രണ്ട് മുന്‍ മുഖ്യമന്ത്രിമാരെയും കൈവിട്ട കര്‍ണാടക; ബംഗാളിനെ ചേര്‍ത്തുനിര്‍ത്തി മമത; ഹിന്ദി ഹൃദയഭൂമിയില്‍ എന്‍ഡിഎ; പഞ്ചാബില്‍ ആംആദ്മി; 14 സംസ്ഥാനങ്ങളിലെ ജനവിധിയുടെ പൊതുചിത്രം ഇങ്ങനെ
14 സംസ്ഥാനങ്ങളിലെ ജനവിധിയുടെ പൊതുചിത്രം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലായി 46 നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്തതില്‍ ഏറെയും ഭരണപക്ഷ പാര്‍ട്ടികള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മൂന്ന് മണ്ഡലങ്ങളിലും ജയം നേടിയപ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. അസമിലും ഹിന്ദി ഹൃദയഭൂമിയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം മുന്നേറി.
48 മണ്ഡലങ്ങളിലായിരുന്നു ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സിക്കിമ്മിലെ രണ്ട് സീറ്റില്‍ എസ്‌കെഎം എതിരില്ലാതെ ജയിച്ചതോടെയാണ് മത്സരം 46 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ വലിയ തിരിച്ചടി നേരിട്ടു.
ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദുര്‍ എന്നീ മൂന്ന് മണ്ഡലങ്ങളിലും ബിജെപി-ജെഡിഎസ് സഖ്യവും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും അവസാനവിജയം ഭരണകക്ഷിയോടൊപ്പം നിന്നു. ഇതോടെ, കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 137 ആയി ഉയര്‍ന്നു. തോല്‍വിയേക്കാളേറെ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് കളംനഷ്ടപ്പെടുന്നുവെന്നതും എല്‍ഡിഎ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ചന്നപട്ടണത്ത് കോണ്‍ഗ്രസിന്റെ സി.പി. യോഗേശ്വര്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തി. 25000 വോട്ടുകളിലധികം ഭൂരിപക്ഷത്തിനാണ് യോഗേശ്വറിന്റെ വിജയം. ഷിഗ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ യാസിര്‍ അഹമ്മദ് ഖാന്‍ പത്താനോട് ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മൈ പരാജയപ്പെട്ടു. 2008 മുതല്‍ ബസവരാജ് പ്രതിനിധീകരിച്ച മണ്ഡലമാണ് ഇപ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നത്. ഹവേരി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം ഈ സീറ്റ് ഒഴിഞ്ഞത്.
ബംഗാളിലെ ചിത്രം പരിശോധിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളിലും തൃണ്‍മൂല്‍ കോണ്‍ഗ്രസ് മുന്നേറി. 2016ലും 2021ലും ബിജെപിയോടൊപ്പം നിന്ന മദാരിഹത്ത് മണ്ഡലം ഉള്‍പ്പെടെയാണിത്. മത്സരം നടന്ന സിതായ്, മദാരിഹത്ത്, ഹരോവ, നൈഹാത്തി, മേദിനിപുര്‍, തല്‍ദാന്‍ഗ്ര എന്നീ മണ്ഡലങ്ങളില്‍ തൃണമൂല്‍ വിജയിച്ചു.
നാല് മണ്ഡലങ്ങളിലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നെണ്ണം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കി. ഒരു സീറ്റ് കോണ്‍ഗ്രസിനൊപ്പം നിന്നു. ഛത്തീസ്ഗഢിലും ഉത്തരാഖണ്ഡിലും ഓരോ സീറ്റുകളിലേക്ക് വീതം നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും ബിജെപി ജയിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്‌സഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി തന്നെ മുന്നില്‍. ഗുജറാത്തിലെ വാവ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ജയം നേടി.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും അസമിലെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യത്തിനാണ് മുന്നേറ്റം. മത്സരിച്ച മൂന്ന് സീറ്റുകളിലും ബിജെപി വിജയിച്ചു. അതേസമയം, ബാക്കിയുള്ള രണ്ട് സീറ്റുകള്‍ സഖ്യകക്ഷിയായ എജിപിയും യുപിപിഎല്ലും നേടി. അഞ്ച് സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് അസമിലെ ജനവിധി. മേഘാലയില്‍ തിരഞ്ഞെടുപ്പ് നടന്ന ഏക സീറ്റില്‍ എന്‍പിപി വിജയിച്ചു.
യു.പിയിലെ ഒമ്പത് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയിച്ചുകഴിഞ്ഞു. ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എസ്പി നേടിയപ്പോള്‍ ഒരെണ്ണം രാഷ്ട്രീയ ലോക്ദള്‍ സ്വന്തമാക്കി. രാജസ്ഥാനിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിലും ബിജെപി വിജയിച്ചു. ഒരു സീറ്റ് ഭാരത് ആദിവാസി പാര്‍ട്ടിയും നേടി. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് തിരഞ്ഞെടുപ്പുകളിലാണ് തിരഞ്ഞെടുപ്പ്. അതില്‍, ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ബിജെപിയും നേടി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ നാല് മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ സഖ്യം തൂത്തുവാരി. ഇന്ത്യ സഖ്യത്തിനൊപ്പം നിന്നിരുന്ന മൂന്ന് സീറ്റുകള്‍ എന്‍ഡിഎ പിടിച്ചെടുത്തത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.