ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ധീരന്‍....; നിയമസഭാ പുസ്തകോത്സവത്തിനിടെ കണ്ടപ്പോള്‍ കൈ കൊടുത്ത് പുഞ്ചിരി നിറച്ച സ്‌നേഹ പ്രകടനം; ശശി തരൂരിന്റെ പോസ്റ്റ് ചെന്നിത്തലയ്ക്കുള്ള അംഗീകാരമോ? കോണ്‍ഗ്രസിന് സ്റ്റാല്‍വാര്‍ട്ടിനെ സമ്മാനിക്കുന്നത് പ്രവര്‍ത്തക സമിതി അംഗം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഈ പ്രയോഗം നിര്‍ണ്ണായകമാകും

Update: 2025-01-10 07:08 GMT

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- ഇത് കേരളത്തിലെ ധീരന്‍.... തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂരിന്റെ പോസ്റ്റാണ് ഇത്. കഴിഞ്ഞ ദിവസം നിയമസഭാ പുസ്തകോത്സവത്തില്‍ ശശി തരൂരും രമേശ് ചെന്നിത്തലയും കണ്ടു മുട്ടിയിരുന്നു. പുസ്‌കോത്സവത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നിത്തല എത്തിയിരുന്നു. ചെന്നിത്തലയുടെ പരിപാടിക്ക് ശേഷം തരൂരിനും പരിപാടിയുണ്ടായിരുന്നു. ഇതിന് എത്തിയപ്പോഴായിരുന്നു ചെന്നിത്തലയെ കണ്ടത്. സ്പീക്കര്‍ എഎന്‍ ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അവിടെ ഉണ്ടായിരുന്നു. ഇവരുടെയെല്ലാം ചിത്രങ്ങള്‍ക്കൊപ്പമാണ് ചെന്നിത്തലയുടേയും കൂടിക്കാഴ്ച തരൂര്‍ അറിയിക്കുന്നത്. എന്നാല്‍ ചെന്നിത്തലയെ തരൂര്‍ വിശേഷിപ്പിക്കാന്‍ ധീരന്‍ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചിരിക്കുന്നു. സ്റ്റാര്‍വാര്‍ട്ട് എന്ന ഇംഗ്ലീഷ് പദത്തിലൂടെയാണ് ചെന്നിത്തലയെ തരൂര്‍ ഉയര്‍ത്തുന്നത്. സമകാലിക കേരള രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളിലെ പ്രധാനിയായി ചെന്നിത്തല മാറിയിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും മുസ്ലീം ലീഗും ചെന്നിത്തലയെ അംഗീകരിച്ചു. അടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ചെന്നിത്തല ഉയര്‍ന്നു വരണമെന്ന് ചില കോണുകള്‍ ആവശ്യം ഉന്നയിക്കുന്നു. ഇതിനിടെയാണ് ശശി തരൂരിനെ പോലൊരു 'ഗ്രൂപ്പില്ലാ നേതാവും' ചെന്നിത്തലയെ ധീരനായി കാണുന്നത്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അസാധാരണ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ചെന്നിതല നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം പ്രശംസ അറിയിച്ചത്. ഫലത്തില്‍ നേതാവായി മുസ്ലീം ലീഗും രമേശ് ചെന്നിത്തലയെ അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്‍ എസ് എസ് ചെന്നിത്തലയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചിരുന്നു. എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയുമായി ശശി തരൂരിനും ്അടുത്ത ബന്ധമുണ്ട്. അതുകൊണ്ട ്കൂടിയാണ് ചെന്നിത്തലയെ ധീരനെന്ന് തരൂര്‍ വിളിക്കുന്നതില്‍ പ്രസക്തി ഏറുന്നത്. കെ മുരളീധരനേയും എംഎം ഹസനേയും പോലുള്ള നേതാക്കള്‍ ചെന്നിത്തലയെ അംഗീകരിക്കുന്നില്ല. അതിനിടെയാണ് തരൂരിന്റെ പുകഴ്ത്തല്‍. ഉമ്മന്‍ചാണ്ടിയുടെ അതേ പരിവേഷത്തിലേക്ക് ചെന്നിത്തലയെ എത്തിക്കുകയാണ് ലക്ഷ്യം.

ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങള്‍ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. യു.ഡി.എഫില്‍ ക്രിസ്ത്യന്‍വിഭാഗം അവിഭാജ്യഘടകമാണ്. അവരെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അത്തരം കാര്യങ്ങളെല്ലാം ചെയ്യേണ്ടിവരും. ചില സംഘടനകളുടെ രാഷ്ട്രീയപിന്തുണ വേണ്ടിവരുമെന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. കെ.എം. മാണിയുമായി ലീഗിന് വലിയ അടുപ്പമായിരുന്നു. എല്‍.ഡി.എഫിലേക്ക് പോകുന്നതിനുമുന്‍പ് ജോസ് കെ. മാണി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ, ലീഗിന്റെ മൗനസമ്മതം വേണമെന്നരീതിയില്‍ എന്ന ചോദ്യത്തോട് തങ്ങള്‍ പ്രതികരിച്ചത് നിര്‍ണ്ണായകമാണ്. = അങ്ങനെയൊരു സമ്മതം ചോദിച്ചാല്‍ ലീഗ് ഒരിക്കലും കൊടുക്കില്ലല്ലോ. മാണിസാറിന്റെ മകന്‍ യു.ഡി.എഫ്. വിടട്ടേ എന്ന് ചോദിച്ചാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് ഒരിക്കലും സമ്മതിക്കില്ലായിരുന്നു. അങ്ങനെയൊരു ചോദ്യമൊന്നും ഉണ്ടായിട്ടില്ല. തിരിച്ചുവരണമെന്നു തന്നെയാണ് ഞങ്ങളുടെ ആത്മാര്‍ഥമായ ആഗ്രഹമെന്നും പറയുന്നു. ജോസ് കെ. മാണി വരണമെന്ന് ആഗ്രഹിച്ചിട്ടുമാത്രം കാര്യമില്ലല്ലോ. അതിനുവേണ്ടി ലീഗ് ഇടപെടുമോ എന്നതിന് യു.ഡി.എഫ്. അങ്ങനെയൊരു തീരുമാനമെടുത്താല്‍ തീര്‍ച്ചയായും ലീഗായിരിക്കും അതിന്റെ മുന്നിലുണ്ടാകുക എന്നും പറയുന്നു. അതായത് രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്ന ലീഗ് കേരളം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലുണ്ടാകണമെന്ന് കൂടി പറയുകയാണ്. ഇതിനോട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അനുകൂലമായല്ല പ്രതികരിച്ചത്. അപ്പോഴും കേരളാ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ലീഗ് തുടരുമെന്നാണ് സൂചന. മുനമ്പം വിഷയത്തോടെ ക്രൈസ്തവ സംഘടനകളും ഇടതു സര്‍ക്കാരിന് എതിരായി. ഇതും കേരളാ കോണ്‍ഗ്രസ് എമ്മിന് മുകളില്‍ സമ്മര്‍ദ്ദമാണ്.

കുറച്ചു കാലമായി കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്നും ചെന്നിത്തലയെ ചിലര്‍ മാറ്റി നിര്‍ത്തുന്നുവെന്ന ചര്‍ച്ചയുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്രയിലായിരുന്നു ചുമതല. വയനാട്ടിലും പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും ചെന്നിത്തല മഹാരാഷ്ട്രയിലായിരുന്നു. അവിടെ കോണ്‍ഗ്രസ് മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ ചെന്നിത്തലയുടെ കാലം കഴിഞ്ഞെന്ന വിലയിരുത്തലുകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിനിടെയാണ് മണിയാര്‍ വൈദ്യുതി ഇടപാടില്‍ ആരോപണവുമായി ചെന്നിത്തല എത്തിയത്. തെളിവ് അടക്കം പുറത്തു വിട്ടു. കൊച്ചയിലെ സ്മാര്‍ട് സിറ്റിയിലും കത്തി കയറി. ഇതോടെ പ്രതിപക്ഷത്തെ പ്രധാന ശബ്ദമായി ചെന്നിത്തല മാറി. പിന്നാലെ എന്‍ എസ് എസ് ക്ഷണവും എത്തി. മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചത്. ഇതിന് പിന്നാലെ എസ് എന്‍ ഡി പിയും ചെന്നിത്തലയെ ക്ഷണിച്ചു.്. ഇതോടെ ഈ സമുദായത്തിനും ചെന്നിത്തലയോട് താല്‍പ്പര്യം ഉണ്ടെന്ന് വ്യക്തമായി. ആലപ്പുഴയിലെ ഹരിപ്പാടെ എംഎല്‍എയാണ് ചെന്നിത്തല. എസ് എന്‍ ഡി പി യ്ക്ക് ഏറെ സ്വാധീനമുള്ള നിയോജക മണ്ഡലമാണ് ഹരിപ്പാട്. അതുകൊണ്ട് തന്നെ എന്‍ എസ് എസിനൊപ്പം എസ് എന്‍ ഡി പിയും ചെന്നിത്തലയെ ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം അണികള്‍ക്ക് നല്‍കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.


 



ഹരിപ്പാട്ടെ വിജയത്തിന് ചെന്നിത്തലയ്ക്ക് ഇതും അനിവാര്യ ഘടകമാണ്. എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും ഒരു പോലെ കണ്ട് താന്‍ ഒരു സമുദായത്തിന്റെ മാത്രം ആളല്ലെന്ന സന്ദേശം നല്‍കാനും ചെന്നിത്തല ശ്രമിക്കും. ക്രൈസ്തവ-മുസ്ലീം മത നേതാക്കളുമായുള്ള സൗഹൃദവും ചെന്നിത്തല ശക്തമായി കൊണ്ടു പോകും. ഒരു സമൂദായത്തിന്റെ മാത്രം ആളായി തളയ്ക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന തിരിച്ചറിവില്‍ ചെന്നിത്തല വ്യക്തമായ പദ്ധതികള്‍ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും സൂചനയുണ്ട്. ചെന്നിത്തലയോട് ഒരു അതൃപ്തിയുമില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നല്‍കുന്നത് എന്നതാണ് വസ്തുത. ഇതിനിടെയാണ് തരൂരിനെ പോലൊരു നേതാവും പ്രകീര്‍ത്തിക്കുന്നത്.

Tags:    

Similar News