ഡല്‍ഹിയില്‍ ആഞ്ഞു വിശീയത് ആരുടെ തരംഗം? മോദിയുടേതെന്ന് ബിജെപിയും കെജ്രിവാളിന്റേതെന്ന് ആംആദ്മിയും; എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷ വച്ച് ബിജെപി ആത്മവിശ്വാസം ഉയരങ്ങളില്‍; അധികാരത്തില്‍ തുടരുമെന്ന പ്രതീക്ഷയില്‍ ആംആദ്മി; നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആരുടെ ഭരണമെന്ന് ഒന്‍പതരയ്ക്ക് വ്യക്തമാകും; ഫലം അറിയാന്‍ മറുനാടനില്‍ വിപുല സൗകര്യങ്ങള്‍

Update: 2025-02-08 01:26 GMT

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജനവിധി എന്തൊകും? കൃത്യം എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 8.30 -ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഒരു മണിക്കൂറിനുള്ളില്‍ അതായത് ഒന്‍പതരയോടെ തന്നെ ചിത്രം തെളിയും. ആംആദ്മിയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്. ഫലം തല്‍സമയം എത്തിക്കാന്‍ മറുനാടന്‍ മലയാളിയും വിപുലമായ സംവിധാനം ഒരുക്കുന്നുണ്ട്. മറുനാടന്‍ ടിവിയിലും മറുനാടന്‍ മലയാളി വെബ്‌സൈറ്റിലും തല്‍സമയ ഫലവും വിശകലനവും ഉണ്ടാകും.

60.54 ശതമാനമാണ് പോളിങ്. തുടര്‍ഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടിയും കാല്‍നൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബി.ജെ.പി.ക്കാണ് മുന്‍തൂക്കം.70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ല്‍ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്. എക്‌സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ജനകീയ അടിത്തറയിലാണ് ആം ആദ്മിയുടെ വിശ്വാസം. കോണ്‍ഗ്രസ് നില മെച്ചപ്പെടുന്ന കണക്കു കൂട്ടലിലും. ദേശീയ രാഷ്ട്രീയ ഗതിയെ നിശ്ചയിക്കുന്നതാകും ഡല്‍ഹി ഫലം.

ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജന്‍സി പോളുകള്‍ പ്രവചിക്കുന്നു. അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. ഡല്‍ഹിയിലെ മോദി തരംഗമാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നതെന്ന് ബി.ജെ.പി. പ്രതികരിച്ചു.

Tags:    

Similar News