ഇടതു മുന്നണിയുടെ തുറപ്പുചീട്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്; ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം തണുപ്പിച്ചു; ക്ഷേമപദ്ധതികല്‍ വോട്ടുമെന്ന് പ്രതീക്ഷ; യുഡിഎഫ് പ്രചരണ രംഗത്ത് സജീവമാകുക ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഓര്‍മ്മിപ്പിച്ച്; ഇരു മുന്നണികള്‍ക്കും വലിയ വിജയം അനിവാര്യം; വികസന വാഗ്ദാനവുമായി കുതിപ്പിന് എന്‍ഡിഎയും

ഇടതു മുന്നണിയുടെ തുറപ്പുചീട്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്

Update: 2025-11-11 02:44 GMT

തിരുവനന്തപുരം: ആറ് മാസം മാത്രമാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള സാവകാശം. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുന്നണികളെ സംബന്ധിച്ചിടത്തോളം ഭരണം പിടിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് തദ്ദേശ സ്വയംഭരണ രംഗത്ത് സജീവമാകുക. വലിയ വിജയമ എല്ലാവര്‍ക്കും അനിവാര്യമായിരിക്കുന്നത്. മൂന്നുമാസത്തിനപ്പുറമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം തുടരാനുള്ള ഇന്ധനമാണിതെന്നതിനാല്‍ അരയും തലയും മുറുക്കിയാണ് മുന്നണി ഗോദയിലുള്ളത്.

കൈവശമുള്ള കോര്‍പറേഷനുകളും ജില്ല പഞ്ചായത്തുകളുമടക്കം നഷ്ടമാകുന്നപക്ഷം ഭരണ വിരുദ്ധ വികാരത്തിന്റെ ആളിക്കത്തലായി അത് മാറും. ആ പ്രചാരണം നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ ഘടകവുമാകും. അതിനാല്‍, നേടിയതിനപ്പുറം പിടിച്ചെടുക്കാനാണ് മുന്നണിയുടെ പടയോട്ടം. നിലവില്‍ 941 ഗ്രാമ പഞ്ചായത്തില്‍ 514ലും 152 ബ്ലോക്ക് പഞ്ചായത്തില്‍ 113ലും 87 മുനിസിപ്പാലിറ്റിയില്‍ 44ലും 14 ജില്ല പഞ്ചായത്തില്‍ 11ലും ആറ് കോര്‍പറേഷനില്‍ അഞ്ചിലും ഇടതുഭരണമാണ്.

കോര്‍പറേഷനില്‍ കൊല്ലത്തും തിരുവനന്തപുരത്തും കോഴിക്കോടും മാത്രമാണ് വ്യക്തമായ മേധാവിത്വം. തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തേ കളത്തിലുണ്ട്. ജില്ല പഞ്ചായത്തില്‍ എറണാകുളം, മലപ്പുറം, വയനാട് എന്നിവ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ കൈവശമുള്ള 11ല്‍ ഏതൊക്കെ പോകുമെന്നതും കണ്ടറിയണം. സര്‍ക്കാര്‍ 'പ്രതിക്കൂട്ടിലുള്ള ശബരിമല സ്വര്‍ണകൊള്ള, ആരോഗ്യമേഖലയിലെ വീഴ്ചകള്‍, പി.എം ശ്രീ എന്നിവ രാഷ്ട്രീയ ചര്‍ച്ചയായ സാഹചര്യത്തില്‍ ഭരിക്കുന്നവ നിലനിര്‍ത്താന്‍ തന്നെ മുന്നണി ഏറെ വിയര്‍ക്കേണ്ടിവരും. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ വേട്ടുകള്‍ ഇടതുമുന്നണയില്‍ നിന്നും ചോര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

ക്രൈസ്തവ സഭകള്‍ക്ക് സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് (എം) ഒപ്പമുള്ളതിനാല്‍ മധ്യകേരളത്തില്‍ വലിയ പരിക്കുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍. ഹിന്ദു സമുദായ സംഘടനകളുമായി പൊതുവില്‍ നല്ലനിലയിലാണ്. മുസ്ലിം മതവിഭാഗങ്ങള്‍ ഏകപക്ഷീയമായി യു.ഡി.എഫിനെ പിന്തുണക്കില്ലെന്നുമാണ് പ്രതീക്ഷ. അതേസമയം, മുന്നൊരുക്കത്തോടെ കളത്തിലുള്ള യു.ഡി.എഫിനേയും ബി.ജെ.പിയെയും നേരിട്ട് കുതിപ്പ് നിലനിര്‍ത്തുക കഠിന പ്രയത്‌നം തന്നെയാണ്.

ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി 2000 ആക്കിയതാണ് മുന്നണിയുടെ തുറുപ്പുചീട്ട്. ആശമാര്‍, അംഗന്‍വാടിക്കാര്‍, കുടുംബശ്രീക്കാര്‍, പാചക തൊഴിലാളികള്‍, പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങി അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചതും ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം തണുപ്പിച്ചതും സ്ത്രീകള്‍ക്ക് മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിയും വോട്ടാകുമെന്നണ് വിലയിരുത്തല്‍.

യു.ഡി.എഫിന് ക്ഷതമേല്‍പിക്കാനായി കോണ്‍ഗ്രസ് -ലീഗ് -വെല്‍ഫെയര്‍ കൂട്ടുകെട്ടാരോപണവും വരും നാളില്‍ മുന്നണി കൂടുതല്‍ ചര്‍ച്ചയാക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 90 നിയമസഭ മണ്ഡലങ്ങളിലായിരുന്നു എല്‍.ഡി.എഫിന് മേധാവിത്വം. തുടര്‍ന്നുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് ഉയര്‍ത്തി തുടര്‍ ഭരണം നേടി. തദ്ദേശ തെരഞ്ഞെടുപ്പിലേത് മുഴുവന്‍ രാഷ്ട്രീയ വോട്ടല്ലെങ്കിലും ആ നിലയിലുള്ള തുടര്‍ മുന്നേറ്റമാണ് മുന്നണിയുടെ പ്രതീക്ഷ.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കും ക്ഷേമവികസന പദ്ധതികള്‍ക്കും ജനം മാര്‍ക്കിടുമെന്ന് എല്‍ഡിഎഫ് കരുതുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടം ഇക്കുറി കുതിപ്പായി മാറുമെന്നു ബിജെപി കരുതുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ നടന്ന രാഷ്ട്രീയ ബലപരീക്ഷണങ്ങള്‍ യുഡിഎഫിന് ആത്മവിശ്വാസവും എല്‍ഡിഎഫിന് ആശങ്കയും ബിജെപിക്കു പ്രതീക്ഷയും സമ്മാനിക്കുന്നതാണ്.

കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 33.3% എന്ന പാര്‍ട്ടിയെ ഞെട്ടിച്ച വോട്ടുവിഹിതത്തില്‍നിന്നാണ് സിപിഎമ്മിനു തിരിച്ചുവരേണ്ടത്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലനിര്‍ത്തിയും നിലമ്പൂര്‍ എല്‍ഡിഎഫില്‍നിന്നു തിരിച്ചുപിടിച്ചും യുഡിഎഫ് മാറ്റു തെളിയിച്ചു; ചേലക്കര നിലനിര്‍ത്താനായത് മാത്രമാണ് ഇടതിനുള്ള ആശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അക്കൗണ്ട് തുറന്നതും 19.56% വോട്ട് എന്‍ഡിഎ നേടിയതും ബിജെപിക്കു മോഹങ്ങള്‍ നല്‍കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതും ഭരണമുന്നണിക്കു ഗൗരവത്തിലെടുക്കേണ്ടി വരും.

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ സമീപകാല ചരിത്രം കരുത്ത് പകരുന്നത് എല്‍ഡിഎഫിനുതന്നെ. സിപിഎമ്മിലും ഇടതുമുന്നണിയിലും അന്തഃഛിദ്രങ്ങള്‍ ശക്തമായിരുന്ന 2010 ല്‍ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലുള്‍പ്പെടെ യുഡിഎഫിനു കൈവരിക്കാനായ വന്‍കുതിപ്പ് ഒഴിച്ചാല്‍, തദ്ദേശം പൊതുവില്‍ ഇടത്തോട്ടു ചായുന്നതാണ് കേരളം കണ്ടിട്ടുള്ളത്. 2015 ല്‍ തദ്ദേശം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 2020 ലും ആ മുന്നേറ്റം തുടര്‍ന്നു.

തദ്ദേശത്തിലെ ബിജെപിയുടെ യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാകും. 2020 ല്‍ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ഒഴികെയുള്ള 10 ജില്ലകളിലും ബിജെപിക്കു വോട്ടു കൂടി. കൊല്ലം ജില്ലയില്‍ മാത്രം വര്‍ധിച്ചത് 6% വോട്ടാണ്. യുഡിഎഫ് വോട്ടുബാങ്കിലാണ് ബിജെപി ആദ്യം വിള്ളല്‍ വീഴ്ത്തിയതെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ചോര്‍ച്ച അടയ്ക്കാനാവാതെ എല്‍ഡിഎഫും കുഴങ്ങി. ഇപ്പോഴത്തെ നിലയില്‍ മൂന്ന് മുന്നണികള്‍ക്കും അനിവാര്യമാണ് തദ്ദേശത്തിലെ വിജയം.

Tags:    

Similar News