മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി; അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു; ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനല്ല ആ ചര്‍ച്ചകള്‍; അത് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് കരുതുന്നുമില്ല'; വിവാദങ്ങളില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി

Update: 2025-12-07 12:38 GMT

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് തന്നെയാണ്. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. സിപിഎമ്മില്‍ നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചര്‍ച്ചകള്‍. 2011 ഏപ്രില്‍ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍ കുറിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തി. സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

2011 മാര്‍ച്ച് 31ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സന്ദര്‍ശനത്തെയും ചര്‍ച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയന്‍ തന്നെ പ്രസ്താവന നടത്തിയതുമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന പിണറായിയുടെ പരാമര്‍ശത്തെ ശിഹാബ് പൂക്കോട്ടൂര്‍ പരിഹസിച്ചു. ജമാഅത്തിന് അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല. അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല -ശിഹാബ് പൂക്കോട്ടൂര്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. 'സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്' -അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ജമാഅത്ത് -സി.പി.എം ചര്‍ച്ച നടന്നതായി പിണറായി സ്ഥിരീകരിച്ചത്. സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയതായാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘടനയെ നിരോധിച്ചതില്‍ കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് 1996ല്‍ ജമാഅത്ത് സി.പി.എമ്മിനെ പിന്തുണച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ആ കൂടിക്കാഴ്ച വര്‍ഗീയവാദിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. അവര്‍ ഞങ്ങളെ കാണണം എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നുകൂടേ എന്നൊരു ആവശ്യം വന്നപ്പോള്‍, സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ച് എന്നെ അവര്‍ കണ്ടിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ആ കണ്ടതില്‍ ഒരുതരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും കൊടുക്കാന്‍ തയ്യാറായിട്ടില്ല. അവര്‍ അവരുടെ നിലപാട് വ്യക്തമാക്കാന്‍ വന്നു' -പിണറായി പറഞ്ഞു.

ശിഹാബ് പൂക്കോട്ടൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

അങ്ങനെ ചര്‍ച്ചകള്‍ നടന്നിട്ടേയില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെയും സൈബര്‍ പ്രചാരകരുടെയും വാദങ്ങള്‍ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകള്‍ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെന്ററിലല്ല ചര്‍ച്ച നടന്നത്. ചര്‍ച്ചകള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുണ്ട്. അതിലൊരു ചര്‍ച്ച ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ആയിരുന്നു. (2011 മാര്‍ച്ച് 31ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.) സന്ദര്‍ശനത്തെയും ചര്‍ച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയന്‍ തന്നെ പ്രസ്താവന നടത്തിയതുമാണ്.

സി.പി.എമ്മില്‍ നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചര്‍ച്ചകള്‍. ജമാഅത്തിന് അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല. അങ്ങിനെയൊരു സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാന്‍ അധികാരമുള്ള ഏജന്‍സിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.

ശിഹാബ് പൂക്കോട്ടൂര്‍

സെക്രട്ടറി,

ജമാഅത്തെ ഇസ്‌ലാമി കേരള.

Similar News