കേരളത്തിലെ 'ജനറല്‍ സെക്രട്ടറിയെ' പിന്‍വലിച്ചത് സന്ദേശമായി; അമിത് ഷായെ നേരിട്ടിറക്കി നാഗ്പൂര്‍ പിണക്കം മാറ്റിയ മോദി; ആരും സ്വയം 'ദൈവമാകേണ്ടതില്ലെന്ന' ഉപദേശം ഇനി ബിജെപിക്കാര്‍ അനുസരിക്കും; ഹരിയാനയിലെ വിജയം ആര്‍ എസ് എസ് ഓപ്പറേഷന്‍! കോണ്‍ഗ്രസിനെ തോല്‍പ്പിച്ച പരിവാര്‍ ഗാഥ ഇങ്ങനെ
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ ആരാകണമെന്നതിലും ആര്‍ എസ് എസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രാജ്‌നാഥ് സിംഗിനെയാണ് അവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നതാണ് പുറത്തു വരുന്ന സൂചന
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് നല്‍കിയത് ആര്‍ എസ് എസോ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിട്ടത് 400 സീറ്റാണ്. 'മോദി ഗാരന്റി' എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി ആ ലക്ഷ്യത്തിന് ആഞ്ഞു പിടിച്ചു. പക്ഷേ അതു തീക്കളിയായി. ഉത്തര്‍പ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ബിജെപിയ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നില്‍ കളിച്ചത് ആരെന്നും വ്യക്തമായി. ആരും സ്വയം 'ദൈവമാകേണ്ടതില്ലെന്ന' ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ വിമര്‍ശനാത്മക പരാമര്‍ശത്തില്‍ എല്ലാം അടങ്ങിയിരുന്നു. ഇതിന് ശേഷം സ്വന്തം ഭൂരിപക്ഷമില്ലാതെ മോദി വീണ്ടും പ്രധാനമന്ത്രിയായി. ചില തിരുത്തലുകള്‍ വരുത്തി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആര്‍ എസ് എസ് വിലക്കും നീക്കം. ആര്‍ എസ് എസുമായി കൂടുതല്‍ അടക്കുമെന്ന സന്ദേശവും നല്‍കി. അതിന് ശേഷം ഹരിയാനയില്‍ തിരഞ്ഞെടുപ്പ് എത്തി. അവിടെ ആര്‍ എസ് എസ് തെളിയിച്ചു ആര്‍ക്കാണ് ശക്തിയെന്ന്. ബിജെപി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത കക്ഷി നിലയില്‍ ബിജെപി എത്തി. അങ്ങനെ ഹരിയാന ഭരണം താമര പാര്‍ട്ടിക്ക്.
ബിജെപിയ്ക്ക് ആര്‍ എസ് എസ് വ്യക്തമായ സന്ദേശം നല്‍കിയത് കേരളത്തിലൂടെയാണ്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കിയിട്ടും ആ പരിഗണന കേരളത്തില്‍ ബിജെപി നല്‍കിയില്ല. ഉടന്‍ ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷിനെ ആര്‍ എസ് എസ് പിന്‍വലിച്ചു. രാജ്യത്തുടനീളം ഈ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പായിരുന്നു അതിലൂടെ ആര്‍ എസ് എസ് നല്‍കിയത്. ഉടന്‍ തന്നെ കാര്യം മോദിക്ക് പിടികിട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങി. ആര്‍ എസ് എസിന് തന്നെയാണ് പ്രാധാന്യം എന്ന് ബോധ്യപ്പെടുത്തി. ഈ തിരുത്തല്‍ ശ്രമങ്ങള്‍ക്ക് ആര്‍ എസ് എസ് നല്‍കിയ സമ്മാനാണ് ഹരിയാനയില്‍ താമരയ്ക്കുള്ള വിജയം. കൂടുതല്‍ സജീവമായി അവര്‍ ഇടപെടും. ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷനേയും അവര്‍ നിശ്ചയിക്കും. മഹാരാഷ്ട്രയിലും നയരൂപീകരണം ആര്‍ എസ് എസ് വകയാകും. നാഗ്പൂര്‍ ഇടപെടല്‍ ബിജെപി രാഷ്ട്രീയത്തില്‍ അനിവാര്യതയാക്കുന്നതാണ് ഹരിയാനയിലെ മിന്നും വിജയം.
2014ല്‍ മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. മോദി തരംഗം ആഞ്ഞടിച്ചു നിന്ന സമയം. അന്ന് പോലും ബിജെപിക്ക് ഹരിയാനയില്‍ കിട്ടിയത് 47 സീറ്റ്. അഞ്ചു കൊല്ലത്തിന് ശേഷമുള്ള ഭരണ വിരുദ്ധതയില്‍ അതു കുറഞ്ഞു. 2024ലെ ലോക്‌സഭയില്‍ ബിജെപിക്കുണ്ടായ സീറ്റ് നഷ്ടം ഹരിയാനയിലും പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് കരുതി. ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റില്‍ അഞ്ചെണ്ണം നേടിയത് കോണ്‍ഗ്രസായിരുന്നു. അതുകൊണ്ട് തന്നെ മൃഗീയ ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടുമെന്ന് ബിജെപിക്കാര്‍ പോലും പ്രതീക്ഷിച്ചു. ഇവിടെയാണ് ആരും അറിയാതെ ആര്‍ എസ് എസ് പണിയെടുത്തത് എന്നാണ് വിലയിരുത്തല്‍.
ബിജെപിക്ക് വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു ശക്തി. പരിവാര്‍ വോട്ടുകള്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് ബിജെപിയെ അറിയിക്കാനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ ആര്‍ എസ് എസ് എടുത്തു. ഹരിയാനാ മുഖ്യമന്ത്രി നായിബ് സിംഗ് സൈനിയെ മുന്നില്‍ നിര്‍ത്തി ഡല്‍ഹിയിലെ ബിജെപി നേതൃത്വം അറിയാതെ കരുക്കള്‍ നീക്കി. ജാട്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ബുദ്ധി പരിവാര്‍ കേന്ദ്രങ്ങള്‍ ഒരുക്കി. ഈ ആര്‍ എസ് എസ് നീക്കം കോണ്‍ഗ്രസ് അറിഞ്ഞില്ല. മോദിയുമായുള്ള ആര്‍ എസ് എസിന്റെ അതൃപ്തി ചുളുവിന് നിയമസഭയിലും വോട്ടാകുമെന്ന് രാഹുല്‍ ഗാന്ധിയും സംഘവും കരുതി. ഇവിടെ അവര്‍ പൂര്‍ണ്ണമായും പരാജിതമായി.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനശൈലിയുടെ പ്രത്യേകത കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ക്ക് അമിത ആത്മവിശ്വാസത്തിലായത്. പുറമേയ്ക്ക് കാര്യങ്ങള്‍ പ്രകടമായിരുന്നില്ല. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ആര്‍എസ്എസിന്റെ ഭാഗത്തു നിന്നുണ്ടായ നിസ്സഹകരണം അവര്‍ അവസാനിപ്പിച്ചു. ജാതി രാഷ്ട്രീയവും ആര്‍ എസ് എസ് വോട്ടുകള്‍ കൃത്യമായി ചെയ്യാത്തതുമാണ് ബിജെപിക്ക് ലോക്‌സഭയില്‍ തിരിച്ചടിയായതെന്ന് ആര്‍ എസ് എസിന് അറിയാമായിരുന്നു. ഒബിസിക്കാരനായ സൈനിയെ മുന്നില്‍ നിര്‍ത്തി ജാട്ട് വിരുദ്ധ വോട്ടുകള്‍ക്കായി ആര്‍ എസ് എസ് പ്രചരണം നടത്തി. ഇതിനൊപ്പം എല്ലാ പരിവാര്‍ വോട്ടും ബിജെപിക്ക് കിട്ടുന്നുവെന്നും ഉറപ്പിച്ചു. ജാതിക്ക് അതീതമായി രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും വോട്ട് ചെയ്യുകയെന്ന കടമ നിര്‍ബന്ധമായും നിര്‍വഹിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ഹരിയാനയില്‍ ഈ രഹസ്യ നീക്കമാണ് ബിജെപി വിജയത്തില്‍ നിര്‍ണ്ണായകമായതെന്ന് അവിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ പോലും നിരീക്ഷിക്കുന്നുണ്ട്.
ഹൈക്കമാന്‍ഡ് കള്‍ച്ചര്‍ അവസാനിപ്പിച്ച് പ്രദേശിക നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആര്‍ എസ് എസ് നിര്‍ദേശിച്ചു. അതുകൊണ്ട് തന്നെ ഹരിയാനയില്‍ എല്ലാം നിശ്ചയിച്ചത് സൈനിയും ആര്‍ എസ് എസുമായി. ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ ആരാകണമെന്നതിലും ആര്‍ എസ് എസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രാജ്‌നാഥ് സിംഗിനെയാണ് അവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നതാണ് പുറത്തു വരുന്ന സൂചന.