'പിണറായിയുടെ സെല്‍ഭരണം': കുന്നംകുളത്തും പീച്ചിയിലും നടന്നത് മനുഷ്യത്വരഹിത പീഡന മുറകള്‍; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കും വരെ സമരം തുടരാന്‍ ഉറച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക എ കെ എം അഷ്‌റഫും സനീഷ് കുമാറും; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യവും ശക്തമാക്കി പ്രതിപക്ഷം
സനീഷ് കുമാറും എ.കെ.എം. അഷറഫും സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉടനടി നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സമരം പ്രഖ്യാപിച്ചു. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് അറിയിച്ചു. എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ.എം. അഷറഫും സത്യാഗ്രഹമിരിക്കും. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
സംസ്ഥാനത്തെ പൊലീസിനെ 'നാണംകെട്ട പൊലീസ്' എന്ന് വിശേഷിപ്പിച്ച സതീശന്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിലെ 'ഏറാന്‍മൂളികള്‍ക്ക്' സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ച സതീശന്‍, കുന്നംകുളം, പീച്ചി, പേരൂര്‍ക്കട എന്നിവിടങ്ങളിലെ സംഭവങ്ങള്‍ സഭയില്‍ ഉന്നയിച്ചു. കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് സമരം.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ നടപടികള്‍ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയത്തിന്മേലാണ് ചര്‍ച്ച നടന്നത്. റോജി എം. ജോണ്‍ അവതരിപ്പിച്ച പ്രമേയത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന പൊലീസ് മര്‍ദനത്തെക്കുറിച്ച് സഭയില്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ച്, ഇതേ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസാണ് ഇപ്പോള്‍ ജനങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരിലെ കുന്നംകുളത്തും പീച്ചിയിലും നടന്ന കസ്റ്റഡി മര്‍ദ്ദന സംഭവങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് സമാനമായ മറ്റു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിഷയത്തില്‍ നിയമസഭയില്‍ രണ്ടര മണിക്കൂറിലധികം നീണ്ട ചര്‍ച്ച നടന്നിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ഏപ്രില്‍ 5, 2023-നാണ് കുന്നംകുളത്ത് കസ്റ്റഡി മര്‍ദ്ദനം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്തിനാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായ മര്‍ദ്ദനമേറ്റത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനം നടത്തിയ പോലീസുകാരുടെ വീടുകളിലേക്ക് വരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തത്.