ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രം എത്തിച്ച ആദ്യ ഉപ തിരഞ്ഞെടുപ്പ്; എംഎല്‍എ അല്ലാതെ മന്ത്രിയായ ആര്യാടന് വേണ്ടി 1980ല്‍ സിറ്റിംഗ് എംഎല്‍എ രാജിവച്ചപ്പോള്‍ വോട്ടെടുപ്പ്; പിണറായിസത്തിനെതിരെ യുദ്ധ പ്രഖ്യാപിച്ച അന്‍വറിസം 2025ല്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തിച്ചു; നിലമ്പൂരിലെ 'പുതിയ സുല്‍ത്താനെ' കണ്ടെത്താന്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ്
മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച ഒഴിവുനികത്താന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചതോടെനിലമ്പൂരില്‍ കളമൊരുങ്ങുന്നത് മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിന്. കെ.കുഞ്ഞാലി, ആര്യാടന്‍ മുഹമ്മദ്, എം.പി.ഗംഗാധരന്‍, ടി.കെ.ഹംസ തുടങ്ങി തലയെടുപ്പുള്ള നേതാക്കളെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയച്ച ചരിത്രം നിലമ്പൂരിനുണ്ട്. ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രവും നിലമ്പൂരിനുണ്ട്. 1969ല്‍ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്.
മലപ്പുറം ജില്ല നിലവില്‍ വരുന്നതിനു മുന്‍പേയുള്ള മണ്ഡലമാണ് നിലമ്പൂര്‍. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ചാണു നിലമ്പൂര്‍ രൂപീകരിച്ചത്. കെ.കുഞ്ഞാലിയാണ് ആദ്യ എംഎല്‍എ. 1967ല്‍ കുഞ്ഞാലി വിജയം ആവര്‍ത്തിച്ചു. രണ്ടുതവണയും തോല്‍പിച്ചത് ആര്യാടന്‍ മുഹമ്മദിനെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1970ല്‍ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്. അന്ന് സഹതാപ തരംഗം സിപിഎമ്മിനെ തുണച്ചില്ല. കോണ്‍ഗ്രസിന്റെ എം.പി.ഗംഗാധരന്‍ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോല്‍പിച്ച് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ കന്നിവിജയം നേടി.
1977ല്‍ ആണ് ആര്യാടന്‍ ആദ്യമായി നിലമ്പൂരില്‍ ജയിച്ചത്. 1980ല്‍ ആയിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സി.ഹരിദാസ് ആര്യാടന്‍ മുഹമ്മദിനുവേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു. 1980ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (യു) നേതാവായിരുന്ന സി.ഹരിദാസ് തോല്‍പിച്ചത് അന്നു കോണ്‍ഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഎം നേതാവ് ടി.കെ.ഹംസയെയാണ്. കുഞ്ഞാലി വധക്കേസിന്റെ സൂത്രധാരനായി സിപിഎം ആരോപിച്ച ആര്യാടന്‍ മുഹമ്മദ് ഇടതുപക്ഷത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) ടിക്കറ്റിലാണ് 80ലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസ് (ഐ)യിലെ എം.ആര്‍.ചന്ദ്രനെ തോല്‍പിച്ചത്.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും കെ.ഹംസ ഇടതുപക്ഷ സ്വതന്ത്രനായും ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ഗോദയിലിറങ്ങി. കടുത്ത പോരാട്ടത്തില്‍ ടി.കെ.ഹംസ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. 1987ല്‍ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ അദ്ദേഹം വിജയം തുടര്‍ന്നു. 2016ല്‍ മത്സരരംഗത്തുനിന്നു മാറി മകന്‍ ഷൗക്കത്തിനെ രംഗത്തിറക്കി. ഇടതു സ്വതന്ത്രനായെത്തിയ അന്‍വറിനു മുന്നില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ന്നു.
മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പുകള്‍
1970 നിലമ്പൂര്‍
സിപിഎം എംഎല്‍എ കെ.കുഞ്ഞാലി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം.പി.ഗംഗാധരന്‍ ജയിച്ചു
1980 നിലമ്പൂര്‍
കോണ്‍ഗ്രസ് (യു) എംഎല്‍എ സി.ഹരിദാസ് രാജിവച്ച ഒഴിവില്‍ അതേ പാര്‍ട്ടിയിലെ ആര്യാടന്‍ മുഹമ്മദ് ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മന്ത്രിയായ ആര്യാടനു നിയമസഭയിലെത്താന്‍ വേണ്ടിയാണ് ഹരിദാസ് രാജിവച്ചത്.
1984 മഞ്ചേരി
സി.എച്ച്.മുഹമ്മദ് കോയയുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിലെ എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍ ജയിച്ചു
1992 താനൂര്‍
പി.സീതിഹാജിയുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിലെ കുട്ടി അഹമ്മദ് കുട്ടി ജയിച്ചു
1995 തിരൂരങ്ങാടി
ഐഎന്‍എല്ലില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ലീഗിലെ യു.എ.ബീരാന്‍ രാജിവച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.കെ.ആന്റണി ജയിച്ചു
2017 വേങ്ങര
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിലെ കെ.എന്‍.എ.ഖാദര്‍ ജയിച്ചു.