പോസ്റ്റല്‍ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം; ഒറ്റ കവറില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
പോസ്റ്റല്‍ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം;
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോസ്റ്റല്‍ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഒറ്റ കവറില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നല്‍കാമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കുന്നവര്‍ നഗരസഭകളില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന വാര്‍ഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് തന്നെ വേണം നല്‍കാന്‍. ഒരു അപേക്ഷ നല്‍കിയാല്‍ മതിയാകും. അപേക്ഷയില്‍ സമ്മതിദായകന്റെ പേരും പോസ്റ്റല്‍ മേല്‍വിലാസവും വോട്ടര്‍ പട്ടികയുടെ ക്രമനമ്പരും. ഭാഗം (വിഭാഗം) നമ്പരും കൃത്യമായും രേഖപ്പെടുത്തണം.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകള്‍ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകര്‍ക്ക് അയക്കുക. ഈ വരണാധികാരികള്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും, രേഖകളും, കവറുകളും ഒന്നിച്ചായിരിക്കും അയക്കുക. ഇതിനകം പരിശീലന കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിച്ചതും ലഭിക്കുന്നതുമായ വോട്ടര്‍മാരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ഉടന്‍ കൈമാറി തുടര്‍നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണിക്ക് മുന്‍പ് തന്നെ വരണാധികാരിക്ക് കിട്ടത്തക്കവിധമുള്ള സമയക്രമീകരണം വരുത്തി വേണം വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കേണ്ടത്.