'പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി; അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം; കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി; ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പറേഷനില്‍ തകരാന്‍ കാരണം'; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് ഗായത്രി ബാബു; വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു; സിപിഎമ്മില്‍ അഭിപ്രായ ഭിന്നത

Update: 2025-12-13 10:04 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവവും അധികാരത്തില്‍ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്റെ വിമര്‍ശനം.

കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ആര്യാ രാജേന്ദ്രന്‍ എല്‍ഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗാത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്ര കനത്തില്‍ ആകുമായിരുന്നില്ല തിരിച്ചടി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഗായത്രി ബാബു. എന്തായാലും ജനകീയ പ്രവര്‍ത്തനത്തിലൂടെ വരും കാലം കോര്‍പ്പറേഷന്‍ പാര്‍ട്ടി തിരിച്ചുക്കുക തന്നെ ചെയ്യുമെന്ന് ഗായത്രി ബാബു പറയുന്നു.

ആര്യാ രാജേന്ദ്രന് അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛവും കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. പ്രാദേശിക നേതാക്കളുടെ സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിപരുന്നെങ്കില്‍ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്ന് ഗായത്രി പറയുന്നു.

എല്‍ഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭരണസമിതിയില്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് ആര്യാ രാജേന്ദ്രന് എതിരെ ഉയരുന്നത്.


ഗായത്രിബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേര്‍ത്ത് പിടിച്ച കോര്‍പ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷന്‍ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എല്‍ഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാള്‍ അധികം ഭരണസമിതി എല്‍ഡിഎഫിനുണ്ട്. അതായത്, പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനം സംഘടനാപരമായി മികച്ചതാണ് എന്നര്‍ഥം.

അതേസമയം, കോര്‍പറേഷനിലാകട്ടെ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാര്‍ലമന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.

പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാന്‍ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍, കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.

ജനങ്ങളെ വെറുപ്പിച്ചു, അനിവാര്യമായ തോല്‍വി

ചരിത്രത്തിലാദ്യമായാണ്  തലസ്ഥാന കോര്‍പ്പറേഷന്‍ എന്‍ഡിഎയുടെ കൈകളിലേക്ക് എത്തുന്നത്. ഏറെക്കുറെ അരനൂറ്റാണ്ടോളം തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരണം കൈയാളിയിരുന്ന എല്‍ഡിഎഫിന് തിരഞ്ഞെടുപ്പുഫലം (ചുരുങ്ങിയ സമയത്തുമാത്രമാണ് യുഡിഎഫ് ഭരിച്ചത്) കനത്ത തിരിച്ചടിയായി. നഗരസഭ കൈപ്പിടിയിലൊതുക്കാന്‍ വാര്‍ഡുകള്‍ വെട്ടിമുറിച്ചും കൂട്ടിച്ചേര്‍ത്തും വളഞ്ഞ വഴികള്‍ പലതും സംസ്ഥാനഭരണത്തിന്റെ പിന്തുണയോടെ ചെയ്തുകൂട്ടിയെങ്കിലും ജനവിധിയെ സ്വാധീനിക്കാന്‍ അതിനൊന്നും കഴിഞ്ഞില്ല. മാറാത്തത് മാറുമെന്ന എന്‍ഡിഎയുടെ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയായിരുന്നു.നിലവിലെ കോര്‍പ്പറേഷന്‍ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിന് കാരണം.

പ്രായം കുറഞ്ഞ മേയര്‍ എന്ന ലേബലില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച ആര്യാ രാജേന്ദ്രന്‍ അമ്പേ പരാജയമായിരുന്നു എന്ന് തുടക്കംമുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നെങ്കിലും മേയറെ മാറ്റാന്‍ സിപിഎം തയ്യാറായില്ല. പാര്‍ട്ടിയിലെ ഉന്നതരോടുള്ള അടുപ്പമാണ് ഇതിനുകാരണമെന്ന് സിപിഎമ്മിലെതന്നെ പലരും അന്ന് ചൂണ്ടിക്കാട്ടിയത്. ഏറ്റവും ഒടുവില്‍, കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസില്‍ തിരഞ്ഞെടുപ്പിന് താെട്ടുമുമ്പ് മേയറെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.അഞ്ചുവര്‍ഷം മേയര്‍കസേരയില്‍ ഇരുന്നെങ്കിലും ഇത്തവണ ആര്യാ രാജേന്ദ്രന്‍ ഒരിടത്തുപോലും പ്രചാരണത്തിനിറങ്ങിയില്ല. ജനങ്ങളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ പാര്‍ട്ടിതന്നെ അവരെ മാറ്റിനിറുത്തിയതെന്നായിരുന്നു അണിയറ സംസാരം.

എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു സ്ഥാനം ആര്യയ്ക്ക് ലഭിച്ചേക്കും എന്ന സൂചനയും മന്ത്രിമാര്‍ ഉള്‍പ്പടെ നല്‍കി. സംസ്ഥാന, കോര്‍പ്പറേഷന്‍ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പ് വോട്ടായി മാറുകയായിരുന്നു എന്നാണ് ഇടത് അനുകൂലികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.എടുത്തുകാണിക്കാന്‍ നേട്ടങ്ങളൊന്നുമില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. മറിച്ച് എന്‍ഡിഎയും, യുഡിഎഫും കോര്‍പ്പറേഷന്‍ ഭരണത്തിലെ അഴിമതികളും സ്വജനപക്ഷപാതവും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം നയിച്ചത്. ആറ്റുകാല്‍ പൊങ്കാലയില്‍പ്പോലും അഴിമതി നടത്തിയെന്ന പ്രചാരണം ശരിക്കും ജനങ്ങള്‍ ഉള്‍ക്കൊണ്ടു എന്നുവേണം കരുതാന്‍. അത് വോട്ടായി പെട്ടിയില്‍ വീഴുകയും ചെയ്തു.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എല്‍ഡിഎഫിനുമുകളില്‍ ഇടിത്തീയായി പതിച്ച ശബരിമലയിലെ സ്വര്‍ണക്കൊള്ളയും എന്‍ഡിഎ വിജയത്തിന് കാരണഭൂതമായി. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും ശക്തമായ പ്രചരണായുധമാക്കാന്‍ എന്‍ഡിഎയ്ക്കായി.

കടകംപള്ളിയുടെ മണ്ഡലമായ കഴക്കൂട്ടത്തെ ഏറക്കുറെ മുഴുവന്‍ വാര്‍ഡുകളും എന്‍ഡിഎ കൈക്കലാക്കി.തലസ്ഥാന കോര്‍പ്പറേഷന്‍ പിടിക്കേണ്ടത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അത്യാവശ്യമായിരുന്നു. അനുഭവ പരിജ്ഞാനമില്ലാത്ത കെട്ടിയിറക്കപ്പെട്ടവന്‍ എന്ന ദുഷ്പേര് മാറ്റാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അത് എളുപ്പത്തില്‍ നേടാനും അദ്ദേഹത്തിനായി. പാര്‍ട്ടിയുടെ അധീനതയിലുള്ള സഹകരണ ബാങ്കിന്റെ രക്ഷാധികാരിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ എന്‍ഡിഎയെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്. സീറ്റുകിട്ടാതെവന്നതിന്റെ വിഷമത്തില്‍ യുവനേതാവ് ജീവനൊടുക്കിയതും തിരിച്ചടിയാകുമെന്ന് ഭയന്നു. എന്നാല്‍ ആ പ്രശ്‌നങ്ങളെല്ലാം സുന്ദരമായി നേരിടാന്‍ രാജീവ്ചന്ദ്രശേഖറിന്റെ നേതൃത്വത്തിനായി.ഇതിനൊപ്പം ബിജെപി പ്രകനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചു എന്നുവേണം കരുതാന്‍.

Tags:    

Similar News