പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന് രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?

പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?

Update: 2024-11-22 07:39 GMT

പാലക്കാട്: ഉപതിരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണ്. ബിജെപിയുടെ ശക്തമായ സാന്നിധ്യണ് ഈ ശ്രദ്ധ കൂടുതല്‍ ലഭിക്കാന്‍ ഇടയാക്കിയത്. അതുകൊണ്ട് തന്നെ പാലക്കാടന്‍ കാറ്റ് ആരാകുമെന്ന ആകാംക്ഷയുടെ കൊടുമുടിയിലാണ് കേരളം മുഴുവന്‍. പാലക്കാട് മണ്ഡലത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ഇവിടെ തുടക്കത്തിലെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നും കോണ്‍ഗ്രസ് അവസാന നിമിഷം താഴേക്ക് എത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് ഉറപ്പിക്കുമ്പോഴും വലിയ ഭൂരിപക്ഷം ആരും അവകാശപ്പെടുന്നില്ല.

അതേസമയം ബിജെപി വലിയ പ്രതീക്ഷയിലാണ് താനും. ആര്‍എസ്എസ് മുന്നിട്ടിറങ്ങി നടത്തി പ്രചരണം വിജയം കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ. പ്രധാനമായും പാലക്കാട് മുന്‍സിപാലിറ്റിയിലാണ് ബിജെപിയുടെ പ്രതീക്ഷകള്‍. ഇവിടെ തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യാന്‍ സാധിച്ചെന്നാണ് അവരുടെ അവകാശവാദം. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലാണ് ബിജെപി പ്രതീക്ഷ വെക്കുന്നത്.

അതേസമയം ബിജെപിയുടെ ഈ പ്രതീക്ഷ ശരിയല്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. പാലക്കാടായത് കൊണ്ട് കംഫര്‍ട്ടബിളായി കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ പറയുന്നു. പോളിംഗ് ശതമാന കണക്കുകളില്‍ ഊന്നിക്കൊണ്ടാണ് രാഹുലും ബിജെപി അവകാശവാദത്തെ ഖണ്ഡിക്കുന്നത്. മുന്‍പേ വന്ന കണക്കുകള്‍ പോലെ പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നിട്ടില്ലെ. ജനറല്‍ തെരഞ്ഞെടുപ്പ് അല്ലാത്തതു കൊണ്ടാണ് പൊതുവേ വോട്ടംഗ് ശതമാനം കുറഞ്ഞത്.

മുന്‍സിപ്പാലിറ്റിയില്‍ നിന്നും 5000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി അവകാശപ്പെടുന്നത്. എന്നാല്‍, മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണത്തെ 75 ശതമാനം എന്നത് 68 ശതമാനമായി കുറയുകയാണ് ഉണ്ടായത്. ഏഴു ശതമാനത്തിന്റെ കുറവാണ് വോട്ടിംഗില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഉള്ളത് മുന്‍സിപ്പാലിറ്റിയിലാണ്. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് വോട്ടു കുറഞ്ഞത്. ഞങ്ങളുടെ ശക്തികേന്ദ്രത്തില്‍ വോട്ടിംഗ് കൂടിയിട്ടുണ്ടെന്നും രാഹുല്‍ ആവകാശപ്പെടുന്നു.


 



ബിജെപിക്ക് ലീഡ് ലഭിച്ചിരുന്ന പാലക്കാട് നഗരസഭയിലടക്കം യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കാണ് ബൂത്ത് കമ്മിറ്റികളില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്്‌നാണ് യുഡിഎഫ് കണക്കൂകൂട്ടല്‍. പിരായിരി പഞ്ചായത്തില്‍ 8000 വരെ ലീഡ് ഉയരുമെന്നും ബൂത്ത് തല കണക്കുകള്‍ പറയുന്നു. പാലക്കാട്ട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. 184 ബൂത്തുകളില്‍ 106 ബൂത്തകള്‍ നഗരസഭയിലാണ്. വോട്ടെണ്ണലില്‍ തപാല്‍ വോട്ടിന് ശേഷം ആദ്യം നഗര സഭയിലെ 106 ബൂത്തുകളും പിന്നീട് പിരായിരി മാത്തൂര്‍ കണ്ണാടി പഞ്ചായത്തുകളും ഒന്നിനു പുറകെ എണ്ണിത്തുടങ്ങും. നഗരസഭയില്‍ രണ്ടായിരത്തോളവും പിരായിരി പഞ്ചായത്തില്‍ 8000 വോട്ടുകളുടെ ലീഡും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനിലൂടെ നഗരസഭയില്‍നിന്നു മാത്രം 34,143 വോട്ടു നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. അന്ന് ബിജെപിക്ക് 6,238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായി. നഗരസഭയില്‍ ബിജെപി ലീഡ് 497 വോട്ടില്‍ ഒതുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ടില്‍ 4788 വോട്ടിന്റെ കുറവുണ്ടായി. ബിജെപി നേടിയത് 29,355 വോട്ട്. കോണ്‍ഗ്രസിന് 28,858 വോട്ടു വീണു. 2021 ലേതിനെക്കാള്‍ 953 വോട്ടിന്റെ വര്‍ധന. സിപിഎമ്മിന് 16,356 വോട്ട് ലഭിച്ചു.

നഗരസഭയില്‍ യുഡിഎഫും-ബിജെപിയും മുന്നിലെത്തുന്നതിനാല്‍, മണ്ഡലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാല്‍ 3 പഞ്ചായത്തുകളില്‍ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാല്‍ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഇത്തവണ ഉറച്ച വോട്ടുകള്‍ പോലും ബിജെപിക്ക് പോള്‍ ചെയ്തിട്ടില്ല.


 



മാത്തൂരും- കണ്ണാടിയിലും വോട്ട് കൂടിയതിന് അനുസരിച്ചുള്ള പോളിംഗ് ശതമാനത്തിലെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും. ഇതുതന്നെയാണ് അവസാനഘട്ട കണക്കുകളിലും പ്രകടമാകുന്നത്. പ്രചാരണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം ഇത്തവണ കുറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞത് എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും പോളിങ് കുറഞ്ഞതിന്റെ അപകടം യു.ഡി.എഫും ബി.ജെ.പിയും 23ന് മനസ്സിലാക്കുമെന്നും ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന്‍ പറയുന്നത്.

എന്നാല്‍, വിവാദങ്ങളോട് ജനം മുഖംതിരിഞ്ഞുനിന്നതുകൊണ്ട് യു.ഡി.എഫിന് ശതമാനം കൂടുമെന്ന് രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കേന്ദ്രങ്ങളില്‍ അണികള്‍ക്ക് മടുപ്പുണ്ടായി. യു.ഡി.എഫ് കേന്ദ്രങ്ങളിലെല്ലാം കൃത്യമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബൂത്ത് അവലോകനം നടക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കൃഷ്ണകുമാറും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ഒമ്പത് മണിയോടെ ആദ്യ ഫലസൂചന, 11.30ന് അന്തിമ ചിത്രം തെളിയും

പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ രാവിലെ എട്ടിനാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിക്കുക. വീട്ടിലെ വോട്ടും തപാല്‍ വോട്ടും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184 ബൂത്തുകളിലെ വോട്ട് എണ്ണാന്‍ 14 മേശകളാണ് ഒരുക്കിയിട്ടുള്ളത്. ബൂത്തുകളുടെ ക്രമനമ്പര്‍ പ്രകാരമാണ് എണ്ണുക. 13 റൗണ്ട് എണ്ണും. ഒന്‍പതു മണിയോടെ തന്നെ ആദ്യ ഫലങ്ങള്‍ പുറത്തുവരും. പതിനൊന്നരയോടെ തന്നെ പൂര്‍ണഫലം പ്രഖ്യാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ വരണാധികാരി കലക്ടര്‍ ഡോ.എസ്.ചിത്ര, വരണാധികാരി ആര്‍ഡിഒ എസ്.ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.

റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, സൂക്ഷ്മ നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കു മാത്രമാണു കൗണ്ടിങ് ഹാളിലേക്കു പ്രവേശനം.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകര്‍ക്കു മാത്രം.14 വോട്ടെണ്ണല്‍ മേശകളാണുണ്ടാകുക. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കുള്ള ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമാരും സൂക്ഷ്മനിരീക്ഷകരുമുണ്ടാകും.


 



റിട്ടേണിങ് ഓഫിസര്‍, അസി.റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കുന്നു. ഇതു ലോഗ് ബുക്കില്‍ രേഖപ്പെടുത്തും. തുടര്‍ന്നു ലോക്ക് തുറക്കും. ഇതെല്ലാം വിഡിയോ റെക്കോര്‍ഡ് ചെയ്യും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്, തപാല്‍ വോട്ട്, വീട്ടിലെ വോട്ട് എന്നിവ ആദ്യം എണ്ണുന്നു. പിന്നാലെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍.വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണു വോട്ടെണ്ണലിന് ഉപയോഗിക്കുക. കണ്‍ട്രോള്‍ യൂണിറ്റ് മേശപ്പുറത്ത് എത്തിച്ച് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സൂപ്പര്‍വൈസര്‍, വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പാക്കിയശേഷം സീല്‍ നീക്കം ചെയ്യും.കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സൂപ്പര്‍വൈസര്‍ യന്ത്രത്തിലെ റിസല്‍റ്റ് ബട്ടണില്‍ വിരലമര്‍ത്തി ഫലം രേഖപ്പെടുത്തും.

(വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം ഏതെങ്കിലും രണ്ടു യന്ത്രങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകര്‍ പരിശോധിച്ചു കൗണ്ട് കൃത്യമാണെന്ന് ഉറപ്പാക്കും.)ഒരു റൗണ്ട് പൂര്‍ത്തിയായാല്‍ കൃത്യമായി കണക്ക് റിട്ടേണിങ് ഓഫിസര്‍ ഫോം 20ല്‍ രേഖപ്പെടുത്തും. ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും എണ്ണിക്കഴിഞ്ഞ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റിവച്ച് അടുത്ത റൗണ്ട് തുടങ്ങാനുള്ള യന്ത്രങ്ങള്‍ കൊണ്ടുവരും.എല്ലാ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കുകയുള്ളു. വിവിപാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കുമെന്നാണു കണക്കുകൂട്ടല്‍. ഇതിനു ശേഷമാണ് അന്തിമവിധി പ്രഖ്യാപിക്കുക.

Tags:    

Similar News