കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയെ തള്ളിയ യുഡിഎഫ്; ചേര്‍ത്ത് നിര്‍ത്തിയത് ബില്ലിനെ എതിര്‍ക്കണമെന്ന സമസ്തയുടെ ആവശ്യം; മുനമ്പത്തുകാരെ ഹൈബിയും ഡീനും വഞ്ചിച്ചുവോ? കോണ്‍ഗ്രസിനെ രാഷ്ട്രീയ 'ത്രിശങ്കുവില്‍' ആക്കുമോ വഖഫിലെ നയ തീരുമാനം? കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഇനി എങ്ങോട്ട്?
ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ് അംഗീകരിച്ചത് സമസ്തയുടെ ആവശ്യം. ഇത് യുഡിഎഫ് രാഷ്ട്രീയത്തെ സ്വാധീനിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസിനേയും കേരളാ കോണ്‍ഗ്രസിനേയും താങ്ങി നിര്‍ത്തുന്നത് എന്നും മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളാണ്. യുഡിഎഫിലെ കോണ്‍ഗ്രസ് എംപിമാരെല്ലാം വഖഫ് ബില്ലിനെ എതിര്‍ത്തു. യുഡിഎഫിന്റെ ഭാഗമായ പിജെ ജോസഫിന്റെ എംപിയായ ഫ്രാന്‍സിസ് ജോര്‍ജും വക്കഫില്‍ കെസിബിസി ആവശ്യം തള്ളി. രാജ്യസഭയില്‍ ജോസ് കെ മാണിയക്കും എതിര്‍ത്ത് വോട്ട് ചെയ്യേണ്ടി വരും. അതായത് കേരളാ കോണ്‍ഗ്രസിലെ രണ്ടു പ്രധാന വിഭാഗങ്ങളും ക്രൈസ്തവ സഭയെ തള്ളുകയാണ് ഇവിടെ. ഈ രാഷ്ട്രീയ തീരുമാനം വരും തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് ഗുണം ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി പ്രതീക്ഷയിലാണ്. എന്നാല്‍ ബില്ലിനെ സിപിഎമ്മും എതിര്‍ക്കുന്നു. പക്ഷേ കോണ്‍ഗ്രസിനോടുള്ള കെസിബിസിയുടെ പ്രതികാരം ചില കേന്ദ്രങ്ങളിലെങ്കിലും ഇടതിന് വോട്ടാകുമെന്ന ചിന്ത സിപിഎമ്മിനുണ്ട്. വഖഫിനെ കോണ്‍ഗ്രസ് എതിര്‍ത്തത് സമസ്തയുടേയും മുസ്ലീം സംഘടനകളുടേയും സമ്മര്‍ദ്ദഫലമാണെന്ന് കെസിബിസി വിലയിരുത്തുന്നുണ്ട്. ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയും (കെ.സി.ബി.സി) കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സി.ബി.സി.ഐ) പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് ത്രിശങ്കുവിലായെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ കെ.സി.ബി.സി നിലപാട് തള്ളിയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു തീരുമാനം. ലോക്‌സഭയില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
വഖഫ് ബില്ലില്‍ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചിരുന്നു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ പല വകുപ്പുകള്‍ക്കും എതിരാണ് കേന്ദ്രം അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് ബില്‍. എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം. നിയമം നടപ്പിലാക്കിയാല്‍ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാവും- ഇതായിലുന്നു ലീഗ് നിലപാട്. ജെ.പി.സിയില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ലമെന്റില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. സമസ്തയും പരസ്യ നിലപാട് എടുത്തു. ഇതിനൊപ്പം നിന്ന് കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുകയായിരുന്നു കോണ്‍ഗ്രസും. ബില്ലിനെ ശക്തമായി എതിര്‍ക്കാനും പാസാക്കിയാല്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനും മുസ്്‌ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുക്കാതെ എം.പിമാര്‍ സഭയില്‍ ഹാജരാകുകയും ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ജെ.പി.സിക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തള്ളി ഭരണപക്ഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. ഈ ബില്ലാണ് വീണ്ടും അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എതിര്‍ത്തെങ്കിലും രണ്ടു സഭയിലും വഖഫ് ബില്‍ പാസാകുമെന്ന് ഉറപ്പാണ്. മുസ്ലിം വോട്ടുകള്‍ കേരളത്തിലെ രാഷ്ട്രീയ അടിത്തറയുടെ ഭാഗമാണ്. മുസ്ലിം സംഘടനകള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ പാര്‍ട്ടികള്‍ വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. അങ്ങനെയാണ് കെസിബിസിയുടെ ആവശ്യം തള്ളിയത്. കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ പരമ്പരാഗതമായി യുഡിഎഫ് കുത്തകയാണ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതിലെത്തിയപ്പോള്‍ ചെറിയ അടിയൊഴുക്കുകളുണ്ടായി. അപ്പോഴും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ വോട്ടുകള്‍ കോണ്‍ഗ്രസിന് തിരിച്ചു പിടിക്കാനായി. കെസിബിസിയുടെ പരസ്യ നിലപാടിനെ വഖഫില്‍ കോണ്‍ഗ്രസ് തള്ളുമ്പോള്‍ ആ വോട്ടുകള്‍ പിടിച്ചെടുക്കാനുള്ള മോഹം ബിജെപിക്ക് ഉയരുകയാണ്.
വഖഫ് ബില്‍ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഈ സര്‍ക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങള്‍ തൊഴിലില്ലായ്മ ഉള്‍പ്പെടെ, കര്‍ഷക രോഷമോ ഒന്നും സര്‍ക്കാരിന്റെ വിഷയമേ അല്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ നിരന്തരം സഞ്ചരിച്ച് ഒരു ലോകനേതാവാകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇവിടെ, മതത്തിന്റെ പേരില്‍ നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം കാര്യമല്ല. ഭൂരിപക്ഷ രാഷ്ട്രമെന്ന സ്വപ്നം കെട്ടിപ്പടുക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നു. പാര്‍ലമെന്റിലെ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം റദ്ദാക്കിയതും ഇത്തരമൊരു നീക്കമായിരുന്നു. ഇന്ന് ക്രൈസ്തവ സമൂഹങ്ങളുടെ രക്ഷകരായി നടിക്കുകയാണ് ബി.ജെ.പി. 1964-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം പോലും മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു എന്ന് നാം വിസ്മരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം ക്രൈസ്തവ സഭയെ പിണക്കാതെ ചേര്‍ത്തു നിര്‍ത്താനുള്ള കോണ്‍ഗ്രസ് വാദങ്ങളുടെ പ്രതിഫലനമാണ്. എന്നാല്‍ അത് എത്രത്തോളം നടക്കുമെന്ന ആശങ്ക കേരളത്തിലെ പല ക്രൈസ്തവ കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.
കേരളത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹിന്ദു എം.എല്‍എമാര്‍ക്ക് മാത്രമേ അതില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളൂ. 1988ലെ ശ്രീ മാതാ വൈഷ്ണോ ദേവി ഷ്‌റൈന്‍ ആക്ട് പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ചെയര്‍മാന്‍. ഇനി ആ പദവിയില്‍ ഹിന്ദു വിശ്വാസിയില്ലാത്ത ഒരാളാണെങ്കില്‍ വിശ്വാസിയായ ഒരാളെ നിര്‍ദേശിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവേചനമില്ല, മറിച്ച് വിശ്വാസങ്ങളോടുള്ള ബഹുമാനമാണ്. വസ്തുത ഇതായിരിക്കെ വഖഫ് സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് വിവേചനമാണ്. മുനമ്പം വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്ക് നീതികിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഞങ്ങള്‍ പലതവണ ആവര്‍ത്തിച്ച വിഷയമാണ്. കെ.സി.ബി.സിയും സി.ബി.സി.ഐയും ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്ന് ഇപ്പോഴെങ്കിലും മന്ത്രി അംഗീകരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളെ കെ.സി.ബി.സി തന്നെ പലതവണ അപലപിച്ച കാര്യം അദ്ദേഹം മറന്നുവോയെന്ന് സംശയമുണ്ട്. രാജ്യത്തുടനീളം ക്രിസ്തീയ ദേവാലയങ്ങള്‍ക്കെതിരെയും, വിശ്വാസികള്‍ക്കെതിരെയും അതിക്രമം നടക്കുമ്പോള്‍ അത് സഭയില്‍ ഉന്നയിക്കാന്‍ പോലും അനുമതി നല്‍കാത്ത സര്‍ക്കാരാണിത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തുന്നു. ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതര്‍ സ്ത്രീകള്‍ക്ക് വെള്ളം നല്‍കുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയര്‍ത്തിക്കാട്ടി കെ.സി വേണുഗോപാല്‍ പറഞ്ഞു. പക്ഷേ ഈ പ്രസ്താവന കൊണ്ടൊന്നും മുനമ്പത്തുകാര്‍ തൃപ്തരല്ല. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് അവര്‍.
വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീന്‍ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് മാര്‍ച്ച് നടത്തി ബിജെപിയും രാഷ്ട്രീയ സന്ദേശം നല്‍കി കഴിഞ്ഞു. കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ഇടുക്കിയില്‍ ചെറുതോണിയിലുള്ള ഡീന്‍ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ''വഖഫ് അധിനിവേശത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേരളത്തില്‍ നിന്നുള്ള യുഡിഎഫ് - എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണ്'' എന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും ഹൈബി ഈഡന്റെ ഓഫിസിലേക്ക് ആരംഭിച്ച ബിജെപി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.