കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി വകയിരുത്തി; ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടിയും നീക്കിവെച്ചു; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി അനുവദിക്കുന്നതായും ധനമന്ത്രി
കെഎസ്ആര്‍ടിസിയെ കൈവിട്ടില്ല! വികസനത്തിനായി 178.98 കോടി അനുവദിച്ചു;
തിരുവനന്തപുരം: 2025-2026 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിയെ കൈവിടാതെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയാണ് വകയിരുത്തിയത്. പുതിയ ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 2025-2026 സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള എം എല്‍ എമാര്‍ക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുമെന്നും പ്രഖ്യാപനം. ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുന്‍പ് സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 6000 കോടിയോളം രൂപയോളം നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 2025- 2026 സംസ്ഥാന ബജറ്റില്‍ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് കൊണ്ടു വരും. നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.
ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുകന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമാണ്. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണിത്.
പുതിയ ഐടി നയത്തിന് രൂപംനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപയും അനുവദിച്ചു.
എഐയ്ക്ക് പ്രോത്സാഹനം നല്‍കുന്നത് കൂടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങും. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും. 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും അനുവദിച്ചു.
ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉത്പാദനത്തിനായി ഹൈഡ്രജന്‍വാലി പദ്ധതി ആരംഭിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചു. കേരളത്തിന് 10,000 കോടിയുടെ ബയോ എഥനോള്‍ ആവശ്യം വരും. ഇതിന്റെ ഉത്പാദനം കര്‍ഷകര്‍ക്ക് ഗുണകരമാണ്. ബയോ എഥനോള്‍ ഗവേഷണത്തിനും ഉത്പാദനത്തിനുമായി 10 കോടിയും അനുവദിച്ചു. ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടിയും വകയിരുത്തി. സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സൈബര്‍ വിങ്ങിനായി രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബോലഗോപാല്‍. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.