പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു; ചില ആള്‍ക്കാരുടെ ലോണുകള്‍ തീര്‍ത്ത് കൊടുക്കുന്നു; തിരുവനന്തപുരത്ത് മാത്രം അവര്‍ കോടികള്‍ ഒഴുക്കി; വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപിയെ സിപിഎം തോല്‍പ്പിക്കും: എ എ റഹീം

പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു

Update: 2026-04-12 06:35 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപിയെ സിപിഎം തോല്‍പ്പിക്കുമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഎ റഹിം എംപി. തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റും ഇത്തവണ എല്‍ഡിഎഫ് നേടുമെന്നും റഹീം അവകാശപ്പെട്ടു. തിരുവനന്തപുരത്ത് ബിജെപി വന്‍തോതില്‍ പണമെറിഞ്ഞാണ് വോട്ടു പിടിച്ചതെന്നും റഹീം ആരോപിച്ചു. വോട്ടര്‍മാര്‍ക്ക് 10,000 രൂപയോ അതില്‍ അധികമോ നല്‍കി വോട്ട് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്തെ മൂന്ന് സീറ്റുകള്‍ കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷിക്കുന്നതെങ്കില്‍ അത് വെറുതെ ആകുകയേ ഉള്ളൂ. പണവും മദ്യവുമൊഴുക്കി ഈ പ്രദേശത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു വീട്ടില്‍ 10000 രൂപ വീതമൊക്കെ കൊടുക്കുന്നുവെന്നാണ് തങ്ങളുടെ ബോധ്യം. ചില ആള്‍ക്കാരുടെ ലോണുകള്‍ തീര്‍ത്ത് കൊടുക്കുന്നുപോലുമുണ്ട്.

തിരുവനന്തപുരത്ത് മാത്രം കോടിക്കണക്കിന് രൂപയാണ് ബിജെപി ഒഴുക്കുന്നത്. ഇത് ഇന്ത്യയെ വിറ്റുകിട്ടുന്ന പണമാണ്. ബിജെപിക്ക് ഇവിടെ വോട്ട് ലഭിച്ചാല്‍ അത് അവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ വോട്ടുകളാണെന്ന് ധരിക്കേണ്ട. പണം കൊടുത്ത് വോട്ടുവാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ വിജയം എല്‍ഡിഎഫിനാകുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഈ സര്‍ക്കാര്‍ തന്നെ തുടരണമെന്ന ആഗ്രഹമാണ് വോട്ടര്‍മാരെ ബൂത്തിലേക്ക് നയിച്ചതെന്ന് എ എ റഹീം പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ അവരുടെ പെന്‍ഷന്‍ മുടങ്ങുമെന്ന് ജനങ്ങള്‍ക്കറിയാം. വികസനം മുരടിക്കുമെന്ന് അവര്‍ക്കറിയാം. തമ്മിലടിക്കാത്ത നല്ലൊരു സര്‍ക്കാര്‍ വന്നാല്‍ മാത്രമേ നല്ല ഭരണവും വികസനവുമുണ്ടാകുമെന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസമുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും എഎ റഹീം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്നും അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. പെട്ടികളിലാണ് ബിജെപി പണം കൊണ്ടുവന്നത്. പെട്ടികൊണ്ടുവന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പണവും മദ്യവും മണ്ഡലത്തില്‍ ബിജെപി ഒഴുക്കി.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പൊതുശത്രുവാണ് താന്‍. അതിനാല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചെന്നാണ് പൊതുവായ വിലയിരുത്തല്‍. എസ്‌ഐആറിനുശേഷമുള്ള വോട്ടിങായതിനാല്‍ കൂടുതല്‍ വിലയിരുത്തല്‍ വേണം. തോല്‍ക്കാന്‍ സാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയൊക്കെ വന്നിട്ട് ബിജെപിക്കെതിരെ സംസാരിക്കാന്‍ തയ്യാറായില്ല. സീനിയര്‍ നേതാവായ പിണായിയെ ആക്രമിച്ചു. അതിന് ഉചിതമായ മറുപടി അദ്ദേഹം നല്‍കിയെന്നും കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്നാണ് ബിജെപി ക്യാമ്പ് വ്യക്തമാക്കുന്നത്. വോട്ടെടുപ്പിനുശേഷം നേമവും കഴക്കൂട്ടവും വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപി നേതാക്കള്‍ പങ്കുവെക്കുന്നത്. ഇതോടൊപ്പം പാലക്കാട് അടക്കം പത്തിടങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

Tags:    

Similar News