ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ സമൂഹമാധ്യമം കീഴടക്കിയ ബിഹാറി ഗായിക; ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ആരാധകര്‍; മോദി നേരിട്ടു നിയോഗിച്ച സ്ഥാനാര്‍ഥി; അലിനഗറിന്റെ 'ലൈക്ക്' വാരിക്കൂട്ടി മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്; ഇനി ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ; 'സീതാനഗര്‍' യാഥാര്‍ത്ഥ്യമാകുമോ?

Update: 2025-11-14 10:35 GMT

പട്‌ന: ഫെയ്‌സ്ബുക്കില്‍ ഒന്നരക്കോടിയിലേറെയും ഇന്‍സ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഗായികയാണ് മൈഥിലി ഠാക്കൂര്‍. ബിഹാറിലെ നാടന്‍ പാട്ടുകളിലൂടേയും ഭജനകളിലൂടേയും പ്രശസ്തയായ മൈഥിലി തന്റെ കന്നി രാഷ്ട്രീയ പോരാട്ടത്തിനായി മൈക്ക് കൈയിലെടുത്തപ്പോഴും പിഴച്ചില്ല. അലിനഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ 'ലൈക്ക്' ലഭിച്ചതോടെ 25-കാരിയായ മൈഥിലി ഠാക്കൂര്‍ ഇനി പുതിയ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറുകയാണ്.

ചെറുപ്രായത്തിലേ ഗായികയെന്ന നിലയില്‍ നേടിയ സ്വീകാര്യത പോകുന്നിടത്തെല്ലാം മൈഥിലിക്ക് ലഭിച്ചിരുന്നു. ബിഹാറിലെ അലിനഗറില്‍നിന്ന് ഇത്തവണ ജനവിധി തേടിയ മൈഥിലി ഠാക്കൂര്‍ 8000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. ആര്‍ജെഡിയുടെ വിനോദ് മിശ്രയ്ക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് മൈഥിലി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നിയോഗിച്ച സ്ഥാനാര്‍ഥിയെന്നായിരുന്നു മൈഥിലിയുടെ തെരഞ്ഞെടുപ്പ് കാലത്തെ വിശേഷണം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് അവര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങള്‍ പിന്തുടരുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. കഴിഞ്ഞതവണ സീറ്റ് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കു നല്‍കി പരോക്ഷ ജയം നേടിയ ബിജെപി ആദ്യമായിട്ടാണ് മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത്.

ബ്രാഹ്‌മണ, മുസ്ലിം വോട്ടുകള്‍ ബലാബലമുള്ള മണ്ഡലത്തില്‍ (രണ്ടുംകൂടി പകുതി) കളമറിഞ്ഞാണു മൈഥിലി സംസാരിച്ചിരുന്നത്. ജയിച്ചാല്‍ ദാ ഈ പൊട്ടിപൊളിഞ്ഞ റോഡ് ശരിയാക്കിക്കളയുമെന്ന വാഗ്ദാനമില്ല. പകരം, അലിനഗറിനെ സീതാനഗര്‍ എന്നു പേരുമാറ്റുമെന്നാണു പ്രഖ്യാപനം. അതുകേള്‍ക്കെ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ഒപ്പമുള്ളവര്‍ ആര്‍പ്പുവിളിച്ചു. ബിഹാറിലെ ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലികളില്‍ മൈഥിലി പറഞ്ഞിരുന്നത്. എന്നാല്‍, അതിനിടയില്‍ അവര്‍ വിവാദങ്ങളിലും അകപ്പെട്ടു. ബഹുമാനത്തോടെ കൊണ്ടുനടക്കേണ്ട 'പാഗ്' എന്ന തലപ്പാവില്‍വെച്ച് മഖാന കഴിക്കുന്ന വീഡിയോയാണ് പണി പറ്റിച്ചത്. ഒടുവില്‍ മൈഥിലിക്ക് മാപ്പ് പറയേണ്ടിയും വന്നു.

ഈ മണ്ഡലത്തില്‍നിന്ന് ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു എംഎല്‍എ വരുന്നത്. കഴിഞ്ഞ തവണ സീറ്റ് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ഇത്തവണ തീരുമാനം മാറ്റി ബിജെപി സ്വന്തം സ്ഥാനാര്‍ഥിയേത്തന്നെ പ്രഖ്യാപിച്ചു. ഇതിനൊപ്പം ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ എന്ന ചരിത്രവും മൈഥിലിക്കൊപ്പം ചേരും. ഇതിന് മുമ്പ് തേജസ്വി യാദവും തൗസീഫ് ആലവുമായിരുന്നു ഇത് പങ്കിട്ടിരുന്നത്. 2015-ല്‍ രഘോപൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസായിരുന്നു തേജസ്വിയുടെ പ്രായം. ഇതേ പ്രായത്തില്‍ 2005-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് തൗസീഫ് വിജയിച്ചത്.

മനം കവര്‍ന്ന ബിഹാറി ഗായിക

ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ സമൂഹമാധ്യമം കീഴടക്കിയ ബിഹാറി ഗായിക, കുഞ്ഞ് അനുജന്മാര്‍ക്കൊപ്പം ഹാര്‍മോണിയം വായിച്ച് ആത്മാവിന്റെ ആഴങ്ങളെത്തൊട്ട് മൈഥിലി പാടിയ പാട്ടുകളൊക്കെ ആസ്വാദകര്‍ക്ക് മധുരിതമാണ്. ഹിന്ദി ചാനലായ കളേഴ്‌സ് ടിവി 2017 ല്‍ നടത്തിയ 'റൈസിംഗ് സ്റ്റാര്‍' റിയാലിറ്റി ഷോയിലെ റണ്ണര്‍ അപ്പയാണ് മൈഥിലിയെ ലോകം അറിഞ്ഞു തുടങ്ങിയത്.

മൂന്നാം വയസില്‍ മുത്തച്ഛനില്‍ നിന്നാണ് ബിഹാറിന്റെ തനത് നാടോടി ഗാനങ്ങള്‍ അഭ്യസിച്ചു തുടങ്ങിയത്. സംഗീതാധ്യാപകനായ അച്ഛന്‍ രമേശ് ഠാക്കൂര്‍ വേണ്ട പിന്തുണ നല്‍കി ഒപ്പം നിന്നു. ബിഹാറിലെ തന്നെ പ്രാദേശിക ഭാഷകളായ ഭോജ്പുരി, മഗാഹി, മൈഥിലി എന്നീ ഭാഷകളിലുള്ള നാടോടി ഗാനങ്ങളാണ് ആദ്യ കാലങ്ങളില്‍ പാടി തുടങ്ങിയത്.

അയല്‍ ജില്ലയിലെ മിഥിലയാണു മൈഥിലിയുടെ സ്വദേശം. ബെനിപറ്റിയിലാണ് മൈഥിലി ജനിച്ചത്. സംഗീതാധ്യാപകനായ രമേഷ് ഠാക്കൂറാണ് അച്ഛന്‍. അമ്മ ഭാരതി ഠാക്കൂര്‍. കുട്ടിക്കാലംതൊട്ട് അച്ഛന് കീഴില്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. നാടന്‍പാട്ടിനൊപ്പം ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കും മൈഥിലി പഠിച്ചു. പത്താം വയസ് മുതല്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

പിന്നീട് കുടുംബം ഡല്‍ഹിയിലെ ദ്വാരകയിലേക്ക് താമസം മാറി. മൈഥിലിക്ക് സംഗീതത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടാനായിരുന്നു ഈ മാറ്റം. ഇതിനൊപ്പം തബലയും ഹാര്‍മോണിയവും മൈഥിലി പഠിച്ചെടുത്തു. ഹിന്ദി മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ അവര്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ലിറ്റില്‍ ചാംപ്സിലും ഇന്ത്യന്‍ ഐഡല്‍ ജൂനിയറിലും മൈഥിലി തന്റെ സാന്നിധ്യമറിയിച്ചു. റൈസിങ് സ്റ്റാര്‍ എന്ന ഷോയിലെ ആദ്യ ഫൈനലിസ്റ്റുമായി.

മൈഥിലിക്കൊപ്പം സംഗീതത്തിന്റെ അതേപാതയിലൂടെ തന്നെയാണ് സഹോദരങ്ങളായ റിഷവും അയാച്ചിയും സഞ്ചരിച്ചത്. മൂവരും ഇന്ത്യയിലും വിദേശത്തും ഉള്‍പ്പെടെ ഒട്ടേറെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇതിനൊപ്പം യുട്യൂബിലും ഫെയ്സ്ബുക്കിലും സജീവമാകുകയും ചെയ്തു.

Tags:    

Similar News