ഷാഫിയും രാഹുലും ഉഴുതിട്ട മണ്ണില്‍ പിഷാരടി മാജിക് നടക്കുമോ? തൃത്താലയില്‍ മന്ത്രി എം ബി രാജേഷോ ബല്‍റാമോ? ഒറ്റപ്പാലത്ത് പി.കെ ശശി പാരയാകുമോ? മനോരമ ന്യൂസ് -സി-വോട്ടര്‍ സര്‍വേയില്‍ പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നത്
മനോരമ ന്യൂസ് -സി-വോട്ടര്‍ സര്‍വേയില്‍ പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നത്
പാലക്കാട്: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ വിലയിരുത്തി മനോരമ ന്യൂസ്-സി-വോട്ടര്‍ നടത്തിയ മെഗാ ഇലക്ഷന്‍ സര്‍വേ പ്രകാരം പാലക്കാട് ജില്ലയില്‍ ഇടതുമുന്നണിക്ക് (എല്‍ഡിഎഫ്) വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നു. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ 8 മുതല്‍ 10 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേ ഫലം. അതേസമയം, ഏറ്റവും കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലം നിലവിലെ വിവാദങ്ങള്‍ക്കിടയിലും യുഡിഎഫ് നിലനിര്‍ത്തുമെന്നും സി-വോട്ടര്‍ പ്രവചിക്കുന്നു.
ജില്ലയില്‍ യുഡിഎഫിന് 2 മുതല്‍ 4 സീറ്റുകള്‍ വരെ ലഭിക്കാമെന്നും എന്‍ഡിഎയ്ക്ക് വിജയസാധ്യതയില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
പാലക്കാട് മണ്ഡലം: കനത്ത പോരാട്ടം, യുഡിഎഫിന് മുന്‍തൂക്കം
സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇത്തവണ കോണ്‍ഗ്രസിന്റെ രമേഷ് പിഷാരടി, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, എല്‍ഡിഎഫിലെ എന്‍.എം.ആര്‍. റസാഖ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങളെല്ലാം മറികടന്ന് യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം.
വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രണ്ട് ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. എല്‍ഡിഎഫിന് 38 ശതമാനവും യുഡിഎഫിന് 36 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയ്ക്ക് 19 ശതമാനം വോട്ട് വിഹിതവും സ്വതന്ത്രര്‍ക്കും മറ്റ് കക്ഷികള്‍ക്കും 7 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, വിജയസാധ്യത എന്‍ഡിഎയ്ക്കില്ലെന്നാണ് സി-വോട്ടര്‍ കണ്ടെത്തല്‍.
2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ 3959 വോട്ടുകള്‍ക്കാണ് എന്‍ഡിഎയിലെ ഇ. ശ്രീധരനെ തോല്‍പ്പിച്ചത്. ഷാഫി പറമ്പില്‍ എംപിയായതിനെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു.
തൃത്താലയും ഒറ്റപ്പാലവും
മന്ത്രി എം.ബി. രാജേഷ് വീണ്ടും ജനവിധി തേടുന്ന തൃത്താലയില്‍ ഇത്തവണ എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് പ്രീ-പോള്‍ സര്‍വേ ഫലം. കഴിഞ്ഞ തവണ രാജേഷ് തോല്‍പ്പിച്ച വി.ടി. ബല്‍റാമിന് ഇക്കുറി നേരിയ വിജയസാധ്യതയുണ്ടെന്ന് സി-വോട്ടര്‍ പ്രവചിക്കുന്നു. വി. ഉണ്ണിക്കൃഷ്ണനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2021ലെ തിരഞ്ഞെടുപ്പില്‍ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃത്താലയില്‍ എം.ബി. രാജേഷ് വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്.
ഇടതുകോട്ടയായി ഒറ്റപ്പാലം തുടരുമെന്നാണ് സി-വോട്ടര്‍ സര്‍വേയുടെ പ്രവചനം. 2021ല്‍ 15,152 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ അഡ്വ. കെ. പ്രേംകുമാര്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ സിപിഎം നേതാവ് പി.കെ. ശശി യുഡിഎഫ് സ്വതന്ത്രനായി രംഗപ്രവേശം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും അത് ഇടതുവോട്ടുകളില്‍ വിള്ളലുണ്ടാക്കില്ലെന്നാണ് സര്‍വേ ഫലം. സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാണ്.
ജില്ലയിലെ മൊത്തം ചിത്രം
ജില്ലാടിസ്ഥാനത്തില്‍ എല്‍.ഡി.എഫിന് തന്നെയാണ് മേല്‍ക്കൈ.
സീറ്റ് നില: ജില്ലയിലെ 12 സീറ്റുകളില്‍ 8 മുതല്‍ 10 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്ന് സര്‍വേ പറയുന്നു.
യു.ഡി.എഫ്: 2 മുതല്‍ 4 സീറ്റുകള്‍ വരെ നേടാനാണ് സാധ്യത.
എന്‍.ഡി.എ: മികച്ച വോട്ട് വിഹിതം നേടുമെങ്കിലും വിജയസാധ്യതയുള്ള സീറ്റുകളൊന്നും ബിജെപിക്ക് സര്‍വേ പ്രവചിക്കുന്നില്ല
