ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു; സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ശത്രുതയിലൂടെയും ചതിയിലൂടെയും തകര്‍ത്തു; പാകിസ്ഥാനെ കലാപ കേന്ദ്രമാകാന്‍ അനുവദിക്കില്ല; നല്‍കുന്നത് അയല്‍വാസിക്കുള്ള താക്കീത്; ട്രംപിനേയും ചൈനയേയും അടുപ്പിച്ച് മോദി ലക്ഷ്യമിടുന്നത് എന്ത്?
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത് ട്രംപിനെ പോലെ താനും നീങ്ങുമെന്ന സൂചന. പാകിസ്ഥാനില്‍ ഭീകരവാദം ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി സഹകരിച്ചുപോകാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ല. ഇത് ആശയപരമല്ലെന്ന് വിമര്‍ശിച്ച മോദി, ഏത് ആശയമാണ് യുദ്ധത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുകയെന്നും പാകിസ്ഥാനോട് ചോദിച്ചു. ഈ ദുരന്തത്തിന്റെ ഇരകള്‍ ഇന്ത്യയിലെ ജനങ്ങളാണ്. കലാപത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാന്‍ മാറുന്നത് ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും സെപ്റ്റംബര്‍ 11 ഭീകരാക്രമണം അടക്കം പരാമര്‍ശിച്ചുകൊണ്ട് മോദി വിമര്‍ശിച്ചു. ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ശത്രുതയിലൂടെയും ചതിയിലൂടെയും തടയുകയാണ് ചെയ്യപ്പെട്ടതെന്നും പ്രധാനമന്ത്രി വിവരിച്ചു. പോഡ്കാസ്റ്റിലെ മോദിയുടെ ഈ വാചകങ്ങളിലുള്ളത് അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ്.
ട്രംപ് അസാമാന്യ ധീരനെന്ന് പറയുന്ന മോദി താനും കടുത്ത നിലപാടുകള്‍ എടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഡോണള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതല്‍ തനിക്ക് അത് അനുഭവിക്കാന്‍ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാര്‍ഢ്യം ട്രംപില്‍ കണ്ടു. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസിഡന്റ് പദവിയില്‍ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമില്‍ കാണുന്നത്. അദ്ദേഹത്തിനിപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട്. താന്‍ ഒരു കര്‍ക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. തന്റെ രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏല്‍പ്പിച്ചത്. തന്റെ രാജ്യമാണ് തന്റെ ഹൈക്കമാന്‍ഡ് എന്ന് മോദി പറയുന്നു. അതായത് പാകിസ്ഥാനുള്ള മുന്നറിയിപ്പാണ് ട്രംപിനെ പുകഴ്ത്തിയുള്ള മോദിയുടെ വാക്കുകള്‍.
പാകിസ്ഥാനുമായി സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താന്‍ നടത്തിയതെന്നാണ് മോദി വ്യക്തമാക്കിയത്. സമാധാനത്തിനാണ് പ്രധാന്യമെന്ന ശക്തമായ സന്ദേശം ലോകത്തിന് നല്‍കാനാണ് ശ്രമിച്ചതെന്നും മോദി തന്റെ രണ്ടാം പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ മൂന്നേകാല്‍ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമര്‍ശനമാണ് മോദി നടത്തിയത്. അതായത് പാകിസ്ഥാനിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ നീളേണ്ടതുണ്ടെന്ന അഭിപ്രായമാണ് മോദി പങ്കുവയ്ക്കുന്നത്. ചൈനയേയും അമേരിക്കയും ചേര്‍ത്ത് നിര്‍ത്തിയുള്ള നയതന്ത്ര പദ്ധതികളാണ് മോദി മുന്നില്‍ കാണുന്നത്. ചൈനയെ ചേര്‍ത്തു നിര്‍ത്താനുള്ള നിലപാടുകളാണ് മോദി പോഡ്കാസ്റ്റില്‍ എടുത്തത്. ചൈനയെ ഇന്ത്യ ശത്രുവായി കാണുന്നില്ലെന്ന് വിശദീകരിക്കുകായണ് മോദി. അമേരിക്ക നല്ല സുഹൃത്തും. ഈ രണ്ടു കൂട്ടര്‍ക്കും ഭാവിയില്‍ പാകിസ്ഥാന്‍ ഭീഷണിയായി മാറുമെന്ന് കൂടി പറഞ്ഞു വയ്ക്കുകായണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒന്നിച്ചെതിര്‍ക്കണമെന്ന് വിശദീകരിക്കുകായണ് മോദി.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിര്‍ത്തി രാജ്യങ്ങളാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകള്‍ പെര്‍ഫെക്ടാണോ? അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താല്‍പര്യം പരസ്പരം പരിഗണിച്ച് ചര്‍ച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിര്‍ത്തി സംഘര്‍ഷം സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും സമ്മര്‍ദ്ദം കൂട്ടി. ഷീജിന്‍പിംഗുമായുള്ള തന്റെ കൂടിക്കാഴ്ചക്ക് ശേഷം അതിര്‍ത്തി ശാന്തമായി. 2020 ന് മുന്‍പത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മടങ്ങുകയാണെന്നും മോദി പറഞ്ഞു. നരേന്ദ്രമോദി എന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. ലോക നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ അത് മോദി നല്‍കുന്നതല്ല, 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി നല്‍കുന്നതാണ് എന്ന ബോധത്താലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ യുഎസ് സന്ദര്‍ശനവേളയിലാണ് അമേരിക്കന്‍ പോഡ് കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാനുമായി മോദി സംസാരിച്ചത്. ാന്‍ നടത്തിയ ഏറ്റവും വത്യസ്തമാര്‍ന്നതും അവിസ്മരണീയവുമായ അഭിമുഖമാണ് മോദിയുമായി നടന്നതെന്ന് ലെക്സ് ഫ്രീമാന്‍ പറഞ്ഞു.
ഉപവാസത്തെപ്പറ്റിയും ആദ്യകാല ജീവിതത്തെപ്പറ്റിയും ഹിമാലയന്‍ യാത്രയെപ്പറ്റിയും സംന്യാസ ജീവിതത്തെപ്പറ്റിയുമെല്ലാം പ്രധാനമന്ത്രി ഫ്രിഡ്മാനുമായി മനസ്സുതുറന്നു. ആര്‍എസ്എസിനെപ്പറ്റിയും ഹിന്ദു ദേശീയതയെപ്പറ്റിയും ദീര്‍ഘനേരമാണ് മോദി വിശദീകരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്നങ്ങളും, ഉക്രൈന്‍ സംഘര്‍ഷവും ക്രിക്കറ്റ്, ഫുട്ബോള്‍ കളികളെപ്പറ്റിയും ചൈനയെപ്പറ്റിയും 2002ലെ ഗുജറാത്ത് കലാപത്തെപ്പറ്റിയും സംഭാഷണത്തിലുണ്ട്.