മത്സരിക്കാതെ അടുത്ത തവണ മുന്നണിയെ നയിക്കാമെന്ന ഫോര്‍മുല അവതരിപ്പിക്കാന്‍ പിണറായി; 'ക്യാപ്ടന്‍' മാറിയാല്‍ ഹാട്രിക് ഭരണം നഷ്ടമാകുമെന്ന വാദമുയര്‍ത്താന്‍ ഭൂരിപക്ഷം നേതാക്കളും; 'റിയാസ്' ഫാക്ടര്‍ ചര്‍ച്ച ഒഴിവാക്കാന്‍ പിണറായി അനിവാര്യത; കൊല്ലം സമ്മേളനത്തില്‍ 2026ലെ നായകനെ ഉറപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തു നിന്നു മാറി നിന്ന് മുന്നണിയെ നയിക്കാനുള്ള താല്‍പ്പര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സൂചന. ഇക്കാര്യം പരോക്ഷമായി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സൂചിപ്പിച്ചേക്കും എന്നാണ് സൂചന. അതിനിടെ സംസ്ഥാന സമ്മേളനത്തിന്റെ വികാരം ഇതിന് എതിരായാല്‍ തീരുമാനം മാറ്റും. പിണറായി മാറിയാല്‍ കേരളത്തില്‍ ഹാട്രിക് അധികാര തുടര്‍ച്ച സിപിഎമ്മിന് നഷ്ടമാകുമെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ പിണറായി മത്സരിക്കാതിരുന്നാല്‍ സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകും. പ്രത്യേകിച്ച് രാഷ്ട്രീയ എതിരാളികള്‍ 'മുഹമ്മദ് റിയാസ്' ഫാക്ടര്‍ ചര്‍ച്ചയാക്കാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ പിണറായി മത്സരിക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാണ്. ക്യാപ്ടന്‍ ആയി പിണറായി തന്നെ വേണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷ നിലപാട്.
എന്നാല്‍ രണ്ട് ടേം നിര്‍ബന്ധമാക്കിയത് കര്‍ശനമായി നടപ്പാക്കണം എന്നാണ് പിണറായി വിജയന്റെയും നിലപാട്. അതുകൊണ്ടാണ് നിബന്ധന മാറ്റേണ്ടന്ന നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചത്. രണ്ട് ടേം നിര്‍ബന്ധമാക്കുന്നതോടെ 22 എം.എല്‍.എമാര്‍ക്ക് സി.പി.എം സീറ്റ് നല്‍കില്ല. ഒന്നര ടേം പൂര്‍ത്തിയാകുന്ന സജി ചെറിയാനും വി.കെ.പ്രശാന്തും മത്സരിച്ചേക്കും. പുതുമുഖങ്ങളെ ഇറക്കി മണ്ഡലങ്ങള്‍ നിലനിര്‍ത്തണമെന്ന നിലപാടിലാണ് നേതൃത്വം. മൂന്നുതവണ എം.എല്‍.എ ആക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും 2021ല്‍ പല പ്രമുഖര്‍ മാറിയിട്ടും തിരിച്ചടിയുണ്ടായില്ലെന്ന് പാര്‍ട്ടി വിലയിരുത്തല്‍. പക്ഷേ ഇത്തവണ ചില സീറ്റുകളില്‍ മാനദണ്ഡം മാറ്റേണ്ടതായുണ്ടെന്ന വിലയിരുത്തലും സജീവമാണ്. ജയസാധ്യതയ്ക്ക് പ്രാധാന്യം നല്‍കണം. ചിലര്‍ രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചതു കൊണ്ടാണ് കഴിഞ്ഞ തവണ ജയിച്ചത്. ഇത് മാറുമ്പോള്‍ ഇത്തവണ ചില സീറ്റുകളില്‍ ജയസാധ്യത കുറയും. ഹാട്രിക് വിജയത്തിന് ഇത് തടസ്സമാകും. അപ്പോഴും രണ്ടു ടേം നിലനിര്‍ത്തി പിണറായി അടക്കം ചിലര്‍ക്ക് മാത്രം ഇളവ് നല്‍കണമെന്ന വാദമാണ് സജീവമാകുന്നത്.
രണ്ട് ടേം നിര്‍ബന്ധമാക്കുന്നതോടെ ടി.പി.രാമകൃഷ്ണന്‍, കെ.കെ.ശൈലജ, എ.സി.മൊയ്തീന്‍, എ.എന്‍.ഷംസീര്‍, വീണാ ജോര്‍ജ്, എം.എം.മണി, നൗഷാദ്, എം.മുകേഷ്, കടകംപള്ളി സുരേന്ദ്രന്‍, ഒ.ആര്‍.കേളു, യു.പ്രതിഭ തുടങ്ങിയ പ്രമുഖര്‍ ഒഴിഞ്ഞേക്കും. എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. സി.പി.എം. സംസ്ഥാനസമ്മേളനത്തിനുമുന്നോടിയായി മാധ്യമങ്ങള്‍ക്കയച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി ആത്മവിശ്വാസം പങ്കുവെച്ചത്. ഇതില്‍ താന്‍ നയിക്കുമെന്ന സൂചനകളൊന്നും പിണറായി നല്‍കുന്നില്ല. മറിച്ച് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഹാട്രിക് ഭരണം കൊണ്ടു വരുമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. വിഴിഞ്ഞം തുറമുഖം, സ്റ്റാര്‍ട്ടപ്പ് കുതിപ്പ്, വ്യവസായനിക്ഷേപം, പശ്ചാത്തലസൗകര്യ വികസനം, സാമൂഹികസുരക്ഷ തുടങ്ങിയ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടുപറഞ്ഞു. സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍ഷകരോഷം ലോക്സഭാതിരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരേ പ്രതിഫലിച്ചിട്ടും അവിടങ്ങളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ബി.ജെ.പി.യെ എതിര്‍ക്കുന്ന മറ്റു പ്രതിപക്ഷപാര്‍ട്ടികളോട് കോണ്‍ഗ്രസ് പുലര്‍ത്തുന്ന ധാര്‍ഷ്ട്യ സമീപനത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്. ഹരിയാണയിലും പ്രാദേശികകക്ഷികളോട് കോണ്‍ഗ്രസ് ഇതേ നിലപാടെടുത്തു. ബി.ജെ.പി.യെ തോല്‍പ്പിക്കുകയല്ല, ജയമുറപ്പാക്കിക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണി. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവുമോയെന്ന് മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ട്ടികള്‍ ചിന്തിക്കണം -മുഖ്യമന്ത്രി പറഞ്ഞു. മതേതര-ജനാധിപത്യ ഐക്യത്തിനുപകരം, എസ്.ഡി.പി.ഐ., ജമാത്തെ ഇസ്ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയം. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മികവിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവിനെ തള്ളിപ്പറയാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച മത്സരബുദ്ധി രാഷ്ട്രീയപാപ്പരത്തമാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകാതെ നോക്കി ജയിക്കാനുള്ള തന്ത്രമാണ് പിണറായി ഉയര്‍ത്തുന്നത്. ഇതിനൊപ്പം മുസ്ലീം ലീഗിനെ വീണ്ടും അടുപ്പിക്കാനും ശ്രമിക്കുന്നു.
പിണറായി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവും എന്ന പരിഗണനയില്‍ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നല്‍കും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിറുത്താനും ധാരണയായെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പിബിയിലും എടുത്തേക്കും. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയില്‍ തുടരാം. രണ്ടു ടേം മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റു നല്‌കേണ്ടതില്ല എന്ന നയം തിരുത്തുന്ന വിഷയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ ചര്‍ച്ചയ്‌ക്കെടുക്കൂ എന്നാണ് സൂചന. എംഎ ബേബിയെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനും കേരള ഘടകത്തില്‍ തീരുമാനമായിട്ടുണ്ട്.
കേരളത്തിലാണ് സിപിഎമ്മിന് നിലവില്‍ ഭരണമുള്ളത്. അതിനാല്‍ കേരളത്തില്‍ ഭരണം നിലനിര്‍ത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് വളരെ പ്രധാനമാണ്. പശ്ചിമ ബംഗാളിലടക്കം അധികാത്തില്‍ ഉടന്‍ തിരിച്ചെത്തുകയെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും. ബേബിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി കേരളത്തിന് കൂടുതല്‍ പ്രാമുഖ്യം ഉറപ്പിക്കാനാണ് പിണറായിയുടെ ശ്രമം.