അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു; ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും; അന്ന് അദ്ദേഹം സഭയില്‍ നിന്നു വിട്ടുനില്‍ക്കും! ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് 'ഇടതു പിന്തുണയിലോ'? ആ മുന്‍ എംഎല്‍എയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിയുമോ?

Update: 2025-07-18 08:17 GMT

തിരുവനന്തപുരം: ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് 'ഇടതു പിന്തുണയിലോ'? 2011ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ അതിവിശ്വസ്തന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ ഞെട്ടിക്കുകയാണ്. ഇപ്പോള്‍ കുണ്ടറ എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിസി വിഷ്ണുനാഥാന് വെളിപ്പെടുത്തലിന് പിന്നില്‍. 'ഒരു ഭരണപക്ഷ എംഎല്‍എ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നായിരുന്നു' അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഭൂരിപക്ഷത്തില്‍ കാര്യമില്ലെന്നും വലിയ ഭൂരിപക്ഷത്തില്‍ വന്ന സര്‍ക്കാരുകള്‍ക്ക് കാലാവധി തികയ്ക്കാനാതെ പുറത്തുപോകേണ്ടി വന്നിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നതും കണ്ടു.

കുറഞ്ഞ അംഗബലത്തില്‍ അധികാരത്തിലെത്തിയ അച്യുതമേനോന്‍ സര്‍ക്കാരിന് അഞ്ചുവര്‍ഷം കാലാവധി കഴിഞ്ഞ് ഏഴുവര്‍ഷം അധികാരത്തിലിരിക്കാന്‍ സാധിച്ചുവെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മന്‍ചാണ്ടി അഞ്ചു കൊല്ലം ഭരിച്ചു. കോണ്‍ഗ്രസ് പാളയത്തിലെ പടയ്ക്ക് പോലും ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കാനായില്ല. അധികാരത്തില്‍ എത്തി ഏറെ വൈകാതെ സിപിഎം സീറ്റില്‍ ജയിച്ച ആര്‍ സെല്‍വരാജ് എംഎല്‍എയെ രാജിവെപ്പിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നത് ചരിത്രം. ഇതോടെ ഭരണപക്ഷം 73 ആയി. പക്ഷേ നിയമസഭയില്‍ ചേരുമ്പോഴെല്ലാം ഭൂരിപക്ഷം വേണം. എംഎല്‍എമാര്‍ അവധി എടുക്കുന്നത് പോലും സര്‍ക്കാരിന് ബാധിക്കും. ഇതിനെ എങ്ങനെയാണ് ഉമ്മന്‍ചാണ്ടി മറികടന്നതെന്ന് പറയുകയാണ് വിഷ്ണുനാഥ്.

'അന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു. ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും. അന്ന് അദ്ദേഹം സഭയില്‍നിന്നു വിട്ടുനില്‍ക്കും. അങ്ങനെ ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടു കൊണ്ടുപോകാനായി'- വിഷ്ണുനാഥ് പറയുന്നു. സഭാ സമ്മേളനകാലത്ത് അവധി ചോദിച്ചാല്‍ അപ്പുറത്തെ ഒരാളെക്കൂടി അവധിയെടുപ്പിച്ചിട്ട് പൊയ്‌ക്കോളൂവെന്ന് ഉമ്മന്‍ ചാണ്ടി തമാശയോടെ പറയുമായിരുന്നുവെന്നു ഷാഫി പറമ്പിലും വെളിപ്പെടുത്തുന്നു. ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം വളരെ പ്രധാനമാണ്. സഭയുള്ള ഓരോ ദിവസവും വെല്ലുവിളിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്. പക്ഷേ ഇടതിലെ ഉമ്മന്‍ചാണ്ടി ഫാന്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാരിനെ തുണച്ചുവെന്നാണ് വിഷ്ണുനാഥ് പറഞ്ഞു വയ്ക്കുന്നത്. എന്നാല്‍ ഈ എംഎല്‍എ ആരെന്ന് വെളിപ്പെടുത്തിയതുമില്ല. അന്ന് സിപിഎമ്മിന് 45 എംഎല്‍എമാരുണ്ടായിരുന്നു. സിപിഐ 13, ജനതാദള്‍ 4, എന്‍സിപി 2, ആര്‍ എസ് പി 2, സ്വതന്ത്രര്‍ 2 എന്നിങ്ങനെയായിരുന്നു ഇടതുപക്ഷത്തെ കക്ഷി നില. ഇതില്‍ രണ്ടില്‍ അധികം എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയ്ക്ക് പിന്തുണ ലഭിച്ചതെന്നാണ് സൂചന.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 2 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയത്. ഭരണപക്ഷമായ യുഡിഎഫിന് 72. പ്രതിപക്ഷമായ എല്‍ഡിഎഫിന് 68. 72 ല്‍ ഒരാള്‍ സ്പീക്കര്‍. അപ്പോള്‍ ഫുള്‍ ക്വോറത്തില്‍ ഭൂരിപക്ഷം ആകെ ഒന്ന് മാത്രം. ഈ കുറഞ്ഞ അംഗബലവും വച്ച് ഉമ്മന്‍ചാണ്ടിക്ക് കാലാവധി തികയ്ക്കാനാകുമോ എന്ന സംശയം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

45 സീറ്റുമായി സിപിഎം ആയിരുന്നു അന്ന് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 38 സീറ്റുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ യുഡിഎഫിലെ അഞ്ച് ഘടകകക്ഷികള്‍ക്ക് 34 സീറ്റുണ്ടായിരുന്നപ്പോള്‍ എല്‍ഡിഫിലെ നാല് ഘടകകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 23 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് സെല്‍വരാജ് കൂടുമാറിയെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഒരാള്‍ കൂടി കൂടുതലായി. അങ്ങനെ 73ല്‍ എത്തി. ഈ സമയത്തെല്ലാം ഇടതിലെ ഒരാള്‍ ഉമ്മന്‍ചാണ്ടിയെ സഹായിച്ചിരുന്നുവെന്നാണ് വിഷ്ണുനാഥ് പറയുന്നത്. ഈ ഒരാളെ കണ്ടെത്താനുള്ള ശ്രമം ഈ 2025ല്‍ സിപിഎം നടത്തുകയാണ്. ഇപ്പോഴും ആ പഴയ എംഎല്‍എ ഇടതുപക്ഷത്തുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഇതെല്ലാം.

ജനങ്ങളിലലിഞ്ഞ് ജനമനസുകളിലൂടെ വളര്‍ന്ന് ജനനായകനായി മാറിയ ഉമ്മന്‍ചാണ്ടി ഇന്നും ജനഹൃദയങ്ങളില്‍ മായാത്ത ഓര്‍മയാണ്. രാഷ്ട്രീയത്തിലും ഭരണതലത്തിലും തിരുത്താനാവാത്ത റെക്കാഡുകള്‍ കുറിച്ചിട്ട ഉമ്മന്‍ചാണ്ടി, മണ്‍മറഞ്ഞ ശേഷം കേരളത്തില്‍ ഹീറോയാണ്. മന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഇടവേളയില്ലാതെ 53വര്‍ഷക്കാലം എം.എല്‍.എയുമായിരുന്ന ഉമ്മന്‍ചാണ്ടി ഇന്നും മലയാളിയ്ക്ക് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്.

Tags:    

Similar News