'അച്ഛന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത പോരാളി; ആ മെഡലുകള്‍ ഇന്നും വീട്ടിലുണ്ട്! പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം; ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം'; പരിഹാസ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് ജി. വാര്യര്‍
തിരുവനന്തപുരം: തന്റെ പിതാവ് ഗോവിന്ദ വാര്യരുടെ സൈനിക സേവനത്തെയും ഔദ്യോഗിക ജീവിതത്തെയും പരിഹസിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായി സന്ദീപ് ജി. വാര്യര്‍. പിതാവ് രാജ്യത്തിനായി അനുഷ്ഠിച്ച സേവനങ്ങളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ സിഗ്നല്‍ കോറില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പിതാവ് 1962, 1965, 1971 എന്നീ മൂന്ന് നിര്‍ണ്ണായക യുദ്ധങ്ങളില്‍ പങ്കെടുത്ത പോരാളിയാണെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് അദ്ദേഹം നേരിട്ട് ധാക്കയില്‍ ഉണ്ടായിരുന്നുവെന്നും, അക്കാലത്ത് ലഭിച്ച വാര്‍ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഇന്നും കുടുംബം അഭിമാനത്തോടെ സൂക്ഷിക്കുന്നുണ്ടെന്നും സന്ദീപ് ഓര്‍മ്മിപ്പിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ ലാഭത്തിനായി വ്യക്തിഹത്യ നടത്തുന്നവര്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.
പതിനഞ്ച് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ രണ്ട് വര്‍ഷത്തോളം ഗോവിന്ദ വാര്യര്‍ ജോലി ചെയ്തിരുന്നു. അതിനുശേഷമാണ് അദ്ദേഹം ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററായി നിയമിതനായത്. റെയില്‍വേയിലെ തന്റെ ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ ഒരു അപകടം പോലും വരുത്താതെ കൃത്യനിഷ്ഠയോടെ ജോലി ചെയ്തതിന് റെയില്‍വേയുടെ പ്രത്യേക അംഗീകാരത്തിന് അദ്ദേഹം അര്‍ഹനായിരുന്നുവെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
'പാര്‍ട്ടിയുടെ ശുപാര്‍ശ കത്തുമായി പിന്‍വാതില്‍ നിയമനം നേടി ശീലമുള്ളവര്‍ക്ക് മെറിറ്റില്‍ ജോലി ലഭിക്കുന്നത് അത്ഭുതമായിരിക്കാം. എന്റെ അച്ഛന്റെ കരിയറിലെ ഓരോ നേട്ടവും അദ്ദേഹത്തിന്റെ കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ലഭിച്ചതാണ്.' - സന്ദീപ് വാര്യര്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ഒരു പരിപാടിക്കിടെ തന്റെ പിതാവ് അവിടെ സ്റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്തിരുന്ന കാര്യം സന്ദീപ് വാര്യര്‍ അനുസ്മരിച്ചിരുന്നു. ഈ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി പ്രചരിപ്പിച്ചതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന ഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ നുണപ്രചാരണങ്ങള്‍ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പിതാവിനെതിരെയുള്ള ഇത്തരം തരംതാണ നീക്കങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പൊന്നു സഖാക്കളെ, ഗോവിന്ദ വാര്യര്‍ എന്ന എന്റെ അച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യന്‍ റെയില്‍വെയിലും ജോലി ചെയ്തിട്ടുണ്ട്. 1962, 1965, 1971 മൂന്ന് യുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി സിഗ്‌നല്‍ കോറില്‍ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോള്‍ ധാക്കയില്‍ അദ്ദേഹം ഉണ്ടായിരുന്നു. വാര്‍ മെഡലും യുദ്ധപോരാളികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
പതിനഞ്ച് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വര്‍ഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ജോലി ലഭിച്ചു. സര്‍വീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു.
പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരില്‍ തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ നിങ്ങള്‍ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ.
