തലസ്ഥാനത്ത് തലയായി മോദി...! ബിജെപിയുടെ മിന്നും വിജയം 48 സീറ്റുകള്‍ നേടി; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും; 'ജനവിധി അംഗീകരിക്കുന്നു', ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍
തലസ്ഥാനത്ത് തലയായി മോദി...!
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ആം ആദ്മിയുടെ കുതിപ്പിന് ഒടുവില്‍ തടയിട്ട് ബിജെപി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെയാണ് ബിജെപി അധികാരത്തിലേക്ക് എത്തിയത്. നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി നടത്തിയ പ്രചരണ തന്ത്രങ്ങളും ഒപ്പം ബജറ്റിലെ ആദായ നികുതി ഇളവും അടക്കം ഫലം കണ്ടപ്പോള്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. അതേസമയം ആം ആദ്മി പാര്‍ട്ടിയാകട്ടെ 22 സീറ്റുകളിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ഇക്കൂറിയും സംപൂര്‍ണ്ണ പരാജയമായി.
ഇതോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളിലേക്ക് ബിജെപി കടന്നു. വിജയാഹ്ലാദം പ്രവര്‍ത്തകരുമായി പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 7 മണിയോടെ ബിജെപി ആസ്ഥാനത്തെത്തും. ഡല്‍ഹിയില്‍ അധികാരം പിടിക്കുക എന്നത് ബിജെപി ഏറെക്കാലമായി കാത്തിരിക്കുന്ന സ്വപ്‌നങ്ങളില്‍ ഒന്നാണ്.
തെരഞ്ഞെടുപ്പു ഫലം
ബിജെപി- 48
ആം ആദ്മി -22
കോണ്‍ഗ്രസ് -0
കടപുഴകി കെജ്രിവാളും സിസോദിയയും, ആശ്വാസമായി അതിഷി
ആം ആദ്മി പാര്‍ട്ടിക്ക് വന്‍തിരിച്ചടിയേറ്റ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയും തോല്‍വി അറിഞ്ഞു. ആപ്പിലെ ഒന്നാമനും രണ്ടാമനും തോറ്റതോടെ പാര്‍ട്ടിയുടെ മുന്നോട്ടു പോക്കും പ്രതിസന്ധിയിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് വര്‍മയാണ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെജ്രിവാളിനെ അട്ടിമറിച്ചത്. കെജ്രിവാള്‍ 22057 വോട്ടും സാഹിബ് സിങ് വര്‍മ 25057 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് 3873 വോട്ട് പിടിച്ചു.
സന്ദീപ് ദീക്ഷിത് പിടിച്ച വോട്ട് ആണ് കെജ്രിവാളിന് തിരിച്ചടിയായത്. സിറ്റിങ് സീറ്റില്‍ മൂന്നു തവണ ജയിച്ച കെജ്രിവാളിനാണ് നാലാം അങ്കത്തില്‍ അടിപതറിയത്. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദി ജംങ്പുര നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി തര്‍വീന്ദര്‍ സിങ് മര്‍വയോടാണ് പരാജയപ്പെട്ടത്. ഏകദേശം 600 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തര്‍വീന്ദര്‍ സിങ് മര്‍വ സിസോദിയയെ അട്ടിമറിച്ചത്.
മനീഷ് സിസോദിയ 34060 വോട്ടും തര്‍വീന്ദര്‍ സിങ് മര്‍വ 34632 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ ഫര്‍ഹദ് സുരി 6,866 വോട്ട് പിടിച്ചു. ഈ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ പത്പര്‍ഗഞ്ചില്‍ നിന്ന് ജംങ്പുരയിലേക്ക് മാറി മത്സരിക്കുകയായിരന്നു സിസോദിയ. അതേസമയം ആംആദ്മിക്ക് നേരിയ ആശ്വാസമായത് മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ വിജയിച്ചതാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ രമേഷ് ബിധുരിയെ പരാജപ്പെടുത്തി കല്‍ക്കാജിയില്‍ അതിഷി വിജയക്കൊടി നാട്ടിയത്.
എഎപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും മധ്യവര്‍ഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോണ്‍ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്.
തോല്‍വി അംഗീകരിക്കുന്നുവെന്ന് കെജ്രിവാള്‍
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടി (എ.എ.പി) കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഇനിയും പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പി അവരുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
''ജനവിധിയെ ഏറ്റവും വിനയത്തോടെ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പിയെ അംഗീകരിക്കുന്നു. വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ ഒരുപാട് മുന്നേറ്റം കൊണ്ടുവന്നു. ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമാകുന്നതോടൊപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കായി സേവനം നല്‍കുകയും ചെയ്യും'' -കെജ്രിവാള്‍ പറഞ്ഞു.