പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് 'ലോക കേരള കേന്ദ്രങ്ങള്‍' ആരംഭിക്കും; പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചു; പ്രവാസി പണത്തില്‍ കേരളം ഒന്നാമതെന്ന് ധനമന്ത്രി; കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത് 21 ശതമാനത്തോളം

പ്രവാസികളുടെ നാടുമായുള്ള ബന്ധത്തിന് 'ലോക കേരള കേന്ദ്രങ്ങള്‍' ആരംഭിക്കും

Update: 2025-02-07 05:23 GMT

തിരുവനന്തപുരം: പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേരളാ ബജറ്റില്‍ പ്രഖ്യാപനം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പാക്കാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തി.

2024ലെ കണക്ക് പ്രകാരം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമതാണ്. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത്. എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ട്. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോള്‍ കേരളീയര്‍ വിദേശത്ത് ഒട്ടും നല്ലതല്ലാത്ത സാഹചര്യത്തില്‍ പണിയെടുക്കുന്ന സ്ഥിതിയുണ്ട്.

പ്രവാസം ഒട്ടേറെ പേര്‍ക്ക് വലിയ നഷ്ടകച്ചവടമായി തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണം. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം വിഴിഞ്ഞതിനായി പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂര്‍ വികസന വളര്‍ച്ചാ തൃകോണ പദ്ധതി (വികെപിജിടി) നടപ്പാക്കും. എന്‍ എച്ച് 66, പുതിയ ഗ്രീന്‍ഫീല്‍ഡ് എന്‍എച്ച് 744 എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയില്‍പാതകള്‍ വികസിക്കുന്നതിന് ഈ പദ്ധതി കാരണമാകും. വിഴിഞ്ഞം പദ്ധതി 2028 ല്‍ പൂര്‍ത്തിയാക്കും.

കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. 2026 ല്‍ പൂര്‍ത്തിയാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്ബി 500 കോടി നല്‍കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കുമെന്നും പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാന ബജറ്റില്‍ ആദ്യ ആശ്വാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.


നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

Tags:    

Similar News