തദ്ദേശത്തില്‍ സിപിഎമ്മിന്റെ അടിവേരിളക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിയമസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? എല്ലാം സോണിയ ഗാന്ധിയുടെ തലയില്‍ വെക്കാന്‍ സിപിഎം നീക്കം; അവസരം മുതലാക്കി ബിജെപിയും; 'സ്വര്‍ണ്ണം കട്ടത് സഖാക്കളാണെന്നും അത് വിറ്റത് കോണ്‍ഗ്രസെന്ന' കഥ മെനയുന്നത് ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു ബിസിനസും ചൂണ്ടിക്കാട്ടി

തദ്ദേശത്തില്‍ സിപിഎമ്മിന്റെ അടിവേരിളക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിയമസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ?

Update: 2026-01-03 06:50 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നിര്‍ണാക ഘട്ടത്തിലാണ്. സിപിഎമ്മിലെ പ്രമുഖര്‍ പ്രതികളായ കേസില്‍ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കടകംപള്ളി സുരേന്ദ്രനെ അടക്കം ചോദ്യം ചെയ്തത് സിപിഎമ്മിന് തിരിച്ചടിയായി. ഇതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളിലേക്കും അന്വേഷണം തിരിക്കാനാണ് നീക്കം നടക്കുന്നത്. പിണറായി വിജയന്‍ തന്നെ അത്തരം സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ദേശീയ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരാന്‍ സോണിയ ഗാന്ധിയുടെ പേര് ഉയര്‍ത്തിയാണ് ബിജെപിയും രംഗത്തുവന്നത്.

ഫലത്തില്‍ തദ്ദേശത്തിലെ വിജയം ശബരിമല സ്വര്‍ണക്കൊള്ള കേസ് വഴിയാണെങ്കില്‍ നിയമസഭയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രിരോധത്തിലാകുന്നകാഴ്ക്കയാണ് കാണുന്നത്. കേസിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സി.പി.എമ്മിന്റെ തലയില്‍ നിന്ന് എടുത്ത് കോണ്‍ഗ്രസിന്റെ തലയിലേക്ക് വയ്ക്കാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെടുത്തുകയാണ്. ബി.ജെ.പി പുറത്തിറക്കിയ ഒരു പ്രചരണ ഗാനത്തിന്റെ പാരഡിയില്‍ 'സ്വര്‍ണ്ണം കട്ടത് സഖാക്കളാണെന്നും അത് വിറ്റത് കോണ്‍ഗ്രസിനാണെന്നും പറയുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഈ പ്രചരണം തുടങ്ങിവെച്ച് കഴിഞ്ഞു.

സോണിയ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ രംഗത്തെത്തുന്നത്. പിണറായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സോണിയ ബന്ധം ചൂണ്ടിക്കാട്ടിയാണ് രംഗത്തുവന്നതെങ്കില്‍ ബിജെപി ഒരു പരിധി കൂടി കടന്ന് സോണിയ ഗാന്ധിയുടെ ബന്ധുക്കള്‍ക്ക് ഇറ്റലിയില്‍ പുരാവസ്തു ബിസിനസ് ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് രംഗത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ഈ നീക്കത്തെ ശരിവെക്കുന്ന വിധത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളുമെത്തി.

സോണിയ ഗാന്ധിയുടെ കുടുംബത്തിന് മേലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി കേരള കൗമുദി രംഗത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം, അന്വേഷണം ഡല്‍ഹിയിലെ ഉന്നതരിലേക്ക് നീളുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ ഒരു ഉന്നത നേതാവിന്റെ രണ്ട് ഉറ്റബന്ധുക്കള്‍ക്ക് അന്താരാഷ്ട്ര പുരാവസ്തു ബിസിനസ് ഉണ്ട്. ഇറ്റലിയിലെ റിവോള്‍ട്ട നഗരത്തിലുള്ള 'എത്‌നിക്ക', ഓര്‍ബസാനോ സിറ്റിയിലെ 'ഗണപതി' എന്നീ സ്ഥാപനങ്ങള്‍ സോണിയ ഗാന്ധിയുടെ സഹോദരി അലക്‌സാന്‍ഡ്രിയയുടേതാണെന്ന് ജന്മഭൂമിയും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഭാരതത്തില്‍ നിന്നുള്ള വിഗ്രഹങ്ങളും പുരാവസ്തുക്കളും ഇവിടെ വില്‍ക്കുന്നുണ്ടെന്നാണ് ആരോപണം.



Full View

സി.ബി.ഐ അന്വേഷണവും കോടതിയും 2003-ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയില്‍ ഇതേ പുരാവസ്തു ഇടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടന്നിരുന്നു. ശബരിമലയിലെ അമൂല്യമായ ചെറുവിഗ്രഹങ്ങളും പ്രഭാമണ്ഡലവും കടത്തിയതില്‍ ഇവരുടെ പങ്ക് സംശയിക്കുന്നു. അയ്യപ്പന്റെ പ്രഭാമണ്ഡലത്തിലെ ഒറിജിനല്‍ പാളികള്‍ മാറ്റി പകരം ചെമ്പ് പതിപ്പുകള്‍ വെച്ചതായും സംശയം ഉയര്‍്ത്തുന്നുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ച മോഷണക്കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദത്തിന് ആക്കം കൂട്ടുന്ന അവസ്ഥയാണ്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ കോടതി വിധി നിര്‍ണ്ണായകമാകും. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ഈ കേസ് കോണ്‍ഗ്രസിന്റെ വിനയായി മാറുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അടക്കം ഇന്ന് അഭിപ്രായപ്പെട്ടു രംഗത്തുവന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത് സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


 



ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താന്‍ എസ്‌ഐടി ശ്രമിക്കുന്നെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേസില്‍ കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കള്‍ക്ക് പങ്കുണ്ടോയെന്ന് കോടതി ആദ്യമേ സംശയം പ്രകടിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്നത് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. പുരാവസ്തു ബിസിനസിലേക്ക് കൊള്ള എത്തിയിട്ടുണ്ടോ എന്നതിലേക്ക് കാര്യം എത്തുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ചിത്രം വന്നു. ആദ്യം ആരും സംശയിച്ചില്ല. കാരണം അത് സ്വാഭാവികം ആണല്ലോ. പക്ഷെ ആദ്യ നിലപാടുകളില്‍നിന്ന് ചെന്നിത്തലയും വി.ഡി. സതീശനും പിന്നിലേക്ക് പോയി, സുരേന്ദ്രന്‍ പറഞ്ഞു. സോണിയ ഗാന്ധിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയം കസര്‍ത്താണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ആരാണ് സോണിയ ഗാന്ധിക്ക് അവരെ പരിചയപ്പെടുത്തിയത്. അടൂര്‍ പ്രകാശ് മാത്രമല്ല, ആന്റോ ആന്റണിയും ഇതിലുണ്ട്. വിലമതിക്കാന്‍ സാധിക്കാത്തതാണ് നഷ്ടമായത്. ഇത് അന്താരാഷ്ട്ര വിഗ്രഹക്കൊള്ളയാണ്. ഇറ്റലിയില്‍ സോണിയ ഗാന്ധിയുമായി രക്തബന്ധമുള്ളവര്‍ക്ക് പുരാവസ്തുക്കള്‍ വിപണനം നടത്തുന്ന പരിപാടി ഉണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ഇത് ആദ്യം അറിയില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുങ്ങി. അദ്ദേഹം കേട്ട കാര്യങ്ങള്‍ ഒക്കെ അങ്ങ് പറഞ്ഞു. പക്ഷെ പറഞ്ഞ കാര്യങ്ങളില്‍ എന്തുകൊണ്ട് ഉറച്ച് നില്‍ക്കുന്നില്ല, ചെന്നിത്തല മതിപ്പ് വില വരെ പറയുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സോണിയ ഗാന്ധിയും പോറ്റിയും എങ്ങനെ, എന്തിനു കണ്ടു എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് വിശദീകരണം നല്‍കുന്നില്ല. വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫിനും പരിക്ക് പറ്റും. വൈറല്‍ പാട്ടില്‍ ഭേദഗതി വേണ്ടി വരുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് മാറ്റേണ്ടി വരും. കേസില്‍ യുഡിഎഫിനും തുല്യ പങ്കുണ്ട്. ശബരിമല സ്വര്‍ണകൊള്ളയില്‍ നിന്ന് എളുപ്പത്തില്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.


 



ഇത് സി.ബി.ഐ വരുന്നതിന് വഴിതുറക്കുന്ന വിധത്തിലാണ് ബിജെപിയുടെ നീക്കങ്ങള്‍. രാഷ്ട്രീയമായി അത്തരമൊരു നീക്കത്തിന് ബിജെപി തയ്യാറായാല്‍ അത് നിയമസഭയില്‍ യുഡിഎഫിന്റെ സാധ്യതകള്‍ക്ക് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തും. സ്വര്‍ണപ്പാളി 500 കോടിക്ക് വിദേശത്തേക്ക് കടത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഈ ആരോപണം ആയുധമാക്കിയാണ് ബിജെപിയും സിപിഎമ്മും വിഷയം കോണ്‍ഗ്രസിനെതിരെ തിരിക്കുന്നത്.

Tags:    

Similar News