എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു; എല്ലായിടത്തും അപരന്മാരെയുമിറക്കി; കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു; കിഴക്കമ്പലവും ഐക്കരനാടും ഒപ്പം നിന്നു; തിരുവാണിയൂരിലെ എല്‍ഡിഎഫ് കോട്ട പിടിച്ചെടുത്തും ട്വന്റി 20യുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; 'ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്‌ക്കെടുത്തു' എന്ന് സാബു എം ജേക്കബ്ബ്
കൊച്ചി: വികസന രാഷ്ട്രീയത്തില്‍ പുതിയ മാതൃകകള്‍ തീര്‍ത്ത ട്വന്റി ട്വന്റിയെ അവരുടെ അഭിമാന പഞ്ചായത്തായ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. എന്നാല്‍, ട്വന്റി20-ക്ക് തുടക്കമിട്ട കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് മത്സരിച്ചിട്ടും പഞ്ചായത്തിലെ ജനങ്ങള്‍ ട്വന്റി20ക്കൊപ്പം പാറപോലെ ഉറച്ചുനിന്നു. 2020-ലെ പ്രദേശിക തിരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളിലാണ് ട്വന്റി20 ഭരണം പിടിച്ചെടുത്തത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നിവയാണ് ട്വന്റി20 വിജയിച്ച പഞ്ചായത്തുകള്‍. ഇതില്‍ കിഴക്കമ്പലം പഞ്ചായത്തിലെ 21 വാര്‍ഡില്‍ 20 എണ്ണം ട്വന്റി20 നിലനിര്‍ത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എന്നാല്‍, ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡിലും ട്വന്റി20-യാണ് വിജയിച്ചിരിക്കുന്നത്. അതേ സമയം ഇടത് കോട്ടയായ തിരുവാണിയൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമായി.
കുന്നത്തുനാട് പഞ്ചായത്തിലാണ് ട്വന്റി20-ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. 11 വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ട്വന്റി20-യുടെ വിജയം ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ ട്വന്റി20-യും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയുമാണ് വിജയിച്ചിരിക്കുന്നത്. ട്വന്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ട്വന്റി 20 പിന്നില്‍ പോയി. യുഡിഎഫും എല്‍ഡിഎഫും അഞ്ചു ഡിവിഷനില്‍ വീതം ജയിച്ചപ്പോള്‍ ട്വന്റി20യുടെ ജയം നാലിടത്തായി ചുരുങ്ങി.
എല്‍ഡിഎഫ് കോട്ടയായിരുന്ന തിരുവാണിയൂര്‍ പഞ്ചായത്ത് 9 വാര്‍ഡുകളില്‍ ജയിച്ചാണ് ട്വന്റിട്വന്റി ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് നാല് സീറ്റുകളിലേക്ക് ചുരുങ്ങി. യുഡിഎഫും നാല് സീറ്റില്‍ ഒതുങ്ങി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കൈയിലിരുന്ന രണ്ട് പഞ്ചായത്തുകള്‍ പോയെങ്കിലും ഇടത് കോട്ടയായ തിരുവാണിയൂര്‍ പഞ്ചായത്ത് പിടിച്ചെടുത്തത് ട്വന്റി20ക്ക് രാഷ്ട്രീയ മേല്‍ക്കൈ അവകാശപ്പെടാനാകും.
കുന്നത്തുനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ട്വന്റി 20ക്കെതിരെ ഒന്നിച്ചെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ്. ട്വന്റി20 സ്ഥാനാര്‍ഥികള്‍ക്കെതിരെ എല്ലായിടത്തും അപരന്മാരെ നിര്‍ത്തി. രണ്ട് പഞ്ചായത്തുകള്‍ നഷ്ടമാകാന്‍ കാരണം ഈ മുന്നണിയാണ്. പുതുതായി മത്സരിച്ച സ്ഥലങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ജനവിധി സന്തോഷത്തോടെ ഏറ്റെടുക്കുന്നു. നാട്ടില്‍ വികസനം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. മദ്യവും പണവും ഒഴുക്കിയാണ് രണ്ട് പഞ്ചായത്തുകള്‍ ഐക്യ മുന്നണി പിടിച്ചത്. മദ്യവും പണവും കൊടുത്താല്‍ എവിടെയും ജയിക്കാന്‍ കഴിയുമെന്ന സ്ഥിതിയാണ്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്‌ക്കെടുത്തെന്നും സാബു എം ജേക്കബ് പറഞ്ഞു.
കുന്നത്തുനാട്ടില്‍ പ്രചാരണ സമയത്ത് പലപ്പോഴും സംഘര്‍ഷമുണ്ടായി. ട്വന്റി20ക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പോലും മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സാബു എം ജേക്കബ് വോട്ടെടുപ്പ് ദിനത്തില്‍ ആരോപിച്ചിരുന്നു. സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരെത്തി മാധ്യമ പ്രവര്‍ത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുത്തിരുന്നു.
