31ല്‍ 17ഉം യുഡിഎഫിന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മികച്ച ജയങ്ങള്‍; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് യുഡിഎഫ്; ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി; ഇടതിന് നേടാനായത് 11 ജയം മാത്രം; മൂന്നിടത്ത് ബിജെപിയും; ഭരണ വിരുദ്ധതയ്ക്ക് തെളിവോ ഈ തദ്ദേശ ഫലം

Update: 2024-12-11 06:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇത്തവണ യുഡിഎഫ് തരംഗം. 31 തദ്ദേശ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ 16 എണ്ണവും കോണ്‍ഗ്രസ് നേടി. ഇതില്‍ പലതും സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്തതാണ്. ഇടതുപക്ഷം 11 ഇടത്ത് വിജയം നേടി. ബിജെപി 3 സീറ്റ് ജയിച്ചു. സ്വതന്ത്രന്‍ ഒരിടത്തും. ഈരാറ്റുപേട്ടയിലെ കുഴിവേലിയിലാണ് സ്വതന്ത്രന്‍ ജയിച്ചത്. ഈ സ്വതന്ത്രനും യുഡിഎഫ് പിന്തുണയോടെയാണ് ജയിച്ചത്. അതുകൊണ്ട് തന്നെ 17 സീറ്റിലെ ജയം യുഡിഎഫിന് അവകാശപ്പെടാം. അതായത് വമ്പന്‍ തോല്‍വിയാണ് ഇടതു മുന്നണിക്ക് ഈ തദ്ദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായത്.

മലപ്പുറം മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി ജയിക്കുന്ന വാര്‍ഡായിരുന്നു. ഇവിടെ ഇരട്ട പദവിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് വാര്‍ഡ് മെമ്പറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, മലപ്പുറത്തെ തന്നെ ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇത് കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചിരുന്ന സീറ്റായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനിലും യുഡിഎഫ് മുന്നേറ്റമാണ്.

തൃശൂര്‍ നാട്ടികയില്‍ യുഡിഎഫ് അട്ടിമറി ജയം നേടി. ഇടുക്കിയിലെ കരിമണ്ണൂര്‍ പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലും യുഡിഎഫിനാണ് വിജയം. പാലക്കാട് തച്ചമ്പാറ നാലാം വാര്‍ഡും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് ആണ് വിജയിച്ചത്. കൊല്ലം പടിഞ്ഞാറേ കല്ലട അഞ്ചാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്ത് ആറാം വാര്‍ഡും മാടായി ആറാം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട എഴുമറ്റൂര്‍ അഞ്ചാം വാര്‍ഡില്‍ ബിജെപിയാണ് ജയിച്ചത്.

ഇത് കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചിരുന്ന സീറ്റായിരുന്നു. ഇതോടെ, തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നഷ്ടമാകും. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. ഫലം നല്‍കുന്നത് കേരളത്തില്‍ ഭരണവിരുദ്ധ തരംഗമുണ്ടെന്ന് തന്നെയാണ്. ഈ സാഹചര്യത്തില്‍ സിപിഎം കടുത്ത പരിശോധനകളിലേക്ക് കടക്കും. അടുത്ത വര്‍ഷം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ളതാണ് ഈ ഫലങ്ങള്‍.

തദ്ദേശ ഫലം വിശദമായി ചുവടെ


 






 




Tags:    

Similar News