെന്നായിരുന്നുവെന്ന ആരോപണം ബിപിന്‍ ഉയര്‍ത്തിയിരുന്നു.