വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് പാപമല്ല; അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ട; പാലക്കാട് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി; പിപിഇ കിറ്റ് ആരോപണങ്ങളില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സഭയില്‍ വാദം
ബ്രൂവറി, പി പി ഇ കിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു. നിയമസഭയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
പ്രാഥമിക അനുമതി പൂര്‍ണമായും സര്‍ക്കാരിന്റെ വിവേചനമാണ്. അനുമതി നല്കാന് പഞ്ചായത്തിനെ പരിഗണിക്കേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങള്‍ക്കു വെള്ളം നല്കുന്നതു വലിയ പാപമല്ല, വെള്ളം നല്‍കും. കൃഷിക്കാരുടെ താല്പര്യം പരിഗണിച്ചു പദ്ധതി നടപ്പാക്കും. വ്യവസായ നിക്ഷേപ പദ്ധതിക്കു ടെന്‍ഡര്‍ ആവശ്യമില്ല. അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മദ്യ നയത്തില്‍ സര്‍ക്കാര്‍ നയം സുവ്യക്തമാണ്. കേരളത്തില്‍ 10 ഡിസ്റ്റിലറികളാണ് ഉള്ളത്. അതില്‍ ഏഴും തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകര്‍ ഇനി വന്നാലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണു വരുന്നത്. 650 പേര്‍ക്കു നേരിട്ടും രണ്ടായിരത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ കിട്ടും. അനുമതി പ്രാഥമികമായി നല്കുന്നതു പൂര്‍ണമായും സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്കു വെള്ളം നല്‍കാനുള്ള തീരുമാനമെടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കും. പദ്ധതിക്ക് വെള്ളം ഒരു പ്രശ്നം ആകില്ല. ഇത്തരം സംരംഭങ്ങള്‍ വന്നാല്‍ ഇനിയും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിപിഇ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് അധ്യക്ഷനായ പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും സമിതിക്കു മുന്നിലുണ്ട്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. കരാറില്‍ ഏര്‍പ്പെട്ട കമ്പനി സമയത്തു കിറ്റ് നല്‍കിയില്ല. അടിയന്തര സാഹചര്യത്തിലാണു നടപടിയെടുത്തത്. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നു. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോര്‍ട്ട്. എത്രകാലം കോവിഡ് നില്ക്കുമെന്നു പോലും പ്രവചിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. സങ്കീര്‍ണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചു മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണു സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2028 ല്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകും. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. ഐടി മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. നിലവില്‍ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ട്.
ആരോഗ്യ മേഖലയെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യ മേഖലയെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ശ്രമിച്ചു. യുഡിഎഫ് കാലത്ത് ആരോഗ്യരംഗം തന്നെ വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം ജി സര്‍വ്വകലാശാലകള്‍ക്ക് എ++ റാങ്ക് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണശ്രമങ്ങളുണ്ടായി. ഗവര്‍ണറെ ഉപയോഗിച്ചായിരുന്നു കേന്ദ്ര നീക്കം. ഈ ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോയി. ആ ഘട്ടങ്ങളില്‍ പ്രതിപക്ഷം കൂടെ നിന്നോ എന്ന് ചിന്തിക്കണം. പിന്‍വാതില്‍ നാമനിര്‍ദ്ദേശങ്ങള്‍ വരുമ്പോ അതില്‍ പങ്ക് പറ്റാമോ എന്നാണ് കോണ്‍ഗ്രസ് ചിന്തിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യുജിസി കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്ക്കാന് കഴിഞ്ഞത് നന്നായി. ഒന്നിച്ച് നില്ക്കാന് അല്പം വൈകുന്നില്ലേ എന്നും ചിന്തിക്കണം. എട്ടു വര്‍ഷത്തിനിടെ 8400 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊടുത്തു.