മനപൂര്‍വ്വമല്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി ദിവ്യയുടെ പ്രസംഗത്തെ വിശുദ്ധീകരിക്കാന്‍ പ്രോസിക്യൂഷനും കൂടെ കൂടി; വിശ്വന്‍ വക്കീലിന്റെ വാദങ്ങളെല്ലാം അംഗീകരിക്കേണ്ടി വന്ന തലശ്ശേരി കോടതിയും; ഗൂഡാലോചനയിലേക്ക് അന്വേഷണം എത്താത്തത് 'ചെങ്ങളായി മാഫിയയുടെ' രാഷ്ട്രീയ കരുത്ത്; നവീന്‍ ബാബു കേസ് ഇനി വിസ്മൃതിയിലേക്കോ?
തലശേരി: പി.പി ദിവ്യ ജയില്‍ മോചിതയാകുന്നതോടെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസ് അന്വേഷണവും നിലയ്ക്കും. ഇതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ പറഞ്ഞത് ഇതിന്റെ സൂചനയാണ്. കോടതിയില്‍ പ്രതിഭാഗം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതിന് സന്തോഷമുണ്ട്. ഒരു കേസാകുമ്പോള്‍ എല്ലാ ഭാഗവും പരിശോധിക്കും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. നാലാം തീയ്യതി കണ്ണൂരില്‍ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീന്‍ ബാബു ആറിന് ടിവി പ്രശാന്തിനെ കണ്ടതായുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ കോളുകളുമുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയാണ് ശ്രീകണ്ഠാപുരത്തു നിന്നും നവീന്‍ ബാബുവിനെ കാണാന്‍ പ്രശാന്തെത്തിയത്. ഇതെന്തിനാണെ കാര്യം അന്വേഷണ സംഘമാണ് പരിശോധിക്കേണ്ടതെന്ന് അഡ്വക്കേറ്റ് പറയുന്നു. എന്നാല്‍ ഇതെല്ലാം നവീന്‍ ബാബുവിനെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഡാലോചനയാണ്. ചെങ്ങളായി മാഫിയ ആയിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അന്വേഷണത്തെ വെറുമൊരു ആത്മഹത്യാ പ്രേരണയില്‍ ഒതുക്കിയ പോലീസാണ് ദിവ്യയ്ക്ക് ജാമ്യം ഉറപ്പിച്ചതെന്ന വാദവും ശക്തം.
മാധ്യമ കോലാഹലമുണ്ടാക്കിയതുകൊണ്ടെന്നും സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. കേസില്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അഡ്വ. കെ. വിശ്വന്‍ പറഞ്ഞു. കലക്ടറുടെ മൊഴിയുള്‍പ്പെടെ കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കാര്യങ്ങള്‍ ബോധ്യമായതിനാലാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘവുമായി പി.പി ദിവ്യ പൂര്‍ണമായും സഹകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ദിവ്യയ്ക്ക് ആശ്വാസമാണ് കോടതി വിധി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക മൊഴിയുണ്ടായിരുന്നു. കലക്ടറുമായി നവീന്‍ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കോടതിക്ക് മുമ്പിലെത്തിയില്ല. കളക്ടറും ദിവ്യയും തമ്മിലെ ഫോണ്‍ വിളികളും ചര്‍ച്ചയാക്കിയില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരു ഒളിച്ചു കളി പ്രോസിക്യൂഷന്‍ നടത്തി. ഒരു പ്രതിമാത്രമാണ് കേസിലുളളത്. ഇതൊരു ആത്മഹത്യാ പ്രേരണക്കേസാക്കി അന്വേഷണം അവസാനിപ്പിക്കും. ദിവ്യയ്‌ക്കെതിരെ കുറ്റപത്രവും നല്‍കിയേക്കും. അതിന് അപ്പുറത്തേക്കുള്ള ഗൂഡാലചനയൊന്നും ഒരു കാലത്തും പോലീസ് ചര്‍ച്ചയാക്കില്ല,
നവീന്‍ ബാബു കണ്ണൂരില്‍ എഡിഎം ആയി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകി എത്തിയതിനു കലക്ടര്‍ മെമ്മോ നല്‍കിയിരുന്നുവെന്നും ജീവനക്കാര്‍ റവന്യൂ വകുപ്പ് അന്വേഷണ സമയത്ത് മൊഴി നല്‍കിയിരുന്നു. അന്നു മുതല്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു. അവധി നല്‍കുന്നതില്‍ കലക്ടര്‍ സ്വീകരിച്ചിരുന്ന സമീപനവും നവീന്‍ ബാബുവിന് മാനസികവിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ഞായറാഴ്ച പോലും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശിച്ചിരുന്നു. കലക്ടറുമായി സംസാരിക്കാന്‍ പോലും നവീന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്. യാത്രയയപ്പ് യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്ന കലക്ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാര്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതെല്ലാം കോടതിയില്‍ എത്തിയിരുന്നുവെങ്കില്‍ നിര്‍ണ്ണായക തെളിവായി മാറിയേനേ. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലും കോടതിക്ക് മുന്നിലെത്തിയില്ല. ഇതിനൊപ്പം ദിവ്യയെ പോലീസ് കസ്റ്റഡിയിലും വാങ്ങി. വെറുമൊരു ആത്മഹത്യാ പ്രേരണാ കേസില്‍ വെറുതെ ആരേയും ജയിലില്‍ അടയ്ക്കാന്‍ കോടതിക്ക് കഴിയില്ല. ആത്മഹത്യാ കേസിലെ എല്ലാ മാനങ്ങളും ചര്‍ച്ചയാക്കിയിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു.
കലക്ടറുമായി നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നു. കലക്ടര്‍ പറയുന്നതു നുണയാണെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ജീവനക്കാരും ഇവരുടെ ബന്ധത്തെക്കുറിച്ച് മൊഴി നല്‍കിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താന്‍ എത്തിയത് കലക്ടറുടെ ക്ഷണപ്രകാരമാണെന്നാണ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി.പി.ദിവ്യ ആവര്‍ത്തിക്കുന്നത്. എന്നാല്‍ കലക്ടര്‍ ഇതു നിഷേധിച്ചിരുന്നു. അപ്പോഴും തെറ്റു പറ്റിയെന്ന് നവീന്‍ ബാബു തന്നോട് പറഞ്ഞെന്ന് കളക്ടര്‍ ആവര്‍ത്തിച്ചു. ഗുരുതര വീഴ്ച വരുത്തിയ കളക്ടറെ മാറ്റാതിരുന്ന സര്‍ക്കാര്‍ നിലപാടും കേസിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതോടെ കളക്ടറാണ് ശരിയെന്ന തരത്തിലെ വിലയിരുത്തല്‍ കോടതിക്ക് മുന്നിലേക്ക് ഉയര്‍ത്താനും പ്രതിഭാഗത്തിനായി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബു കേസിനെ അട്ടിമറിക്കുകയായിരുന്നു ഔദ്യോഗിക സംവിധാനങ്ങള്‍.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ കാണാന്‍ ജയിലിലേക്കെത്തി സിപിഎം നേതാക്കള്‍ നല്‍കിയതും നവീന്‍ ബാബുവിന് എതിരായ സന്ദേശമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോ നേതാക്കളുമാണ് ജയിലില്‍ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യന്‍ പറഞ്ഞു. അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യന്‍ പറഞ്ഞു. ഒപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും എത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നവീന്‍ ബാബുവിന്റെ ജീവനെടുത്തത്. ഈ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്റെ അടുത്ത ബന്ധുവാണ് എവി ഗോപിനാഥ്. ചെങ്ങളായി മേഖലയിലെ പ്രധാന സിപിഎം നേതാവ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി കെ ശ്യാമള, സരള, എന്‍ സുകന്യ എന്നിവരും ദിവ്യയെ കാണാനെത്തി.
ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി പ്രതികരിക്കുകയും ചെയ്തു. ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ വളരെ സന്തോഷമെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ''കുറച്ചുദിവസമായി ദിവ്യ ജയിലില്‍ കിടക്കുകയാണ്. ദിവ്യക്ക് നീതി ലഭിക്കണം. ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്ത് തന്നെയായാലും മനപൂര്‍വ്വമല്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവം എന്നേ പറയാന്‍ പറ്റൂ. ദിവ്യയുടെ ഭാ?ഗത്ത് നിന്ന് മനപൂര്‍വ്വമുണ്ടായ സംഭവമല്ല. പക്ഷേ ഉണ്ടായ സംഭവത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിച്ചു, അപാകതകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി എടുത്തത്. ഏതൊരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല.'' പികെ ശ്രീമതി പറഞ്ഞു.
അതേസമയം, ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കും. കൂടുതല്‍ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.