കറാച്ചില്‍ സുഖജീവിതം നയിച്ച ദാവൂദിനെ കമാണ്ടോകള്‍ വളഞ്ഞത് രഹസ്യാന്വേഷണ മികവില്‍; മുബൈയിലെ രാഷ്ട്രീയ പ്രധാനി പിഎമ്മിനെ വിളിച്ചപ്പോള്‍ ആ ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തത് ഗണ്‍ പോയിന്റില്‍ ബോംബ് സ്‌ഫോടന വില്ലന്‍ നില്‍ക്കുമ്പോള്‍; മുംബൈയിലെ കസബിന്റെ ആക്രമണത്തിനും മറുപടി പറഞ്ഞില്ല; പഹല്‍ഗാമിലെ കൂട്ടക്കുരുതിയ്ക്ക് പ്രതികാരം വീട്ടിയിട്ടും വിമര്‍ശനം; മോദിക്ക് വേണ്ടി ശശി തരൂര്‍ തീര്‍ത്ത പ്രതിരോധത്തിന് പ്രാധാന്യം ഏറെ
ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ട് മുമ്പ് ദാവൂദ് ഇബ്രഹാമിനെ വക വരുത്താന്‍ തന്ത്രങ്ങള്‍ തയ്യാറാക്കി. കറാച്ചില്‍ ഇന്ത്യയെ കരയിച്ച അധോലോക നായകനെ വളഞ്ഞു. അതിസാഹസികമായി ഗണ്‍ പോയിന്റിലേക്ക് ദാവൂദ് എത്തി. പെട്ടെന്ന് ആ ഓപ്പറേഷന്‍ വേണ്ടെന്ന വച്ചു. അന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ പ്രധാനി നിരാശനായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രധാനി അന്നത്തെ പിഎമ്മിനെ വിളിച്ചെന്നും അതോടെ ആ ഓപ്പറേഷന്‍ അവസാനിച്ചെന്നുമാണ് അണിയറക്കഥകള്‍. 1992ല്‍ ബോംബെ കലാപ വില്ലന്‍ ഇന്നും പാക്കിസ്ഥാനില്‍ സുഖമായി കഴിയുന്നു. പിന്നീട് മുംബൈ വിറപ്പിക്കാന്‍ അജ്മല്‍ കസബും കൂട്ടരുമെത്തി. അതിനും പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് പ്രതികാരം ഇന്ത്യ വീട്ടിയില്ല. എന്നാല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയ ശേഷമുണ്ടായ മൂന്ന് പ്രധാന ഭീകരാക്രമണത്തിനും പാക്കിസ്ഥാന്‍ ചൂടറിഞ്ഞു. ഉറിയിലേയും പുല്‍വാമയിലെ കടന്നാക്രമണത്തിന് രണ്ട് സര്‍ജിക്കല്‍ സട്രൈക്ക്. പഹല്‍ഗാമിന് വേണ്ടി ഓപ്പറേഷന്‍ സിന്ദൂര്‍. സന്ദൂരും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളെ തകര്‍ത്തു. യുദ്ധമല്ല ഇന്ത്യന്‍ ലക്ഷ്യമെന്നും പാക്കിസ്ഥാന് തിരിച്ചടി കൊടുക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞുള്ള ഓപ്പറേഷന്‍. പാക്കിസ്ഥാന്‍ എപ്പോള്‍ വെടിനിറുത്തിയാലും ഇന്ത്യ സമാധാനത്തിലേക്ക് പോകുമെന്ന് അറിച്ച് നടത്തിയ ഓപ്പറേഷന്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ ധാരണയുണ്ടായത്. അത് പാക്കിസ്ഥാന്‍ തെറ്റിച്ചു. പക്ഷേ തെറ്റിച്ചില്ലെന്ന് പരസ്യമായി വാദിച്ചു. ആ ചെറിയ തെറ്റു പോലും ഇന്ത്യ ഗൗരവത്തില്‍ എടുത്തുവെന്നതാണ് വസ്തുത. പക്ഷേ തീവ്രവാദികളെ കൈയ്യോടെ കിട്ടുകയെന്ന ലക്ഷ്യത്തിന് ഇത് സഹായകമാകുമെന്ന് മോദി സര്‍ക്കാര്‍ വിലയിരുത്തി. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദ പൂര്‍വ്വം കാര്യങ്ങളെ നേരിടാന്‍ തീരുമാനിച്ചതായാണ് സൂചന. പക്ഷേ ഇതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. മോദിയുടെ നെഞ്ചളവിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. സൈന്യത്തിന്റെ മാനസികാവസ്ഥയെ ഇത് തളര്‍ത്തുമെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ അറിയുന്നില്ല. അങ്ങനെ എന്ത് തീരുമാനം എടുക്കാനും സ്വാതന്ത്ര്യം നല്‍കിയവര്‍ മോദിയെ തള്ളി പറയുന്നു. ഇവിടെയാണ് മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ശ്രദ്ധേയമായ നിലപാട് വിശദീകരണം നടത്തുന്നത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത്. ഇതോടെ അമേരിക്ക ഇന്ത്യന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അമേരിക്ക ഇടപെട്ടത് കോണ്‍ഗ്രസ് ഒരു വിഷയമായി ഉന്നയിച്ചിരുന്നു. 1971 ല്‍ സമാനസാഹചര്യം ഉണ്ടായെന്നും അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങിയില്ലെന്നുമുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. 1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാര്‍മികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവര്‍ നല്‍കിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ല-തരൂര്‍ പറഞ്ഞു. ഇതാണ് മോദിയുടെ തുടക്കമുതലേ പറഞ്ഞതും ലക്ഷ്യമിട്ടതും. പക്ഷേ അവിടേയും രാഷ്ട്രീയം കണ്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ സൈബറിടങ്ങളില്‍ എല്ലാം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തിയതില്‍ ആശ്വാസം നിറഞ്ഞ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കത്തില്‍ രംഗത്തു വന്നിരുന്നു. തീരുമാനം സ്വാഗതം ചെയ്ത് സിപിഎം രംഗത്ത് വന്നപ്പോള്‍, ആശ്വാസകരമെന്നായിരുന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. വെടി നിര്‍ത്തല്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന രണ്ട് രാജ്യങ്ങളാണ് ചര്‍ച്ച നടത്തേണ്ടത് എന്നാണ് നേരത്തെ സിപിഎമ്മിന്റെ നിലപാട്. മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിനു പിന്നാലെ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ആശ്വാസമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ സ്ഥിതി പഠിച്ച ശേഷം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഇളവ് നല്‍കും. ഇനി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവരെ തിരിച്ച് കൊണ്ട് വരാന്‍ നടപടി തുടങ്ങും. കൊല്ലപ്പെട്ടവരുടെ സഹായധന വിതരണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതായിരുന്നു പ്രതിപക്ഷത്തിന്റെ പൊതു നിലപാട്. ഇതിനെയാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തള്ളി പറയുന്നത്. ഇന്ദിരാ ഗാന്ധിയുടെ ചിത്രവുമായി അവര്‍ മോദിയെ കടന്നാക്രമിക്കുന്നു.
ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നിട്ടുണ്ട്. വെടിനിര്‍ത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യുഎസ് സഹായം ചെയ്തുവെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ട്രൂത്ത് സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇന്ത്യയുംപാക്കിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ശനിയാഴ്ച ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു. പാകിസ്താനുമായി നേരിട്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് വെടിനിര്‍ത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിരവധി ആളുകളുടെ മരണത്തിനും വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമാകുമായിരുന്ന നിലവിലെ ആക്രമണം നിര്‍ത്തിവയ്ക്കേണ്ട സമയമായെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സംഘര്‍ഷം തുടര്‍ന്നിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകള്‍ മരിക്കാമായിരുന്നു. ധീരമായ പ്രവൃത്തികള്‍ നിങ്ങളുടെ പൈതൃകത്തെ വളരെയധികം ഉയര്‍ത്തുമെന്ന് ട്രംപ് പറയുന്നു.
ഇതിനിടയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേനാ മേധാവി, യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതിനെക്കുറിച്ചും പാക് ഡിജിഎംഒ പരാമര്‍ശിച്ചു. പാകിസ്ഥാന്‍ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നരേന്ദ്രമോദിയെ വിളിച്ചു. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന യോഗത്തിനുശേഷമുളള ഇന്ത്യയുടെ നിലപാട്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇനിയും പ്രകോപനമുണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള നടപടികളില്‍ ഇന്ത്യന്‍ സേനകളുടെ കരുത്തുക്കാട്ടാനായെന്നാണ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, അതിര്‍ത്തികളില്‍ വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.