വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നിരവധി പരാതികൾ; കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനം; പിന്നിൽ സിപിഎം പ്രവർത്തകർ തന്നെയെന്നും ആരോപണം

Update: 2025-12-11 14:51 GMT

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കാറായ സമയത്ത് കണ്ണൂരിൽ വിവിധ ഇടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി. സിപിഎം പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി മുജീബ് റഹ്മാനെ ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ച് സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. കള്ളവോട്ട് തടയാൻ ശ്രമിച്ചതാണ് മർദനത്തിന് കാരണമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ഇതിന് പുറമെ, ശ്രീകണ്ഠാപുരത്തെ 15-ാം വാർഡിലെ വനിതാ സ്ഥാനാർത്ഥി ഷീജ ജഗനാഥനും ബൂത്തിൽ വെച്ച് മർദനമേറ്റതായി പരാതി നൽകിയിട്ടുണ്ട്. എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് ഷീജ ആരോപിച്ചു.

കതിരൂരിൽ പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ. ലതികയെ ബൂത്തിനകത്ത് കയ്യേറ്റം ചെയ്തു എന്നും പരാതി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലൂർ പഞ്ചായത്തിലെ 11-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അമല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ മേക്കിലേരി, പേരാവൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി സജിത മോഹനൻ എന്നിവർക്കും മർദനമേറ്റതായി യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News