എകെജി സെന്ററില്‍ വച്ച് കണ്ടെന്ന മുഖ്യമന്ത്രിയുടെ പറച്ചില്‍ പച്ചക്കള്ളമോ? 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍; സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; അന്ന് ചോദിച്ചത് വോട്ടെന്നും ജമാ അത്തെ ഇസ്ലാമി; ആ കൂടിക്കാഴ്ചയില്‍ ആരു പറയുന്നതാണ് ശരി?
കോഴിക്കോട്: മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടിയെന്ന് ജമാ അത്തെ ഇസ്ലാമി. സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നും ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞ ബാക്കിയെല്ലാം കളവാണെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഈ വിവാദവും ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും.
സാമൂഹിക മാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചാണ് ശിഹാബ് പുക്കോട്ടൂരിന്റെ പ്രതികരണം. ജമാ അത്തെ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് വോട്ടിന് തന്നെയാണ്. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങള്‍ നല്‍കുകയും ചെയ്തു. സിപിഎമ്മില്‍ നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചര്‍ച്ചകള്‍. 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍ കുറിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തിയെന്നും ശിഹാബ് പുക്കോട്ടൂര്‍ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വര്‍ഗീയ വാദികളെന്ന് താന്‍ വിളിച്ചു. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാന്‍ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍. കൂടികാഴ്ച സമ്മതിച്ചെങ്കിലും അതിലെ ബാക്കി കാര്യങ്ങളെല്ലാം പൂക്കോട്ടൂര്‍ നിഷേധിച്ചു. ഇത് വിവാദത്തിന് പുതിയ തലം തുടരും. ഏതായാലും സിപിഎമ്മും ജമാ അത്തെയും കൂടുതല്‍ അകലുമെന്നതാണ് ഈ വിവാദത്തിന്റെ പ്രത്യേകത.
1992 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ച നടന്നത് 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നുവെന്നാണ് ജമാ അത്തെ ഇസ്ലാമി പറയുന്നത്.
ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും പറയുന്നു. ആ ചര്‍ച്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളാണെന്ന നിലപാടാണ് സിപിഎമ്മിനും എല്‍ഡിഎഫിനും നേരത്തെയുള്ളത്, ഇപ്പോഴുമുള്ളത്. അവരുടെ നിലപാടില്‍ ഇതേവരെ മാറ്റം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് വന്ന ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കാന്‍ നോക്കി. അവരുടെ കൂടെ സോളിഡാരിറ്റിയുടെ യുവാക്കളുമുണ്ടായിരുന്നു. ഇവര്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍, ഇവരല്ലേ ഏറ്റവും വലിയ സാമൂഹിക വിരുദ്ധരെന്ന് ചോദിച്ചു.
അവരുടെ മുഖത്തു നോക്കി പറഞ്ഞതാണ്. അവര്‍ക്കത് വലിയ ഷോക്കായി. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. ഇവരെല്ലാ നല്ല കാര്യങ്ങളേയും എതിര്‍ക്കുകയല്ലേ. നാട്ടില്‍ എന്തു നല്ല കാര്യം വന്നാലും എതിരായ നിലപാടു സ്വീകരിക്കുകയല്ലേ ചെയ്യുന്നത്. അങ്ങനെയുള്ളവരല്ലേ സാമൂഹിക വിരുദ്ധര്‍. മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ സാമൂഹിക വിരുദ്ധ നിലപാടു സ്വീകരിച്ചുകൊണ്ടാണോ മുന്നോട്ടു പോകേണ്ടത്. ഞങ്ങളൊന്നും പറയേണ്ട കാര്യങ്ങള്‍ പറയുന്നതില്‍ മടി കാട്ടുന്നവരല്ല. അന്നുമില്ല, ഇന്നുമില്ല. അതൊന്നും അതികം പറഞ്ഞു പോകാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഒരു സര്‍വ്വദേശീയ സംഘടനയാണെങ്കിലും ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ക്കുള്ളത് ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
