വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡറെന്നും പത്രികയില്‍ വനിത എന്നുരേഖപ്പെടുത്തിയതും സൃഷ്ടിച്ചത് വലിയ ആശയക്കുഴപ്പം; നിയമപോരാട്ടത്തിന് ഒടുവില്‍ അമയ പ്രസാദിന് പോത്തന്‍കോട് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം; രേഖകളിലെല്ലാം സ്ത്രീ എന്ന് രേഖപ്പെടുത്തിയ അരുണിമ എം കുറുപ്പിന് എതിരെ പ്രചാരണം നടന്നെങ്കിലും സംവരണ സീറ്റില്‍ മത്സരിക്കാം

അമേയയ്ക്കും അരുണിമയ്ക്കും മത്സരിക്കാം

Update: 2025-11-22 11:44 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അമയ പ്രസാദിന്റെ (ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ന്നു. അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാം.

വനിത എന്ന് രേഖപ്പെടുത്തിയ അമയയുടെ നാമനിര്‍ദേശ പത്രികയാണ് അംഗീകരിച്ചത്. ട്രാന്‍സ് വുമണായ അമയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. അമയ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമയയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി. നേരത്തെ തന്നെ, അമേയ പോത്തന്‍കോട് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നു.

തര്‍ക്കം ഇങ്ങനെ:

താന്‍ ശാരീരികവും മാനസികവും നിയമപരവുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും വിധേയയായെന്നും 2019-ലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ഔദ്യോഗികമായി സ്ത്രീ ആയി അംഗീകരിക്കപ്പെട്ട വ്യക്തിയാണെന്നും അമയ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കയിരുന്നു. എന്നാല്‍, കേരള പഞ്ചായത്ത് രാജ് നിയമത്തിലോ ചട്ടങ്ങളിലോ ട്രാന്‍സ് വനിതകള്‍ക്ക് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന വ്യക്തമായ വ്യവസ്ഥകളില്ലാത്തതിനാല്‍ നോമിനേഷന്‍ തള്ളാന്‍ സാധ്യതയുണ്ടെന്ന് നവംബര്‍ 19-ന് ഉദ്യോഗസ്ഥര്‍ അമയയെ അറിയിച്ചു. ഇതോടെ അമേയ ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, അമയ പ്രസാദിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ അമേയയുടെ ജെന്‍ഡര്‍ 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയ കോടതി, പട്ടികയില്‍ മാറ്റം വരുത്താന്‍ സമയം ലഭിച്ചിരുന്നല്ലോ എന്നും ചോദിച്ചു.

നിയമപരമായി അംഗീകരിക്കപ്പെട്ട തന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിക്ക് വിരുദ്ധമാണ് ഈ നിലപാടെന്നും, ഇത് വിവേചനപരമാണെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അമയ വാദിച്ചു. ട്രാന്‍സ് വനിതകള്‍ക്ക് എല്ലാ നിയമപരവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ക്ക് സ്ത്രീയായി പരിഗണിക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് സ്ഥാപിച്ച ബോംബെ ഹൈക്കോടതിയുടെ മുന്‍ ഉത്തരവും ഹര്‍ജിയില്‍ ഉദ്ധരിച്ചു.


അരുണിമയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാം

അതേസമയം ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാം. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു. സൂക്ഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.

കെഎസ്യു ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയുമാണ് അരുണിമ എം കുറുപ്പ്.അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. രേഖകളിലെല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അരുണിമ പ്രതികരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴില്‍ വനിതാ സംവരണ സീറ്റാണ് വയലാര്‍ ഡിവിഷന്‍.

അരുണിമ പറയുന്നത്


'ചില ആളുകളും മാധ്യമങ്ങളും ട്രാന്‍സ്‌ജെന്റേര്‍സിന് സ്ത്രീ സംവരണ സീറ്റില്‍ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാല്‍ എന്റെ എല്ലാ രേഖകളിലും താന്‍ സ്ത്രീയാണ്. വോട്ടര്‍ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാര്‍. താന്‍ സ്ഥാനാര്‍ത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണ്. അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍ വസ്തുത വേണ്ടേ. 19 വയസ്സില്‍ സര്‍ജറി കഴിഞ്ഞതാണ്. നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നത്. ജീവിക്കാന്‍ അനുവദിക്കണം. വളരെ വലിയ പോരാട്ടത്തിലൂടെയാണ് ഇവിടെ വരെ എത്തിയത്. ഇങ്ങനെ വീണ്ടും പ്രചാരണങ്ങള്‍ വരുമ്പോള്‍ എങ്ങിനെ നേരിടണമെന്ന് അറിയില്ല,' - അരുണിമ പറഞ്ഞു.

Tags:    

Similar News