വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി; സിപിഎമ്മിന്റെ പാതിരാ റെയ്ഡും സുപ്രഭാതം പരസ്യവും സഹതാപം സൃഷ്ടിച്ചു; സന്ദീപ് വാര്യര്‍ എത്തിയത് സെല്‍ഫ് ഗോളാകുമെന്ന് ഭയന്നെങ്കിലും ബിജെപിയിലെ പ്രാദേശിക വിഷയങ്ങള്‍ ഗുണകരമായി; രാഹുല്‍ മാങ്കൂട്ടത്തില്‍ തിളങ്ങിയത് ഇങ്ങനെ

വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പ്രധാന കാരണമായി

Update: 2024-11-23 08:50 GMT

പാലക്കാട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മത്സരിച്ചു വിജയിച്ചപ്പോഴാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു ആവശ്യമായി വന്നത്. ഷാഫി വര്‍ഷങ്ങളായി പരിപാലിച്ചു പോന്ന സീറ്റില്‍ ആരും മത്സരിക്കണം എന്നതില്‍ തീരുമാനമെടുക്കാന്‍ ഷാഫിയെ തന്നെ ചുമതലപ്പെടുത്തിയത് പാര്‍ട്ടി. മാധ്യമങ്ങളിലൂടെ താരമായി നിന്ന തന്റെ വിശ്വസ്തനെ ഷാഫി കൈപിടിച്ചുയര്‍ത്തി. ഇത് ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ ഷാഫി വിരുദ്ധരെ ചൊടിപ്പിച്ചെങ്കിലും അതൊന്നും വകവെക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഒപ്പം നിന്നു.

ഇതിനിടെയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച് പി സരിന്‍ മറുകണ്ടം ചാടി സ്ഥാനാര്‍ഥിയായത്. ഇതോടെ അതുവരെ കോണ്‍ഗ്രസില്‍ പിണങ്ങി നിന്ന ശക്തികള്‍ ഒരുമിച്ചു. ഇതോടെ യുവ നേതാക്കളെല്ലാ കളം നിറഞ്ഞു മണ്ഡലത്തില്‍ പ്രചരണം നടത്തി. ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിച്ചതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിച്ചത്. ഇത് വി ഡി സതീശന്‍ നേതൃത്വം കൊടുത്ത ഇലക്ഷന്‍ എന്‍ജിനീയറിംഗിന്റെ വിജയം കൂടിയായി മാറി.

പത്തനംതിട്ടയില്‍ നിന്നും സ്ഥാനാര്‍ഥിയായി പാലക്കാട്ടേക്ക് രാഹുല്‍ എത്തിയപ്പോള്‍ മുതല്‍ തന്നെ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ പലതും അദ്ദേഹം നേരിടേണ്ടി വന്നു. സിപിഎം ഉയര്‍ത്തിയ വിവാദങ്ങളെയെല്ലാം രാഹുല്‍ പടവെട്ടി കയറി. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കുറുമുന്നണികളും കൂറുമാറ്റങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളുമെല്ലാം ഇവിടെ തരാതരം നടന്നിരുന്നു മണ്ഡലത്തില്‍. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ പലവഴിക്കുമെത്തി.രാഷ്ട്രീയ നാടകങ്ങളുടേയും കൂറുമാറ്റങ്ങളുടേയും കാഴ്ചയ്ക്ക് പാലക്കാട് സാക്ഷിയായി.

അന്തിമഫലത്തില്‍ വിവാദങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍മാങ്കൂട്ടത്തിന് ഗുണം ചെയ്തു. കാരണം പാലക്കാട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെ കടത്തിവെട്ടിയാണ് ഇത്തവണ രാഹുല്‍ പാലക്കാട്ടെ തേരാളിയായിരിക്കുന്നത്. 18,715 വോട്ടിന്റെ വിജയം. 2011-ല്‍ 7403 വോട്ടിന്റേയും 2016-ല്‍ 17,483 വോട്ടിന്റേയും 2021-ല്‍ 3859 വോട്ടിന്റേയും ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം.




 


രാഹുലിന്റെ ചരിത്രവിജയം എതിരാളികള്‍ ഉയര്‍ത്തിയ പെട്ടി വിവാദം, സരിന്റെ കൂറുമാറ്റം, സന്ദീപിന്റെ വരവ്, അവസാന നിമിഷത്തെ പരസ്യ വിവാദം, ഒപ്പം ഷാഫി പറമ്പിലിന്റെ പാലക്കാട്ടെ സ്വാധീനം എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണെന്ന് പറയാതെ വയ്യ. ഇതെല്ലാം വലിയ രീതിയിലാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്. വടകരയില്‍ ഷാഫിയെ ജയിപ്പിച്ചാല്‍ പാലക്കാട്ട് ബി.ജെപി.യെ ജയിപ്പിക്കുമെന്ന ധാരണയിലാണ് ഷാഫി വടകരയ്ക്കെത്തിയതെന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം. പറഞ്ഞത്. പക്ഷെ, ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണ ഇ.ശ്രീധരനുണ്ടാക്കിയ മുന്നേറ്റം പോലും കൃഷ്ണകുമാറിനുണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യഘട്ടത്തിലല്ലാതെ ഒരിക്കലും കൃഷ്ണകുമാറിന് മുന്നേറാന്‍ പറ്റിയില്ല.

രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയെന്നതുകൊണ്ടു മാത്രമായിരുന്നു അന്നുവരെ സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിപ്പൊരിച്ച ഡോ. പി. സരിന്‍ ഒറ്റനിമിഷം കൊണ്ട് കളം മാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. ഇതിനെ വോട്ടര്‍മാര്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനും യുഡി.എഫിനുമായി. ഇതിന്ശേഷം നീല ട്രോളിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ളപ്പണം കടത്തിയെന്ന ആരോപണം ഉന്നയിച്ചു. അര്‍ധരാത്രി വനിതാ നേതാക്കളുടെയടക്കം മുറികളില്‍ പോലീസ് റെയ്ഡ് നടത്തി. ഇത് വലിയ വിവാദത്തിനും വഴിവെച്ചു. ഒന്നും തെളിയിക്കാനാവാതെ വന്നതോടെ വിവാദം ഉന്നയിച്ചവര്‍ക്ക് തന്നെ അത് തിരിച്ചടിയായി. വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുയര്‍ന്നതോടെ പിന്നോട്ട് പോവേണ്ടിയും വന്നു. ഇതിനേയും യു.ഡി.എഫ്. തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.

തോല്‍വി മണത്തതുകൊണ്ടാണ് ട്രോളി വിവാദത്തിലൂടെ സി.പി.എം വ്യാജപ്രചാരണം നടത്തുന്നതെന്ന യു.ഡി.എഫിന്റെ വാദം ശരിവെക്കുന്നത് കൂടിയായി വിവാദത്തില്‍ നിന്ന് സി.പി.എമ്മിന്റെ പിന്‍മാറ്റം. ഇത് വോട്ടിങ്ങിനെ കൃത്യമായി സ്വാധീനിക്കുകയും ചെയ്തു. അടുത്ത വിവാദം സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെടുത്തത് സംബന്ധിച്ചായിരുന്നു. ബി.ജെ.പി. വിട്ടുവന്ന സന്ദീപിന് ആദ്യം തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വാതില്‍ തുറന്നിട്ടത് സി.പി.എം നേതാക്കളായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ്. ഇതോടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അതേ നേതാക്കള്‍ സന്ദീപിനെ വെറുക്കപ്പെട്ടവനാക്കി. മാത്രമല്ല, സ്ഥാനാര്‍ഥി പോലുമല്ലാഞ്ഞിട്ട് പോലും സന്ദീപിനെതിരേ രണ്ട് പ്രത്യേക പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി. ഇത് വലിയ വിവാദത്തിലുമായി. ഈ ഇരട്ടത്താപ്പിനേയും തുറന്നുകാട്ടാന്‍ യു.ഡി.എഫ് നേതൃത്വത്തിനായി.

വര്‍ഗീയതയ്ക്കെതിരേ നാഴികയ്ക്ക് നാല്‍പത് വട്ടവും പറയുന്ന സി.പി.എം എന്തുകൊണ്ട് തന്റെ മുന്‍നിലപാടിനെ അപ്പാടെ തള്ളി കോണ്‍ഗ്രസിലെത്തിയ സന്ദീപിനെ അംഗീകരിക്കുന്നില്ല എന്നായിരുന്നു യു.ഡി.എഫിന്റെ ചോദ്യം. വര്‍ഗീയതയ്ക്കെതിരേ നിലപാടെടുത്തത് കൊണ്ടാണോ സന്ദീപിനെതിരേ പത്രപരസ്യം നല്‍കിയതെന്നും കോണ്‍ഗ്രസും യു.ഡി.എഫും ചോദിച്ചു. ഇതിനൊന്നും കൃത്യമായി മറുപടി പറയാന്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും സാധിച്ചില്ല. ഇതെല്ലാം വോട്ടാവുകയും ചെയ്തു.

ഇതിനെല്ലാം ഉപരിയായി രാഹുല്‍ എന്ന യുവാവിന് നല്‍കിയ വോട്ടു കൂടിയാണ് പാലക്കാടേത്. എതിര്‍പക്ഷത്ത് വാക്ചാതുര്യം കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്ന ചാനല്‍ ചര്‍ച്ചകളുടെ കാലത്ത് ഏതു ചോദ്യത്തിനും സംവാദങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ മറുപടി കൊടുത്തു കൊണ്ട് ജനമനസുകളിലേക്ക് കടന്നു കയറിയ ആ ചെറുപ്പക്കാരന്‍ ഇന്ന് പാലക്കാടിന്റെ എംഎല്‍എ പദത്തിലെത്തിയിരിക്കുന്നു.


 



2006ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. അവസാനം ഷാഫി പറമ്പലിന്റെ പിന്‍ഗാമിയായി 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ അവസാനചിത്രം തെളിയുമ്പോള്‍ 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ഒന്നാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ രാഹുല്‍ ലീഡ് പിടിച്ചെങ്കിലും മൂന്നാാം റൗണ്ടില്‍ വീണ്ടും കൃഷ്ണകുമാര്‍ ലീഡ് പിടിച്ചു. അഞ്ചാം റൗണ്ടിലാണ് രാഹുല്‍ ആധിപത്യം ഉറപ്പിച്ചത്.

Tags:    

Similar News