സംസ്ഥാന കമ്മറ്റിയില്‍ 'ക്ഷണിതാവ്' എന്ന അംഗീകാരം പോലും വിഎസിന് ഇല്ല; കമ്യൂണിസ്റ്റ് ഇതിഹാസത്തെ ഒഴിവാക്കിയതില്‍ പൊട്ടിത്തെറിച്ച മേഴ്‌സികുട്ടിയമ്മ; ശ്രീമതിയ്ക്കും ആനാവൂരിനും പോലും ക്ഷണിതാവെന്ന പരിരക്ഷ ഇല്ല; എംഎം മണിയും ഇനി ഇടുക്കിയില്‍ നിന്നും കമ്മറ്റിക്ക് വരേണ്ട; കൊല്ലത്ത് വിഎസിനെ പിണറായി വെട്ടി നിരത്തിയപ്പോള്‍
കൊല്ലം: വിഎസ് അച്യുതാനന്ദനെ പിണറായി പക്ഷം വെട്ടി നിരത്തി. സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനല്‍. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു സമ്മേളനത്തിലും ചര്‍ച്ചയായി. മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എന്നും വിഎസിനൊപ്പം നിന്ന നേതാവാണ് മേഴ്‌സിക്കുട്ടിയമ്മ. വിഎസ് അച്യുതാനന്ദനൊപ്പം നിന്നിരുന്ന പലരേയും യോഗ്യതയുണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല. പുതിയ പാനല്‍ അംഗീകരിക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മേഴ്‌സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഎമ്മിലെ 'വിഎസ് യുഗ'ത്തിനു പാര്‍ട്ടി തന്നെ ഔദ്യോഗികമായി വിരാമമിടുകയാണ്. ആരോഗ്യാവസ്ഥ മോശമാണെങ്കിലും ആദരവ് എന്ന നിലയില്‍ വിഎസിനെ ക്ഷണിതാവാക്കണമെന്ന നിലപാട് സിപിഎമ്മിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്.
1995ല്‍ കൊല്ലത്ത് ഒടുവില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിപിഎമ്മില്‍ വിഎസ് പിടിമുറുക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് തന്റെ രാഷ്ട്രീയ ശിഷ്യനായ പിണറായി വിജയനെ വിഎസിന് അനായാസം പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയായതോടെ വിഎസുമായി പിണറായി തെറ്റി. പിന്നിട് വിഎസും പിണറായിയും രണ്ട് വ്യത്യസ്ത പാര്‍ട്ടി ചേരികളുടെ നേതാക്കളായി. സംഘടനാ കരുത്തില്‍ വിഎസിനെ ഒരുക്കി പിണറായി പാര്‍ട്ടിയുടെ ക്യാപ്ടനുമായി. രണ്ടാ തവണ മുഖ്യമന്ത്രിയായതോടെ പിണറായിയുടെ കരുത്ത് കൂടി. എന്ന് പാര്‍ട്ടിയില്‍ വിഎസ് പക്ഷമില്ല. മുപ്പത് കൊല്ലം മുമ്പ് ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം സംഘടിപ്പിച്ചു കരുത്തു തെളിയിച്ച വിഭാഗത്തിനു നേതൃത്വം നല്‍കിയ വിഎസിനെ 3 പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും അതേ കൊല്ലത്തു നടന്ന സമ്മേളനത്തിലൂടെ പാനലില്‍നിന്ന് ഒഴിവാക്കി. അങ്ങനെ വിഎസും കമ്മറ്റികളില്‍ നിന്നും പുറത്തേക്ക് പോകുകയാണ്.
പ്രത്യേക ക്ഷണിതാക്കളെ മധുരയില്‍ അടുത്ത മാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം തീരുമാനിക്കുമെന്നാണു പ്രഖ്യാപനം. അങ്ങനെ പ്രഖ്യാപിക്കുന്നവരുടെ കൂട്ടത്തില്‍ വിഎസ് ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ആരോഗ്യകാരണങ്ങളാല്‍ വിഎസിനെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. ഇത്തവണയും അത് തുടരുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയ്ക്കുള്ള ആദരവ് എന്ന രീതിയില്‍ അങ്ങനെ വേണമെന്ന് ആഗ്രഹിച്ചവര്‍ ഏറെയായിരുന്നു. പക്ഷേ മറ്റൊരു തീരുമാനമാണ് നേതൃത്വം എടുത്തത്. വിമര്‍ശനം ശക്തമാകുന്നതോടെ വീണ്ടും പ്രത്യേക ക്ഷണിതാവാക്കാനുള്ള സാധ്യതയും ഏറെയാണ്. വിഎസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് 'വിഎസ് പാര്‍ട്ടിയുടെ സ്വത്ത് അല്ലേ' എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
പ്രായപരിധി മൂലം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കുന്നതാണു സമീപകാല ചരിത്രം. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്. വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി, അന്തരിച്ച ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ക്ഷണിതാക്കളായി. പുതിയ പാനല്‍ പ്രഖ്യാപിച്ചപ്പോള്‍ വിഎസിനു പുറമേ വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവരും പാനലില്‍ ഉണ്ടായില്ല.
ഇതില്‍ മണി അടക്കമുള്ളവര്‍ക്കും അമര്‍ഷമുണ്ട്. എന്നാല്‍ രണ്ട് സ്ഥിരം ക്ഷണിതാക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അതായത് പ്രത്യേക ക്ഷണിതാക്കളെ മുധര സമ്മേളനത്തിന് ശേഷം ഉള്‍പ്പെടുത്തുമെന്നത് വെറും വിവാദമൊഴിവാക്കാനുള്ള സാങ്കേതിക പ്രസ്താവന മാത്രമാണ്. ഇത്തവണ സമിതിയില്‍ നിന്ന് ഒഴിവായ പികെ ശ്രീമതിയ്ക്കും എകെ ബാലനും ആനാവൂര്‍ നാഗപ്പനും പ്രത്യേക ക്ഷണിതാക്കളെന്ന പരിരക്ഷ കിട്ടിയതുമില്ല. അതേസമയം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ മന്ത്രി വീണാ ജോര്‍ജും കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കെ.എച്ച്.ബാബുജാനും സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി.
പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം, സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളെ നിശ്ചയിച്ചാലും അതില്‍ വിഎസ് ഉണ്ടാകുമെന്ന് ഉറപ്പില്ല. ഏറെക്കാലമായി വിഎസ് പാര്‍ട്ടി നേതൃയോഗങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നില്ലെന്നതാണ് ഇതിന് കാരണം.