കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി; അടിയന്തര പ്രമേയ ചര്‍ച്ചയിര്‍ അടിയന്തരാവസ്ഥ കാലത്തെ പിണറായിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം; ചേര പുരണ്ട ഷര്‍ട്ടിന്റെ കഥ ഓര്‍മ്മിപ്പിച്ച് റോജി എം ജോണ്‍
കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. എരുമപ്പെട്ടി - കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് സുജിത്തിനെതിരെ കേസുള്ളത്. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
അതേസമയം സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിവരെ വിഷയം ചര്‍ച്ച ചെയ്യാനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. വിഷയം വലിയ രീതിയില്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് സഭയിലും ചര്‍ച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റോജി എം ജോണ്‍, കെ പി എ മജീദ്, മോണ്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, കെ കെ രമ എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരാവസ്ഥകാലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം ഓര്‍മ്മിപ്പിച്ച് റോജി.എം.ജോണാണ്. അന്ന് ചോര പുരണ്ട ഷര്‍ട്ടുമായി സഭയില്‍ എത്തിയത് പിണറായി വിജയനാണെന്ന കാര്യ റോജി ഓര്‍മ്മിപ്പിച്ചു. അദ്ദേഹം ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയാണെന്ന കാര്യവും റോജി ചൂണ്ടിക്കാട്ടി.
സുജിത്തും വര്‍ഗിസും നിയമപോരാട്ടം നടത്തിയെന്നും ആഭ്യന്തരവകുപ്പ് എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷം ചോദിച്ചു. സ്ഥലം മാറ്റം എന്നത് പണിഷ്മെന്റ് ആണോ. ക്രൂരമായ മര്‍ദനത്തിന്റെ വിഡിയോ കേരളം കണ്ടതിന്റെ ജാള്യത മറക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും റോജി എം. ജോണ്‍ പറഞ്ഞു. 'പേരൂര്‍ക്കട വ്യാജമാല മോഷണക്കേസില്‍ ബിന്ദുവിന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍ക്കുന്ന തരത്തിലാണ് പോലീസ് ഇടപെട്ടത്. 20 മണിക്കൂറില്‍ അധികം ബിന്ദുവിനെ മാനസികമായി പോലീസ് പീഡിപ്പിച്ചു.
വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്ന് എടുത്തു നല്‍കി. ചിറയിന്‍കീഴ് കേസില്‍ മുളകുപൊടി സ്പ്രേ അടിച്ചു. എല്ലാം പഴയ കഥയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്നു. ആരാണ് ഇതിന് അനുമതി നല്‍കിയത്. ഡിവൈഎസ്പി മധുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു,' റോജി.എം.ജോണ്‍ പറഞ്ഞു.
സുജിത്തിന്റെ മര്ദ്ദന കേസും റോജി ചൂണ്ടിക്കാട്ടി. സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പൊലീസ് മര്‍ദിച്ചതെന്നും റോജി എം ജോണ്‍ പറഞ്ഞു. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സസ്‌പെന്‍ഷന്‍ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികള്‍ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കില്‍ പുറം ലോകം അറിയുമായിരുന്നോ. സസ്‌പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത്.
സസ്‌പെന്‍ഷന്‍ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്. ആദ്യം എടുത്തത് സ്ഥലം മാറ്റം മാത്രമായിരുന്നു. പൊലീസ് ക്ലബിലെ പഞ്ചിങ് ബാഗില്‍ ഇടിക്കും പോലെ സുജിത്തിനെ ഇടിച്ചു. മര്‍ദിച്ചവരെ സേനയില്‍ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാന്‍ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. പീച്ചിയിലെ മര്‍ദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
സിസിടിവിക്ക് മുന്നില്‍ പൊലീസ് കാശ് എണ്ണി വാങ്ങുകയാണ്. കമ്മീഷന്‍ 60% ആക്കി കൂട്ടിയിരിക്കുകയാണ് സേന. കാശ് വാങ്ങിയ എസ്‌ഐക്ക് പ്രൊമോഷന്‍ നല്‍കി. കുണ്ടറയില്‍ സൈനികനെ തല്ലി ചതച്ചു. ഒന്നും മറക്കാനില്ലെങ്കില്‍ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. അടൂരില്‍ ഡിവൈഎഫ്‌ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വരെ പൊലീസില്‍ നിന്ന് രക്ഷ ഇല്ല. പേരൂര്‍ക്കട സ്റ്റേഷനില്‍ ബിന്ദുവിനെ കള്ളി ആക്കാന്‍ ശ്രമിച്ചു. കുടി വെള്ളം പോലും ബിന്ദു വിനു കൊടുത്തില്ല. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണ്. കുന്നം കുളം കേസില്‍ മാത്രം സസ് പെന്‍ഷന്‍. ബാക്കി ഒന്നിലും നടപടി ഇല്ല. എല്ലാം പഴയ കേസ് എന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്നും റോജി എം ജോണ്‍ പറഞ്ഞു.
എന്നാല്‍ കുന്നംകുളം സംഭവം പഴയതാണെന്നും നേരത്തെ തന്നെ അച്ചടക്ക നടപടി എടുത്തുവെന്നും ഭരണപക്ഷ എംഎല്‍എ സേവ്യര്‍ ചിറ്റിലപള്ളി പ്രതികരിച്ചു. ഇത് എന്തിനാണ് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യുന്നത്. വിഷയം കൊണ്ട് വന്നതിനു പിന്നില്‍ രാഷ്ട്രീയമാണ്. പൊലീസ് ആകെ കുഴപ്പമെന്ന് വരുത്താനുള്ള ശ്രമമാണെന്നും സേവ്യര്‍ ചിറ്റിലപള്ളി പറഞ്ഞു. ഒരു അടിയന്തര പ്രാധാന്യവും ഇല്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമുള്ള വിഷയമാണ്.
യുഡിഎഫിന് വിഷയ ദാരിദ്ര്യം. പൊലീസ് അതിക്രമം എല്‍ഡിഎഫ് ഒരു ഘട്ടത്തിലും ന്യായീകരിക്കുന്നില്ല. പൊലീസാകെ കുഴപ്പം എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. കുറ്റം ചെയ്ത ആരേയും സംരക്ഷിക്കില്ല. അതിക്രമം കാണിക്കുന്നത് യുഡിഎഫ് നയങ്ങളില്‍ ആകൃഷ്ടരായ പൊലീസുകാരാണ്. അത്തരക്കാരെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടര വര്‍ഷം പ്രതിപക്ഷം എവിടെ ആയിരുന്നു. കാരക്കൂട്ടില്‍ ദാസന്റെ കഥ പോലെ ആണ് ഇപ്പോ നടക്കുന്നതെന്നും സേവ്യര്‍ ചിറ്റിലപള്ളി പറഞ്ഞു.