ആ തെറ്റ് തിരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഇനി ഇരട്ട വോര്‍ട്ടര്‍മാരെ വേഗത്തില്‍ തിരിച്ചറിയാം; പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും കമ്മീഷന്‍; എപിക് നമ്പര്‍ വീണ്ടും ലിസ്റ്റില്‍; വോട്ടര്‍ പട്ടികയില്‍ സുതാര്യത ഉറപ്പാക്കി നിര്‍ണ്ണായക നീക്കം
തിരുവനന്തപുരം: തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള കരടുവോട്ടര്‍പട്ടികയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) ഒഴിവാക്കിയതു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലില്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ സവിശേഷ തിരിച്ചറിയല്‍ നമ്പറിനൊപ്പം എപിക് നമ്പര്‍ വീണ്ടും ഉള്‍പ്പെടുത്തി. എപിക് നമ്പര്‍ നല്‍കാതെ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്കു സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഇരട്ട വോട്ടുകള്‍ കണ്ടെത്താനുള്ള തടസ്സമുണ്ടാക്കുന്നതായിരുന്നു മാറ്റം. ഇത് മനസ്സിലാക്കിയാണ് തിരുത്തല്‍ വരുത്തുന്നത്.
എപിക് നമ്പറോ പേരോ ഉപയോഗിച്ചു സംസ്ഥാന, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പട്ടികയില്‍ പേരു തിരയാനുള്ള സംവിധാനവും പുനഃസ്ഥാപിച്ചത് പരാതിയ്ക്ക് പിന്നാലെയാണ്. എപിക് നമ്പര്‍ വോട്ടര്‍പട്ടികയില്‍നിന്നു നീക്കിയതും വാര്‍ഡ് അടിസ്ഥാനത്തില്‍ മാത്രം പേരു തിരയുന്നതരത്തില്‍ പോര്‍ട്ടലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വലിയ ചര്‍ച്ചയായി. ഇതു കാരണം ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളിലെ പട്ടികകളില്‍ വോട്ടര്‍മാരുടെ പേരു കണ്ടെത്താന്‍ നിയന്ത്രണങ്ങള്‍ തടസ്സമായിരുന്നു.
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ പട്ടികയില്‍ ഇരട്ടവോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറെ അറിയിക്കാമെന്നു കമ്മിഷന്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന, തദ്ദേശ സ്ഥാപനതലങ്ങളിലായി പേരും എപിക് നമ്പറും ഉപയോഗിച്ചു പട്ടികയില്‍ തിരയാനുള്ള സംവിധാനം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് അറിയിപ്പും വന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറിയവര്‍ക്കു സ്ഥാനമാറ്റം വരുത്താനും 14 വരെ അവസരമുണ്ട്. അന്തിമപട്ടിക 25നു പ്രസിദ്ധീകരിക്കും.
പോര്‍ട്ടലിലെ വോട്ടര്‍ സേര്‍ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സംസ്ഥാനം, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ 3 തലങ്ങളില്‍ പട്ടികയില്‍ പേര് തിരയാമെന്നു കമ്മിഷന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പട്ടികയിലേക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, എപിക് നമ്പര്‍ (പഴയത് അല്ലെങ്കില്‍ പുതിയത്) എന്നിവ നല്‍കി പേരു തിരയാം. കമ്മിഷന്‍ നല്‍കിയിട്ടുള്ള പഴയതോ പുതിയതോ ആയ നമ്പര്‍ ഉപയോഗിച്ചും പേരുണ്ടോയെന്നു പരിശോധിക്കാം. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേരും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും നല്‍കിയാല്‍ മാത്രമേ പരിശോധനയില്‍ പേരു കണ്ടെത്താനാകൂ.