സ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപം തീര്‍ക്കാനോ അയ്യപ്പ സംഗമം? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണോ മാസ്റ്റര്‍പ്ലാന്‍ ഓര്‍മിക്കുന്നത്; മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുത്; ശബരിമല സ്വര്‍ണപ്പാളി വിവാദം നിയമസഭയില്‍; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍; വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും സമരമെന്ന് വി ഡി സതീശന്‍
സഭയ്ക്ക് അകത്തും പുറത്തും സമരമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കത്തില്‍ വന്ന കുറവ് നിയമസഭയില്‍ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചട്ടപ്രകാരം സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വര്‍ണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയത് വിശ്വാസ സമൂഹത്തില്‍ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതിരിപ്പിക്കാനും ചര്‍ച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. സ്പീക്കര്‍ അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തുകയായിരുന്നു. സ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപം തീര്‍ക്കാനോ അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണോ മാസ്റ്റര്‍പ്ലാന്‍ ഓര്‍മിക്കുന്നത്. മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുത്. വിഷയത്തില്‍ സഭയ്ക്ക് അകത്തും പുറത്തും സമരം നടത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു
തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണപ്പാളി ഉരുക്കാന്‍ കൊണ്ടുപോകുമ്പോള്‍ 42 കിലോ തൂക്കമുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നര മാസത്തെ കാലതാമസത്തിന് ശേഷം ഇതില്‍ നാല് കിലോ കുറഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു. നാലു കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് വളരെ തെറ്റായ ഒരു കീഴ്വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിലെ വിശ്വാസി സമൂഹം ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തിലെ യാഥാര്‍ത്ഥ്യം പൊതുജനം അറിയണമെന്നും പ്രതിപക്ഷം വാദിച്ചു. മുന്‍പും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാല്‍, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, സെപ്റ്റംബര്‍ 17-ലെ ഉത്തരവ് പ്രകാരം കോടതി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം നിയമനിര്‍മ്മാണ സഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന ചട്ടവും കീഴ്വഴക്കവും ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സാധാരണ മന്ത്രിയുടെ വിശദീകരണത്തിന് ശേഷമാണ് സ്പീക്കര്‍ റൂളിങ് നല്‍കാറുള്ളതെങ്കില്‍, ഇത്തവണ സ്പീക്കര്‍ നേരിട്ട് തന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ മുന്‍പ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന് കൊതിക്കെറുവെന്നാണ് എംബി രാജേഷ് പറയുന്നത്. അയ്യപ്പ സംഗമം കലക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും അതിന്റെ അതൃപ്തിയാണ്, കോടതിയിലിരിക്കുന്ന കാര്യം മനപൂര്‍വ്വം കൊണ്ട് വന്ന് ബഹളമുണ്ടാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശബരിമലയോട് സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണനക്ക് വരുന്നുണ്ടെന്നും ഇന്നത് ചര്‍ച്ച ചെയ്‌തെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസത്തേക്കാള്‍ പരിഹാസ്യരായി പ്രതിപക്ഷത്തിന് ഇറങ്ങി പോകേണ്ടി വന്നേനെ എന്നും പി രാജീവ് പറഞ്ഞു.
പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിക്കുകയും പ്രതിപക്ഷ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സഭ വിട്ടിറങ്ങുകയും ചെയ്തു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നു.
സഭയ്ക്ക് അകത്തും പുറത്തും സമരം തുടരും
സഭാ നടപടികള്‍ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും. ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കൂടാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വര്‍ണം പൂശിയ ശില്‍പം നന്നാക്കാന്‍ ചെന്നെയില്‍ കൊണ്ടുപോയപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശന്‍ പറഞ്ഞു.